ഹെബ്രോൺ: അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സൈന്യം കാറിന് നേരെ നടത്തിയ വെടിവയ്പിൽ ഏഴുമാസം പ്രായമുള്ള പലസ്തീൻ കുഞ്ഞ് കൊല്ലപ്പെട്ടു. കുഞ്ഞിന്റെ മാതാപിതാക്കൾക്ക് പരിക്കേറ്റതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സാം ഫഹദ് അബു ഹൈക്കൽ എന്ന കുഞ്ഞ് മാതാപിതാക്കൾക്കൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഹെബ്രോൺ നഗരത്തിന് സമീപം സംഭവം നടന്നത്. ഇസ്രയേൽ സൈനികർ വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പലസ്തീൻ അധികൃതരുടെ ആരോപണം. വെടിയുണ്ട കുഞ്ഞിന്റെ ദേഹത്ത് തറച്ചുകയറി മരണത്തിന് ഇടയാക്കിയതായി കുടുംബാംഗങ്ങൾ പറഞ്ഞു.
സംഭവത്തിൽ കടുത്ത ദുഃഖം രേഖപ്പെടുത്തിയ കുഞ്ഞിന്റെ മുത്തശ്ശി ഫിർയാൽ അബു ഹൈക്കൽ, സ്വന്തം വീട്ടിൽ തുടരാൻ തീരുമാനിച്ചതിന്റെ പേരിലാണ് തങ്ങൾ ആക്രമിക്കപ്പെടുന്നതെന്ന് ആരോപിച്ചു. സംഭവം വിശ്വസിക്കാനാകാത്തതും അംഗീകരിക്കാനാകാത്തതുമാണെന്നും അവർ പ്രതികരിച്ചു.
അതേസമയം, വാഹനം സൈനികരുടെ ദിശയിലേക്ക് വേഗത്തിൽ നീങ്ങുന്നതായി തോന്നിയതിനാലാണ് ഒരുസൈനികൻ ഒറ്റവെടിയുതിർത്തെന്നാണ് ഇസ്രയേൽ പ്രതിരോധ സേന (IDF) വിശദീകരിച്ചത്. പരിക്കേറ്റവർ ആക്രമണവുമായി ബന്ധമില്ലാത്ത സാധാരണ പൗരന്മാരാണെന്നും സംഭവം പരിശോധിച്ചുവരികയാണെന്നും ഐഡിഎഫ് അറിയിച്ചു.
വെസ്റ്റ് ബാങ്കിൽ സമാന സംഭവങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാർച്ചിൽ റമദാൻ നോമ്പുതുറയ്ക്ക് ശേഷം വാഹനയാത്ര നടത്തിയിരുന്ന ഒരു പലസ്തീൻ കുടുംബത്തിലെ നാലുപേർ, അതിൽ അഞ്ചും ഏഴും വയസ്സുള്ള രണ്ട് കുട്ടികളും ഉൾപ്പെടെ, ഇസ്രയേൽ സൈന്യത്തിന്റെ വെടിവയ്പിൽ കൊല്ലപ്പെട്ടതായി പലസ്തീൻ അധികൃതർ ആരോപിച്ചിരുന്നു. പുതിയ സംഭവം മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സൈന്യത്തിന്റെ വെടിവയ്പ്; ഏഴുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു
