ഐഎഎസ് ഉദ്യോഗസ്ഥരായ എൻ. പ്രശാന്തിന്റെയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

ഐഎഎസ് ഉദ്യോഗസ്ഥരായ എൻ. പ്രശാന്തിന്റെയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു


തിരുവനന്തപുരം: സസ്‌പെൻഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി. അശോകിനെയും എൻ. പ്രശാന്തിനെയും സർവീസിലേക്ക് തിരിച്ചെടുക്കാൻ സർക്കാർ തീരുമാനിച്ചു. സസ്‌പെൻഷൻ പിൻവലിക്കുന്ന ഫയലിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഒപ്പുവച്ചു. എൻ. പ്രശാന്ത് ഏകദേശം രണ്ട് വർഷവും ബി. അശോക് ഒന്നരവർഷത്തോളവുമായി സസ്‌പെൻഷനിലായിരുന്നു.

സർക്കാരിനെയും ചീഫ് സെക്രട്ടറിയെയും വിമർശിച്ചതിന്റെ പേരിൽ സ്വീകരിച്ച നടപടി അനാവശ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ കടുത്ത ക്ഷാമം നിലനിൽക്കുന്ന സാഹചര്യത്തിൽ രണ്ട് ഉദ്യോഗസ്ഥരെ ദീർഘകാലം സർവീസിന് പുറത്തുനിർത്തുന്നത് ഉചിതമല്ലെന്നും സർക്കാർ വിലയിരുത്തി.

ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ചതിനെ തുടർന്നാണ് എൻ. പ്രശാന്തിനെ സസ്‌പെൻഡ് ചെയ്തത്. മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും മുൻ സർക്കാരിന്റെ പ്രവർത്തനങ്ങളെയും വിമർശിച്ച് മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതിനെ തുടർന്നാണ് ബി. അശോകിനെതിരെ നടപടി സ്വീകരിച്ചത്. അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിക്കുകയും സർക്കാരിന്റെ പ്രതിഛായയ്ക്ക് മങ്ങലേൽപ്പിക്കുകയും ചെയ്തുവെന്നായിരുന്നു അദ്ദേഹത്തിനെതിരായ പ്രധാന ആരോപണങ്ങൾ.

സസ്‌പെൻഷൻ പിൻവലിച്ചതോടെ ഇരുവരും വീണ്ടും ഭരണസേവന രംഗത്തേക്ക് തിരിച്ചെത്തും.