ന്യൂഡല്‍ഹി: ലോകത്ത് ഒരു രാജ്യവും അംഗീകരിച്ചിട്ടില്ലാത്ത 'വെസ്റ്റ് ആര്‍ക്ടിക്ക' എന്ന രാജ്യത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ വ്യാജ എംബസി നടത്തിയ സംഭവത്തില്‍ 300 കോടിയിലധികം രൂപയുടെ തട്ടിപ്പെന്ന് റിപ്പോര്‍ട്ട്. വെസ്റ്റ് ആര്‍ക്ടിക്കയുടെ 'ബാരണ്‍' എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഹര്‍ഷവര്‍ധന്‍ ജെയിനുമായി ബന്ധപ്പെട്ട് യുപി സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവരുന്നത്. ഹര്‍ഷവര്‍ധന്‍ ജെയിന്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 162 വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ടെന്നും അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന കടലാസുകമ്പനികളുടെ വലിയ ശൃംഖലയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
വര്‍ഷങ്ങളായി നയതന്ത്രജ്ഞന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിവന്നിരുന്ന ഇയാള്‍ വിദേശ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും പണം തട്ടിയതായും ഇത് ഹവാല വഴി വെളുപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവാദ ആള്‍ദൈവം ചന്ദ്രസ്വാമിയുമായി ജെയിനിന് അടുത്ത ബന്ധമുണ്ടെന്നാണ് മറ്റൊരു കണ്ടെത്തല്‍. 1980-90 കാലത്ത് ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടെ ആത്മീയ ഉപദേഷ്ടാവായി പോലും കണക്കാക്കപ്പെട്ടിരുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ചന്ദ്രസ്വാമിയുമായും സൗദി ആയുധ വ്യാപാരി അദ്‌നാന്‍ ഖഷോഗി എന്നിവര്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ അന്വേഷണത്തില്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദ് സ്വദേശിയും പിന്നീട് തുര്‍ക്കി പൗരത്വം സ്വീകരിച്ചതുമായ അഹ്‌സാന്‍ അലി സയ്യിദുമായി ബന്ധപ്പെട്ടാണ് ജെയിന്‍ ഹവാല വഴി പണം വെളുപ്പിച്ചത്. ഇതിനായി കുറഞ്ഞത് 25 ഷെല്‍ കമ്പനികളെങ്കിലും തുറക്കാന്‍ ഇരുവരും ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഗാസിയാബാദിലെ കവി നഗറില്‍ വാടകയ്ക്ക് എടുത്ത ആഡംബര കെട്ടിടത്തിലായിരുന്നു വ്യാജ എംബസി പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടത്തില്‍ നടത്തിയ പരിശോധനയില്‍ 44.7 ലക്ഷം രൂപ, വിദേശ കറന്‍സി, 12 വ്യാജ നയതന്ത്ര പാസ്‌പോര്‍ട്ടുകള്‍, 18 നയതന്ത്ര പ്ലേറ്റുകള്‍, വ്യാജ സര്‍ക്കാര്‍ രേഖകള്‍ എന്നിവ അധികൃതര്‍ പിടിച്ചെടുത്തു. എംബസി കെട്ടിടവളപ്പില്‍നിന്ന പാര്‍ക്ക് ചെയ്തിരുന്ന ആഡംബര കാറുകള്‍ എസ്ടിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓഫിസില്‍നിന്ന് വ്യാജ പാസ്‌പോര്‍ട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. നിയമവിരുദ്ധമായി സാറ്റലൈറ്റ് ഫോണ്‍ കൈവശം വച്ചതിന് 2011ല്‍ ജെയിനിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
യുപിയില്‍ വ്യാജ എംബസി നടത്തിയ സംഭവത്തില്‍ 300 കോടിയിലധികം രൂപയുടെ തട്ടിപ്പെന്ന് റിപ്പോര്‍ട്ട്
