നിക്ഷേപിച്ച പണം അക്കൗണ്ടിലില്ലെന്ന് ഉപഭോക്താക്കള്‍; സാങ്കേതിക പ്രശ്നമെന്ന് സ്‌കോട്ടിയ ബാങ്ക്

നിക്ഷേപിച്ച പണം അക്കൗണ്ടിലില്ലെന്ന്  ഉപഭോക്താക്കള്‍; സാങ്കേതിക പ്രശ്നമെന്ന് സ്‌കോട്ടിയ ബാങ്ക്


Customers not having deposited money in their account; Scotiabank said it was a technical issue

ഒന്റാരിയോ: നിക്ഷേപിച്ച പണം ബാങ്കില്‍ കാണാതെ ആശങ്കയിലായി സ്‌കോട്ടിയ ബാങ്ക് ഉപഭോക്താക്കള്‍. എന്നാല്‍ സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്നാണ് പണം കാണാത്തതെന്നാണ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച പണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഉപഭോക്താക്കള്‍ തങ്ങളുടെ പണം എപ്പോള്‍ അക്കൗണ്ടില്‍ എത്തുമെന്ന് ബാങ്ക് പറയുന്നില്ലെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്. 

സ്‌കോട്ടിയാബാങ്ക് മൊബൈല്‍ ബാങ്കിംഗ്, ഓണ്‍ലൈന്‍ ബാങ്കിംഗ്, നിക്ഷേപം എന്നിവയിലെ പ്രശ്‌നങ്ങള്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നാണ്  ഓണ്‍ലൈന്‍ ഔട്ടേജ് ട്രാക്കറായ ഡൗണ്‍ഡിറ്റക്ടര്‍ കാണിക്കുന്നത്. 

രാവിലെ 11.51ന് ഏകദേശം 4,300 ഉപയോക്താക്കള്‍ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിരുന്നത് കുറച്ചു സമയത്തിന് ശേഷം അയ്യായിരം പേരായി ഉയര്‍ന്നു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ ചില ഉപയോക്താക്കള്‍ മാസാവസാനത്തിന് തൊട്ടുമുമ്പ് നടന്ന സംഭവം വാടക, മോര്‍ട്ട്‌ഗേജ്, മറ്റ് ബില്ലുകള്‍ എന്നിവയെ ബാധിക്കുമെന്ന് അഭിപ്രായപ്പെട്ടു.

തകരാറിനെ തുടര്‍ന്ന് ബാങ്ക് ഈടാക്കിയ ഫീസ് തിരികെ നല്‍കുമോ എന്ന ചോദ്യവും ഉപഭോക്താക്കളില്‍ നിന്നും ഉയര്‍ന്നു. ബാങ്കിന്റെ ഭാഗത്തു നിന്നുള്ള പിശകിനെ തുടര്‍ന്ന് ഈടാക്കുന്ന ഏതെങ്കിലും ഫീസുകള്‍ റീഫണ്ട് ചെയ്യുമെന്ന് ബാങ്ക് വക്താവ് അറിയിച്ചു. 

ഉപഭോക്താക്കളുടെ നേരിട്ടുള്ള നിക്ഷേപങ്ങളും ചെക്ക് നിക്ഷേപങ്ങളും ഉള്‍പ്പെടെയുള്ള ചില ഇന്‍ബൗണ്ട് പേയ്മെന്റുകള്‍ അക്കൗണ്ടുകളില്‍ വരാത്ത സാങ്കേതിക പ്രശ്നം നേരിടുന്നതായി ബാങ്കിന്റെ വക്താവ് പറഞ്ഞു. എക്സില്‍ ഇതേ പ്രസ്താവന ബാങ്കിന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രശ്‌നം എത്രയും വേഗം പരിഹരിക്കാന്‍ സജീവമായി പ്രവര്‍ത്തിക്കുന്നുവെന്നും അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും ബാങ്ക് പറഞ്ഞു.

കാനഡയിലെ ഏതെങ്കിലുമൊരു ബാങ്കിന്റെ ഓണ്‍ലൈനോ നേരിട്ടുള്ള നിക്ഷേപ സംവിധാനങ്ങളോ തകരാറിലാകുന്നത് ആദ്യത്തെ സംഭവമല്ല. ഈ വര്‍ഷമാദ്യം ബാങ്കിന്റെ ഡാറ്റാ സെന്ററുകളിലൊന്നില്‍ ഫയര്‍ അലാറം മുഴങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് ഓഫ് മോണ്‍ട്രിയലിന്റെ ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ തടസ്സപ്പെട്ടിരുന്നു. 

