മിസ്സിസ്സാഗ: ഡഫറിന്‍- പീല്‍ കാത്തലിക് ഡിസ്ട്രിക്റ്റ് സ്‌കൂള്‍ ബോര്‍ഡിന്റെ വാര്‍ഷിക ഓര്‍ഗനൈസേഷണല്‍ മീറ്റിംഗില്‍ ട്രസ്റ്റികള്‍ 11 അംഗ ട്രസ്റ്റി ബോര്‍ഡിന്റെ ചെയര്‍മാനായി തുടര്‍ച്ചയായി മൂന്നാം തവണയും മിസിസാഗ വാര്‍ഡ് 6 ആന്റ് 11 ട്രസ്റ്റിയായ ലുസ് ഡെല്‍ റൊസാരിയോയെ വീണ്ടും തിരഞ്ഞെടുത്തു. മിസ്സിസാഗ വാര്‍ഡ് 5 ട്രസ്റ്റി തോമസ് തോമസ് തുടര്‍ച്ചയായി മൂന്നാം തവണയും വൈസ് ചെയര്‍ ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
കൂടാതെ, മലയാളികളായ ഷോണ്‍ സേവ്യര്‍ ബോര്‍ഡിന്റെ കീഴിലുള്ള ഫെയ്ത് ആന്‍ഡ് പ്രോഗ്രാം കമ്മിറ്റിയുടെ ചെയര്‍മാനായും അനീഷ തോമസ് ബോര്‍ഡ് പോളിസി കമ്മിറ്റിയുടെ വൈസ് ചെയറായും തെരഞ്ഞെടുക്കപ്പെട്ടു.
'തുടര്‍ച്ചയായ മൂന്നാം തവണയും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു, ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഈ ബോര്‍ഡില്‍ തുടര്‍ന്നും സേവിക്കുന്നതില്‍ ഞങ്ങള്‍ക്ക് വലിയ അഭിമാനമുണ്ട്,' ലൂസ് ഡെല്‍ റൊസാരിയോയും തോമസ് തോമസും പറഞ്ഞു. 'കത്തോലിക്ക വിദ്യാഭ്യാസത്തിലെ വിശ്വാസത്തിന്റെയും മികവിന്റെയും മൂല്യങ്ങള്‍ പരിപോഷിപ്പിക്കുന്നതിന് ഞങ്ങള്‍ ഒരുമിച്ച് പ്രതിജ്ഞാബദ്ധരായി തുടരും, ഓരോ വിദ്യാര്‍ഥിക്കും അവരുടെ പൂര്‍ണ്ണമായ കഴിവില്‍ എത്തിച്ചേരാനും നമ്മുടെ സമൂഹത്തിന് ക്രിയാത്മകമായി സംഭാവന നല്‍കാനും പ്രാപ്തരാകുന്നുവെന്ന് ഉറപ്പാക്കും.' പത്രക്കുറിപ്പില്‍ അവര്‍ പറഞ്ഞു.
ഒന്റാറിയോയിലെ ഏറ്റവും വലുതും വൈവിധ്യപൂര്‍ണ്ണവുമായ സ്‌കൂള്‍ ബോര്‍ഡുകളിലൊന്നാണ് ഡഫറിന്‍-പീല്‍ കാത്തലിക് ഡിസ്ട്രിക്റ്റ് സ്‌കൂള്‍ ബോര്‍ഡ്, മിസിസാഗ, ബ്രാംപ്ടണ്‍, കാലിഡണ്‍, ഓറഞ്ച് വില്‍ എന്നിവിടങ്ങളിലെ 151 കത്തോലിക്കാ സ്‌കൂളുകളിലായി ഏകദേശം 71,000 വിദ്യാര്‍ഥികളുണ്ട്.
കോട്ടയം തലയോലപ്പറമ്പ് മരങ്ങോലില്‍ കുടുംബാംഗമായ ഡോ. തോമസ് തോമസ് തുടര്‍ച്ചയായ ആറാം തവണയാണ് സ്‌കൂള്‍ ബോര്‍ഡ് ട്രസ്റ്റിയായത്. കാല്‍ നൂറ്റാണ്ടോളം ഒരേ വാര്‍ഡിനെ പ്രതിനിധീകരിച്ചു സ്‌കൂള്‍ ബോര്‍ഡ് ട്രസ്റ്റിയായി സേവനമനുഷ്ടിക്കുകയെന്ന അത്യപൂര്‍വ്വ നേട്ടത്തിനും ഉടമയാണ് അദ്ദേഹം.
നിലവില്‍ ഡഫറിന്‍-പീല്‍ കാത്തലിക് സ്‌കൂള്‍ ബോര്‍ഡ് ട്രസ്റ്റിയും വൈസ് ചെയര്‍മാനുമായ തോമസ്, നിരവധി കമ്മറ്റികളില്‍ ചെയറും വൈസ് ചെയറുമായിരുന്നു. കൂടാതെ ഒന്റാരിയോ കാത്തലിക് സ്‌കൂള്‍ ട്രസ്റ്റീസ് അസോസിയേഷന്‍ (ഓ സി എസ് ടി എ) ഡെഫറിന്‍-പീല്‍ റീജിയണല്‍ ഡയറക്ടറുമായിരുന്നു. പിളര്‍പ്പിന് മുമ്പുള്ള ഫൊക്കാനയുടെയും കനേഡിയന്‍ മലയാളി അസോസിയേഷന്റെയും പ്രസിഡന്റായിരുന്ന അദ്ദേഹം കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് സെക്രട്ടറി, കനേഡിയന്‍ മലയാളി അസോസിയേഷന്‍ രക്ഷാധികാരി, ഫോമാ കാനഡ റീജിയണല്‍ വൈസ് പ്രസിഡണ്ട്, പനോരമ ഇന്ത്യാ ഡയറക്ടര്‍ തുടങ്ങിയ നിരവധി നിലകളില്‍ സേവനമനുഷ്ഠിച്ചു കനേഡിയന്‍ മലയാളികളുടെ ഇടയില്‍ ഇപ്പോഴും സജീവ സാന്നിധ്യമാണ്.