ഡൽഹി ഇളക്കിമറിച്ച് 'പാറ്റ' പട; ജന്തർ മന്തറിൽ പ്രതിഷേധം തുടങ്ങി

ഡൽഹി ഇളക്കിമറിച്ച് 'പാറ്റ' പട; ജന്തർ മന്തറിൽ പ്രതിഷേധം തുടങ്ങി


ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഇളക്കിമറിച്ച് പാറ്റ പട. നീറ്റ്, സി.ബി.എസ്.ഇ പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന ആദ്യത്തെ വൻ പ്രക്ഷോഭം ഡൽഹി ജന്തർ മന്തറിൽ ആരംഭിച്ചു. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഒരു കൊച്ചു തമാശ, ഇന്ന് രാജ്യത്തെ വിദ്യാർഥികളുടെയും യുവാക്കളുടെയും വലിയൊരു വിപ്ലവമായി മാറിയിട്ടുണ്ട്. 

പ്രതിഷേധത്തിന് നേതൃത്വം നൽകാനായി സി.ജെ.പി സ്ഥാപകൻ അഭിജിത്ത് ദീപ്കെ അമേരിക്കയിൽ നിന്നും ഇന്ന് രാവിലെ എട്ട് മണിയോടെ ഡൽഹിയിൽ വിമാനത്താവളത്തിൽ എത്തി. വിമാനത്താവളത്തിൽ ജനക്കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കാൻ അനുയായികളോട് വിമാനത്താവളത്തിലേക്ക് വരരുതെന്ന് അദ്ദേഹം മുൻകൂട്ടി അഭ്യർത്ഥിച്ചിരുന്നു. എങ്കിലും വലിയ സുരക്ഷാ മുന്നൊരുക്കങ്ങളാണ് ഡൽഹി പൊലീസ് വിമാനത്താവളത്തിലും ജന്തർ മന്തറിലും ഒരുക്കിയിരിക്കുന്നത്. അഭിജിത്ത് ദീപ്കെയുടെ ആഹ്വാന പ്രകാരം പാർലമെന്റ് സ്ട്രീറ്റിലേക്ക് എത്തിയ ജെൻസി കൂട്ടം ഇപ്പോൾ ജന്തർ മന്തറിലേക്ക് നീങ്ങിയിട്ടുണ്ട്. പ്രതിഷേധ സമ്മേളനം ഉടൻ ആരംഭിക്കും. 

രാഷ്ട്രീയ ഭേദമന്യേ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാവുന്ന ഈ സമരത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ചലച്ചിത്ര താരം പ്രകാശ് രാജ്, പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് എന്നിവർ സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ എസ്.എഫ്.ഐയും സമരത്തിൽ നേരിട്ട് പങ്കുചേരുമെന്ന് അറിയിച്ചിട്ടുണ്ട്. "പൂക്കളും പുസ്തകങ്ങളുമായി വരൂ" എന്ന് ആഹ്വാനം ചെയ്‌ത് സമാധനപരമായാണ് സിജെപിയുടെ പ്രതിഷേധം. 

കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധം മുന്നില്‍കണ്ട് ഡൽഹിയിലുടനീളം സുരക്ഷ ശക്തമാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ഡൽഹിയിലേക്കുള്ള അതിർത്തി കവാടങ്ങൾ, മറ്റ് പ്രധാന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ 2000ലധികം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും ക്രമസമാധാനം നിലനിർത്താനുമാണ് സുരക്ഷാ നടപടികൾ കർശനമാക്കിയത്.