കഴിഞ്ഞ വര്‍ഷം ഒരു ദിവസം നീണ്ടുനിന്ന നേരിട്ടുള്ള നിക്ഷേപം മുടങ്ങിയതിന് കാരണം ഡാറ്റ പ്രോസസ്സിംഗ് പ്രശ്‌നങ്ങളാണെന്ന് ടിഡി ബാങ്ക് പറഞ്ഞു.

മിക്കവാറും എല്ലാ ബാങ്കുകളുമായും തടസ്സങ്ങളും സാങ്കേതിക പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ടെന്നും സംവിധാനങ്ങള്‍ വെറുതെയല്ലെന്നും ടൊറന്റോ മെട്രോപൊളിറ്റന്‍ യൂണിവേഴ്സിറ്റിയിലെ ബിസിനസ് ആന്റ് ലോ അഡ്ജന്‍ക്റ്റ് പ്രൊഫസറായ ഡാനിയല്‍ സായ് പറഞ്ഞു. ഐ ടി സംവിധാനങ്ങളില്‍ ചിലത് 1980-കള്‍ മുതല്‍ നിലവിലുള്ള ലെഗസി പ്രോഗ്രാമുകളാണെന്നും സ്‌കോട്ടിയാ ബാങ്കിലെ പ്രശ്നം എന്താണെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും എന്നാല്‍ അപ്രതീക്ഷിതവും അസാധാരണവുമായ ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു.

എങ്കിലും ഇത്തരം സംഭവങ്ങള്‍ ഉപഭോക്താക്കളില്‍ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതിന് കാരണമാകുമെന്ന് സായ് പറഞ്ഞു. ബാങ്ക് ഓഫ് നോവ സ്‌കോട്ടിയ പോലുള്ളവയ്ക്ക് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നുണ്ടെന്നും ശരിയായി പ്രവര്‍ത്തിക്കുന്ന ഐ ടി സംവിധാനങ്ങള്‍ ഉണ്ടെന്നും ഉറപ്പാക്കാന്‍ കൂടുതല്‍ ചുമതലയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഒട്ടാവ നിവാസിയായ മെഗ് വാട്സണ്‍ തന്റെ അക്കൗണ്ടില്‍ പണം കാണിക്കാത്തത് ഫോണിന്റെ കുഴപ്പമാണെന്ന് കരുതി റീസ്റ്റാട്ടാക്കുകയും ആപ്പ് ഡിലീറ്റ് ചെയ്ത് വീണ്ടും ഡൗണ്‍ലോഡ് ചെയ്യുകയും ജോലി സ്ഥലത്ത് എച്ച് ആര്‍ ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെടുകയും ഉള്‍പ്പെടെ എല്ലാം പരീക്ഷിച്ചുവെന്ന് സി ബി സി ന്യൂസിനോട് പറഞ്ഞു.

രാവിലെ ആറു മണിയോടെ താന്‍ സ്‌കോട്ടിയാബാങ്കുമായി ബന്ധപ്പെട്ടതായും രാവിലെ എട്ട് മണിക്ക് പ്രശ്നം പരിഹരിക്കപ്പെടുമെന്ന് ഒരു ഉപഭോക്തൃ സേവന പ്രതിനിധി തന്നോട് പറഞ്ഞതായും വാട്സണ്‍ പറഞ്ഞു.

തന്റെ ശാഖയുമായി ബന്ധപ്പെട്ടപ്പോള്‍ ഓട്ടോമേറ്റഡ് വോയ്സ് മെമ്മോയില്‍ തങ്ങള്‍ക്ക് പ്രശ്നങ്ങളുണ്ടെന്നും ഉടന്‍ പരിഹരിക്കണമെന്നും പറഞ്ഞതായി വാട്സണ്‍ അറിയിച്ചു.

നിക്ഷേപിച്ച പണം അക്കൗണ്ടിലില്ലെന്ന്  ഉപഭോക്താക്കള്‍; സാങ്കേതിക പ്രശ്നമെന്ന് സ്‌കോട്ടിയ ബാങ്ക്