ടൊറന്റോ: മുന്‍നിര ഇന്ത്യന്‍ നേതാക്കളെ കാനഡയിലെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തുന്ന റിപ്പോര്‍ട്ട് ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തിലുള്ള കാനഡ സര്‍ക്കാര്‍ വെള്ളിയാഴ്ച നിഷേധിച്ചു. റിപ്പോര്‍ട്ട് ഊഹവും കൃത്യവുമല്ലാത്തതാണെന്ന് കനേഡിയന്‍ അധികൃതര്‍ പറഞ്ഞു.
പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു കനേഡിയന്‍ മാധ്യമ സ്ഥാപനം നടത്തിയ അവകാശവാദങ്ങളുടെ തെളിവുകളൊന്നും കാനഡ സര്‍ക്കാരിന് അറിയില്ലെന്ന് ജസ്റ്റിന്‍ ട്രൂഡോയുടെ ദേശീയ സുരക്ഷാ, രഹസ്യാന്വേഷണ ഉപദേഷ്ടാവ് നതാലി ജി ഡ്രൂയിന്‍ പറഞ്ഞു.
ഒക്ടോബര്‍ 14ന് പൊതുസുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് കാനഡയില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഏജന്റുമാര്‍ നടത്തിയ ഗുരുതരമായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരസ്യമായി ആരോപിക്കുന്ന അസാധാരണമായ നടപടിയാണ് ആര്‍ സി എ ംപിയും ഉദ്യോഗസ്ഥരും സ്വീകരിച്ചതെന്ന് കാനഡ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്നും കാനഡയ്ക്കുള്ളിലെ ഗുരുതരമായ ക്രിമിനല്‍ പ്രവര്‍ത്തനവുമായി ഇ്ന്ത്യന്‍ പ്രധാനമന്ത്രി മോഡിയെയോ മന്ത്രി ജയശങ്കറിനെയോ എന്‍ എസ് എ ഡോവലിനെയോ ബന്ധിപ്പിക്കുന്ന തെളിവുകളെ കുറിച്ചും അറിയില്ലെനന് പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം വാന്‍കൂവറില്‍ കൊല്ലപ്പെട്ട സിഖ് വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ വധിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ച് ഇന്ത്യന്‍ നേതാക്കള്‍ക്ക് അറിയാമായിരുന്നുവെന്ന് പേര് വെളിപ്പെടുത്താത്ത കനേഡിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'ഗ്ലോബ് ആന്‍ഡ് മെയില്‍' പത്രം വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.
'പരിഹാസ്യമായ അവകാശവാദങ്ങള്‍' എന്നു വിശേഷിപ്പിച്ച ഇന്ത്യ ഉടന്‍ തന്നെ നിശിതമായി പ്രതികരിക്കുകയും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ റിപ്പോര്‍ട്ടിനെ അശുദ്ധ കാംപയിനെന്ന് വിളിക്കുകയും ചെയ്തു.
സര്‍ക്കാര്‍ സ്രോതസ്സ് ഒരു പത്രത്തിന് നല്‍കിയ ഇത്തരം പരിഹാസ്യമായ പ്രസ്താവനകള്‍ അര്‍ഹിക്കുന്ന അവഹേളനത്തോടെ തള്ളിക്കളയണമെന്നും ഇത്തരത്തിലുള്ള അപവാദ പ്രചാരണങ്ങള്‍ ഇതിനകം തന്നെ ഉലഞ്ഞ ബന്ധങ്ങളെ കൂടുതല്‍ തകര്‍ക്കുകയേ ഉള്ളൂ' എന്നും ജയ്സ്വാള്‍ പറഞ്ഞു.
നിരോധിത ഭീകര സംഘടനയായ ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ മുഖ്യ സൂത്രധാരനും സിഖ് വിഘടനവാദിയുമായ നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ ആരോപണം ഉന്നയിച്ചതോടെയാണ് ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം വഷളായത്. നിജ്ജാര്‍ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്കിനെക്കുറിച്ച് തനിക്ക് വിശ്വസനീയമായ തെളിവുകളുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി അവകാശപ്പെട്ടു.
കാനഡയിലെ വോട്ടര്‍മാരില്‍ അദ്ദേഹത്തിന്റെ ജനപ്രീതി എക്കാലത്തെയും താഴ്ന്ന നിലയിലായ സമയത്ത് ആഭ്യന്തര രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഖാലിസ്ഥാനി അനുഭാവികളുമായി ട്രൂഡോ ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് ഇന്ത്യ ആവര്‍ത്തിച്ച് ആരോപണങ്ങള്‍ തള്ളിയിട്ടുണ്ട്.
കഴിഞ്ഞ മാസം, കനേഡിയന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് വര്‍മ്മയെയും മറ്റ് ചില നയതന്ത്ര ഉദ്യോഗസ്ഥരെയും കൊലപാതകവുമായി ബന്ധപ്പെടുത്തിയിരുന്നു. കേന്ദ്രം ഈ അവകാശവാദങ്ങള്‍ നിരസിക്കുകയും തെളിവുകള്‍ക്കായി ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനകള്‍ക്കിടയിലും കാനഡ തങ്ങളുടെ ആരോപണങ്ങളെ സാധൂകരിക്കുന്ന കാര്യമായ തെളിവുകളൊന്നും പങ്കിട്ടിരുന്നില്ല.