കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പൊലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ് ടി എഫ്) നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ സന്ദേശ്ഖാലിയില്‍ നടത്തിയ പരിശോധനയില്‍ കുളത്തില്‍ ഒളിപ്പിച്ച നിലയില്‍ വന്‍ ആയുധശേഖരം കണ്ടെത്തി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് റോബിന്‍ ദാസുമായി ബന്ധപ്പെട്ട കുളത്തില്‍ നിന്നാണ് ആയുധങ്ങള്‍ പിടിച്ചെടുത്തതെന്നാണ് അധികൃതര്‍ അറിയിച്ചത്.
റോബിന്‍ ദാസിന്റെയും സഹോദരന്‍ ഗോപാലിന്റെയും വസതികള്‍, സമീപ പ്രദേശങ്ങള്‍, അടുത്തുള്ള കുളം എന്നിവിടങ്ങളില്‍ എസ് ടി എഫ് നടത്തിയ റെയ്ഡിലാണ് 17 തോക്കുകളും 39 റൗണ്ട് വെടിയുണ്ടകളും കണ്ടെത്തിയത്.
സസ്പെന്‍ഡ് ചെയ്യപ്പെട്ട ടി എം സി നേതാവും പ്രാദേശിക ശക്തികേന്ദ്രവുമായ ഷെയ്ഖ് ഷാജഹാന്റെ അടുത്ത അനുയായികളായ ലുത്ഫര്‍ മൊല്ല, ഖോകോന്‍ മൊല്ല, റംസാന്‍ അലി മൊല്ല എന്നിവര്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ആയുധശേഖരത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്നും തുടര്‍ന്ന് എസ് ടി എഫ് റെയ്ഡ് നടത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അക്രമ രാഷ്ട്രീയത്തിന്റെ ഈ സംസ്‌കാരം നിരവധി പ്രതിപക്ഷ പ്രവര്‍ത്തകരുടെ ജീവന്‍ അപഹരിച്ചതായും ഇരുണ്ട കാലഘട്ടം അവസാനിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ എസ് ടി എഫ് ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. എന്നാല്‍, കേസുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഭൂമി കൈയേറ്റം, സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യല്‍ തുടങ്ങിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ടി എം സി നേതാവായ ഷെയ്ഖ് ഷാജഹാനെ 2024-ല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്തിരുന്നു.
