ഹോളിവുഡ് താരം ജെയിംസ് ഹാന്‍ഡി കുത്തേറ്റു മരിച്ചു; കാമുകിയുടെ മകന്‍ അറസ്റ്റില്‍

ഹോളിവുഡ് താരം ജെയിംസ് ഹാന്‍ഡി കുത്തേറ്റു മരിച്ചു; കാമുകിയുടെ മകന്‍ അറസ്റ്റില്‍


കാലിഫോര്‍ണിയ: ഹോളിവുഡ് നടന്‍ ജെയിംസ് ഹാന്‍ഡി (81) ലോസ് ആഞ്ചലസിലെ താര്‍സാനയിലുള്ള വസതിയില്‍ കുത്തേറ്റു മരിച്ചു. 'ടോപ്പ് ഗണ്‍: മാവെറിക്', 'ജുമാന്‍ജി', 'ദി റോക്കറ്റീര്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് അദ്ദേഹം.

ബുധനാഴ്ചയായിരുന്നു സംഭവം. ജെയിംസ് ഹാന്‍ഡിയുടെ കാമുകിയുടെ മകനായ മൈക്കല്‍ ഗ്ലെഡ്ഹില്‍ (44) ആണ് പ്രതിയെന്ന് ലോസ് ആഞ്ചലസ് പൊലീസ് അറിയിച്ചു. നെഞ്ചില്‍ ഗുരുതരമായി കുത്തേറ്റ ഹാന്‍ഡിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊലപാതകത്തിന് ശേഷം പ്രതി തന്നെയാണ് പൊലീസിനെ വിവരമറിയിച്ചതും കീഴടങ്ങിയതും. പ്രതിയെ നിലവില്‍ മാനസികാരോഗ്യ വിലയിരുത്തലിനായി മാറ്റിയിരിക്കുകയാണ്. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും പൊതുജനങ്ങള്‍ക്ക് മറ്റ് സുരക്ഷാ ഭീഷണികളില്ലെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.