മോസ്‌കോ: റഷ്യയുടെ പ്രധാന സാമ്പത്തിക സമ്മേളനമായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് അന്താരാഷ്ട്ര സാമ്പത്തിക ഫോറം പുരോഗമിക്കുന്നതിനിടെ ലെനിന്‍ഗ്രാഡ് മേഖലയില്‍ 25 ഡ്രോണുകള്‍ വ്യോമപ്രതിരോധ സേന തകര്‍ത്തതായി റഷ്യന്‍ അധികൃതര്‍ അറിയിച്ചു.
റഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിന് സമീപമാണ് ഡ്രോണ്‍ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തത്. മേഖലയില്‍ വ്യോമപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് ലെനിന്‍ഗ്രാഡ് ഗവര്‍ണര്‍ അലക്‌സാണ്ടര്‍ ദ്രോസ്‌ദെങ്കോ അറിയിച്ചു.
ലെനിന്‍ഗ്രാഡ് മേഖലയ്ക്ക് മുകളിലൂടെ പറന്ന 25 ആളില്ലാ വിമാനങ്ങള്‍ വെടിവെച്ച് വീഴ്ത്തിയതായും സൈനിക നടപടികള്‍ തുടരുകയാണെന്നും ദ്രോസ്‌ദെങ്കോ ടെലഗ്രാമിലൂടെ അറിയിച്ചു.
ഡ്രോണുകള്‍ തകര്‍ത്ത സംഭവങ്ങളുമായി ബന്ധപ്പെട്ട് ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി അധികൃതര്‍ ഉടന്‍ സ്ഥിരീകരിച്ചിട്ടില്ല.
റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അഞ്ചാം വര്‍ഷത്തിലേക്ക് കടന്നിരിക്കെ ഇരുപക്ഷവും സമീപ മാസങ്ങളില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന നയതന്ത്ര ശ്രമങ്ങള്‍ക്ക് കാര്യമായ പുരോഗതി കൈവരിക്കാനാകാത്ത സാഹചര്യത്തിലാണ് ആക്രമണങ്ങള്‍ വര്‍ധിക്കുന്നത്.
അതേസമയം, തലസ്ഥാനമായ മോസ്‌കോയ്ക്ക് സമീപവും ഡ്രോണ്‍ ഭീഷണി ഉണ്ടായതായി റഷ്യന്‍ അധികൃതര്‍ അറിയിച്ചു. നഗരത്തിലേക്ക് നീങ്ങിയ ഒന്‍പത് യുക്രെയ്ന്‍ ഡ്രോണുകള്‍ വ്യോമപ്രതിരോധ സേന തടഞ്ഞതായി മോസ്‌കോ മേയര്‍ സെര്‍ഗെയ് സോബ്യാനിന്‍ വ്യക്തമാക്കി. ഈ സംഭവങ്ങളിലും ആളപായമോ നാശനഷ്ടങ്ങളോ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
രാഷ്ട്രീയ- വ്യവസായ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് അന്താരാഷ്ട്ര സാമ്പത്തിക ഫോറം ശനിയാഴ്ച സമാപിക്കാനിരിക്കെയാണ് ഡ്രോണ്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഫോറത്തിന്റെ ഉദ്ഘാടന ദിനമായ ബുധനാഴ്ച സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ എണ്ണ സമുച്ചയത്തിനും സൈനിക താവളത്തിനും നേരെ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
വെള്ളിയാഴ്ച ഫോറത്തെ അഭിസംബോധന ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ പ്രസംഗിച്ചതിന് പിന്നാലെയാണ് പുതിയ ഡ്രോണ്‍ ഇടപെടലുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
