വാഷിങ്ടൺ: അമേരിക്കയുടെ അടുത്ത സഖ്യകക്ഷികളിലൊന്നായ ഇസ്രയേലിനെതിരെ ചാരപ്രവർത്തന ആശങ്ക ഉയർത്തി യുഎസ് പ്രതിരോധ വകുപ്പ് (പെന്റഗൺ) ആഭ്യന്തര ജാഗ്രതാ നില ഏറ്റവും ഉയർന്ന ഘട്ടത്തിലേക്ക് ഉയർത്തിയതായി റിപ്പോർട്ട്. അമേരിക്കൻ ഫെഡറൽ സംവിധാനങ്ങളെ ലക്ഷ്യമിട്ടുള്ള ചാരപ്രവർത്തന ശ്രമങ്ങൾ വർധിച്ചതായുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് നിലവിലെയും മുൻകാലത്തെയും അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പൊതവേദികളിൽ ശക്തമായ സുരക്ഷാസൈനിക സഹകരണം തുടരുന്നുണ്ടെങ്കിലും, മറുവശത്ത് ഇസ്രയേലിന്റെ രഹസ്യാന്വേഷണ പ്രവർത്തനങ്ങളെക്കുറിച്ച് അമേരിക്കൻ സുരക്ഷാ ഏജൻസികൾക്ക് ഗുരുതര ആശങ്കയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രതിരോധ വകുപ്പിന്റെ ആശയവിനിമയ ശൃംഖലകളും ഫെഡറൽ കമ്പ്യൂട്ടർ സംവിധാനങ്ങളും കൂടുതൽ കർശനമായ നിരീക്ഷണത്തിലാക്കിയതായും അറിയുന്നു.
അതേസമയം, മുൻ എൻഎസ്എ കരാർ ജീവനക്കാരനായ എഡ്വേർഡ് സ്‌നോഡൻ പുറത്തുവിട്ട രേഖകളെ തുടർന്നുണ്ടായ വെളിപ്പെടുത്തലുകളും വീണ്ടും ചർച്ചയാവുകയാണ്. 2007ലെ എൻഎസ്എ രേഖകളിൽ അമേരിക്കൻ സർക്കാർ സംവിധാനങ്ങളെ ലക്ഷ്യമിടുന്ന ഏറ്റവും സജീവ വിദേശ രഹസ്യാന്വേഷണ ശക്തികളിലൊന്നായി ഇസ്രയേലിനെ വിശേഷിപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ സർക്കാർ സംവിധാനങ്ങളിലേക്കുള്ള അനധികൃത നുഴഞ്ഞുകയറ്റ ശ്രമങ്ങൾ വർഷങ്ങളായി നിരീക്ഷിച്ചുവരികയാണെന്നും സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അമേരിക്കൻ പ്രതിരോധ സാങ്കേതികവിദ്യകൾ, സൈനിക ആശയവിനിമയ വിവരങ്ങൾ, തന്ത്രപ്രധാന ലോജിസ്റ്റിക് വിവരങ്ങൾ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങളെന്ന് വിലയിരുത്തപ്പെടുന്നു. ബാങ്കിങ്, സാമ്പത്തിക ശൃംഖലകളിലേക്കുള്ള നുഴഞ്ഞുകയറ്റ സാധ്യതകളെക്കുറിച്ചും സുരക്ഷാ ഏജൻസികൾ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഇത്തരം വിവരങ്ങൾ ലഭിച്ചാൽ രാജ്യാന്തര സാമ്പത്തിക ഇടപാടുകളെക്കുറിച്ചും നയപരമായ വിവരങ്ങളെക്കുറിച്ചും വിലപ്പെട്ട വിവരങ്ങൾ ലഭിക്കാമെന്നാണ് വിലയിരുത്തൽ.
ഇസ്രയേലുമായി അടുത്ത സഹകരണം തുടരുമ്പോഴും സുരക്ഷാ വിഷയങ്ങളിൽ 'സീറോ ട്രസ്റ്റ്' സമീപനമാണ് ഇപ്പോൾ അമേരിക്ക സ്വീകരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, ഭീഷണി നിരക്ക് ഉയർത്തിയെന്ന വാർത്തയെക്കുറിച്ച് പെന്റഗണോ ഇസ്രയേൽ അധികൃതരോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഉദ്യോഗസ്ഥർ അനൗദ്യോഗികമായാണ് വിവരങ്ങൾ പുറത്തുവിട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കൻ പ്രതിരോധ വകുപ്പിൽ ആശങ്ക; ഇസ്രയേൽ ചാരപ്രവർത്തനം ശക്തമാക്കിയെന്ന് റിപ്പോർട്ട്
