ദേശീയ പുരസ്‌കാര ജേതാവ് നടൻ സലിംകുമാർ അന്തരിച്ചു

ദേശീയ പുരസ്‌കാര ജേതാവ് നടൻ സലിംകുമാർ അന്തരിച്ചു


കൊച്ചി:  മലയാള സിനിമയിലെ പ്രമുഖ നടനും ദേശീയ പുരസ്‌കാര ജേതാവുമായ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹാസ്യനടനായി സിനിമയിലെത്തിയ സലിംകുമാർ പിന്നീട് അഭിനയ മികവിലൂടെ ഗൗരവമേറിയ കഥാപാത്രങ്ങളിലേക്കും ശ്രദ്ധേയമായ പ്രകടനങ്ങളിലേക്കും വളർന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലെ അഭിനയത്തിന് 2010ൽ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടി. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ 2005ൽ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരവും അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ 2013ൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. കറുത്ത ജൂതൻ എന്ന ചിത്രത്തിന്റെ കഥയ്ക്ക് 2016ലെ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.

1969 ഒക്ടോബർ 10ന് എറണാകുളം ചിറ്റാറ്റുകരയിൽ ഗംഗാധരന്റെയും കൗസല്യയുടെയും മകനായാണ് സലിംകുമാർ ജനിച്ചത്. മാല്യങ്കര എസ്.എൻ.എം കോളജിലും പിന്നീട് മഹാരാജാസ് കോളജിലുമായി പഠനം പൂർത്തിയാക്കിയ അദ്ദേഹം മിമിക്രി വേദികളിലൂടെയാണ് കലാരംഗത്തേക്ക് എത്തിയത്. എം.ജി സർവകലാശാല കലോത്സവത്തിൽ തുടർച്ചയായി മൂന്ന് തവണ ഒന്നാം സ്ഥാനം നേടിയ അദ്ദേഹം കൊച്ചിൻ കലാഭവൻ ഉൾപ്പെടെയുള്ള ട്രൂപ്പുകളിലൂടെ ശ്രദ്ധേയനായി.

1996 സെ്ര്രപംബർ 14ന് സുനിതയെ ജീവിതസഖിയാക്കിയ സലിംകുമാറിന് വിവാഹത്തിന്റെ പിറ്റേന്നാണ് സിനിമയിലേക്കുള്ള ആദ്യ അവസരം ലഭിച്ചത്. ഇഷ്ടമാണ് നൂറുവട്ടം ആയിരുന്നു ആദ്യ ചിത്രം. തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ വലിയ വഴിത്തിരിവുണ്ടായത്. തുടർന്ന് കല്യാണരാമൻ, സി.ഐ.ഡി മൂസ, മായാവി, മീശ മാധവൻ, തിളക്കം, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു, ചെസ് തുടങ്ങി നൂറുകണക്കിന് ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു.

നടനെന്നതിലുപരി സംവിധായകനായും കഥാകൃത്തായും വ്യക്തിമുദ്ര പതിപ്പിച്ച സലിംകുമാർ കംപാർട്ട്‌മെന്റ്, കറുത്ത ജൂതൻ, ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ സുനിതയും മക്കളായ ചന്തുവും ആരോമലും ഉൾപ്പെടുന്നതാണ് കുടുംബം. മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം.