അമേരിക്ക വെടിനിർത്തൽ ലംഘിച്ചുവെന്ന് ഇറാൻ; സംഘർഷം രൂക്ഷമായാൽ ഉത്തരവാദിത്വം വാഷിങ്ടണിനെന്ന് മുന്നറിയിപ്പ്

അമേരിക്ക വെടിനിർത്തൽ ലംഘിച്ചുവെന്ന് ഇറാൻ; സംഘർഷം രൂക്ഷമായാൽ ഉത്തരവാദിത്വം വാഷിങ്ടണിനെന്ന് മുന്നറിയിപ്പ്


ടെഹ്രാൻ: സിറിക് മേഖലയിലെയും ഖെഷം ദ്വീപിലെയും റഡാർ, തീരനിരീക്ഷണ കേന്ദ്രങ്ങൾ അമേരിക്കൻ സൈന്യം ആക്രമിച്ചതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി ഇറാൻ. നടപടി വെടിനിർത്തൽ കരാറിന്റെ വ്യക്തമായ ലംഘനവും ഇറാന്റെ പരമാധികാരത്തിനെതിരായ സൈനിക ആക്രമണവുമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.

അമേരിക്കയുടെ തുടർച്ചയായ നടപടികൾ സംഘർഷം കുറയ്ക്കാനോ മേഖലയിലെ സ്ഥിരത പുനഃസ്ഥാപിക്കാനോ താൽപര്യമില്ലെന്നതിന്റെ തെളിവാണെന്നും ഇറാൻ ആരോപിച്ചു. ഇത്തരം നീക്കങ്ങൾ മേഖലയുടെ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്നും ഭാവിയിൽ സംഘർഷം കൂടുതൽ രൂക്ഷമായാൽ അതിന്റെ മുഴുവൻ ഉത്തരവാദിത്വവും അമേരിക്കൻ സർക്കാരിനായിരിക്കുമെന്നും ടെഹ്രാൻ മുന്നറിയിപ്പ് നൽകി.

അമേരിക്കൻ ആക്രമണത്തിന് തിരിച്ചടിയായി ശനിയാഴ്ച പുലർച്ചെ കുവൈത്തിലും ബഹറൈനിലുമുള്ള അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) അവകാശപ്പെട്ടു. സിറിക്, ഖെഷം ദ്വീപുകൾക്കെതിരായ ആക്രമണത്തിന് മറുപടിയായാണ് വ്യോമസേനാ മിസൈലുകൾ ഉപയോഗിച്ചതെന്ന് ഐആർജിസി പ്രസ്താവനയിൽ അറിയിച്ചു.

സംഭവത്തെ തുടർന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിന്റെയും സുരക്ഷാ കൗൺസിലിന്റെയും അടിയന്തര ഇടപെടൽ ഇറാൻ ആവശ്യപ്പെട്ടു. വെടിനിർത്തൽ കരാറിന്റെ ലംഘനവും അമേരിക്കയുടെ നിയമവിരുദ്ധ നടപടികളും അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഏപ്രിൽ 8 മുതൽ ഔദ്യോഗിക വെടിനിർത്തൽ നിലവിലുണ്ടായിരിക്കെയാണ് പുതിയ സംഘർഷം ഉയർന്നത്. ഫെബ്രുവരി 8ന് ടെഹ്രാനിൽ അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനെയി ഉൾപ്പെടെ നിരവധി ഉന്നത നേതാക്കൾ കൊല്ലപ്പെട്ടതോടെയാണ് യുദ്ധത്തിന് തുടക്കമായത്. പുതിയ സംഭവവികാസങ്ങൾ പശ്ചിമേഷ്യയിൽ വീണ്ടും അനിശ്ചിതത്വം വർധിപ്പിച്ചിരിക്കുകയാണ്.