ആല്‍ബര്‍ട്ട: ആല്‍ബര്‍ട്ട പ്രവിശ്യയുടെ മധ്യ, തെക്കന്‍ മേഖലകളില്‍ പെയ്യുന്ന കനത്ത മഴ കര്‍ഷകര്‍ക്ക് ഒരേസമയം വെല്ലുവിളിയും ആശ്വാസവുമായി. മഴ മൂലം പല കര്‍ഷകര്‍ക്കും വയലുകളില്‍ വിത്തിടല്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നപ്പോള്‍ ദീര്‍ഘകാല വരള്‍ച്ചയ്ക്ക് ശേഷം മണ്ണിലെ ഈര്‍പ്പവും ജലലഭ്യതയും വര്‍ധിച്ചതില്‍ ആശ്വാസവുമുണ്ട്.
സെന്റ് പോള്‍ കൗണ്ടിയിലെ കര്‍ഷക എലിസബത്ത് റോബി ഇപ്പോഴും 700 മുതല്‍ 800 ഏക്കര്‍ വരെ സ്ഥലത്ത് വിത്തിടാന്‍ ബാക്കിയുണ്ടെന്നാണ് പറഞ്ഞത്. സീസണിന്റെ തുടക്കത്തില്‍ തന്നെ നിലനിന്നിരുന്ന അമിത ഈര്‍പ്പവും കഴിഞ്ഞ ദിവസങ്ങളിലെ മഴയും കൃഷിപ്പണികളെ പ്രതികൂലമായി ബാധിച്ചതായി അവര്‍ വ്യക്തമാക്കി.
വയലിലേക്ക് ഇറങ്ങാന്‍ പോലും കഴിയുന്നില്ലെന്നും ചെളി നിറഞ്ഞതിനാല്‍ കൃഷിപ്പണികള്‍ വീണ്ടും പിന്നോട്ടുപോയിരിക്കുകയാണെന്നും റോബി പറഞ്ഞു.
കനത്ത മഴ മൂലം മണ്ണൊലിപ്പ്, താത്ക്കാലിക വെള്ളപ്പൊക്കം, കൃഷിപ്പണികളിലെ കാലതാമസം തുടങ്ങിയ പ്രശ്‌നങ്ങള്‍ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2,400 ഏക്കറില്‍ കൃഷി ചെയ്യുന്ന റോബി, വിത്തിടല്‍ പൂര്‍ത്തിയാക്കാനായി ദിവസവും 18 മുതല്‍ 20 മണിക്കൂര്‍ വരെ ജോലി ചെയ്തുവരികയാണെന്നും പറഞ്ഞു.
വാരാന്ത്യത്തിലാണ് ആല്‍ബര്‍ട്ടയുടെ മധ്യ, തെക്കന്‍ ഭാഗങ്ങളില്‍ ശക്തമായ മഴ ആരംഭിച്ചത്. പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാന വകുപ്പിലെ ശാസ്ത്രജ്ഞയായ ക്രിസ്റ്റി ക്ലിമന്‍ഹാഗയുടെ കണക്കുകള്‍ പ്രകാരം ആഴ്ചയുടെ മധ്യത്തോടെ ചില പ്രദേശങ്ങളില്‍ 50 മുതല്‍ 100 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ 48 മണിക്കൂറിനിടെ വെഗ്രെവില്‍ മേഖലയില്‍ ഏകദേശം 100 മില്ലീമീറ്റര്‍ മഴ ലഭിച്ചപ്പോള്‍, എഡ്മന്റണില്‍ 20 മുതല്‍ 30 മില്ലീമീറ്റര്‍ വരെയും മഴ രേഖപ്പെടുത്തി. കാല്‍ഗറിയുടെ പടിഞ്ഞാറന്‍ മേഖലകളില്‍ 40 മുതല്‍ 45 മില്ലീമീറ്റര്‍ വരെയും കാല്‍ഗറി അന്താരാഷ്ട്ര വിമാനത്താവള പ്രദേശത്ത് ഏകദേശം 27 മില്ലീമീറ്റര്‍ മഴയും ലഭിച്ചതായി അവര്‍ പറഞ്ഞു.
സാധാരണയായി ജൂണ്‍ മാസത്തില്‍ കാല്‍ഗറിയില്‍ 112.7 മില്ലീമീറ്ററും എഡ്മന്റണില്‍ 69.9 മില്ലീമീറ്ററും മഴ ലഭിക്കാറുണ്ട്. എന്നാല്‍ ചില പ്രദേശങ്ങളില്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഒരു മാസത്തെ മഴയ്ക്ക് തുല്യമായ അളവാണ് ലഭിച്ചതെന്ന് കാര്‍ഷിക- കാലാവസ്ഥാ വിദഗ്ധന്‍ ട്രെവര്‍ ഹാഡ്വെന്‍ പറഞ്ഞു.
മഴ മൂലം പല വയലുകളിലേക്കും എത്താനാകാത്ത സ്ഥിതിയാണെന്ന് റോബി പറഞ്ഞു. റോഡുകള്‍ക്ക് മുകളിലൂടെ വെള്ളം ഒഴുകുകയാണെന്നും ചില കുളങ്ങളും അണക്കെട്ടുകളും നിറഞ്ഞ് ഒഴുകുന്നുവെന്നും എല്ലായിടത്തും വെള്ളമാണെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം, ഈ മഴ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് ഗുണകരമാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മണ്ണിലെ ഈര്‍പ്പവും ജലസംഭരണികളും വര്‍ധിക്കുന്നതിനാല്‍ കൃഷിക്കും കന്നുകാലി പരിപാലനത്തിനും ഇത് സഹായകരമാകുമെന്ന് ഹാഡ്വെന്‍ പറഞ്ഞു.
മഴ മൂലം മേച്ചില്‍പ്പുറങ്ങളുടെ അവസ്ഥ മെച്ചപ്പെടുമെന്നും കന്നുകാലികള്‍ക്കുള്ള ജലലഭ്യത വര്‍ധിക്കുമെന്നും റോബി ചൂണ്ടിക്കാട്ടി. തങ്ങളുടെ പശുക്കള്‍ക്ക് മികച്ച മേച്ചില്‍പ്പുറങ്ങള്‍ ലഭിക്കുമെന്നും അത് വളരെ നല്ല കാര്യമാണെന്നും അവര്‍ പറഞ്ഞു.
ബെന്റ്‌ലിക്ക് സമീപമുള്ള കര്‍ഷകനായ ജേസണ്‍ ലെന്‍സ് പത്ത് ദിവസം മുമ്പ് തന്നെ വിത്തിടല്‍ പൂര്‍ത്തിയാക്കിയതിനാല്‍ മഴയെ സ്വാഗതം ചെയ്യുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഏകദേശം 50 മില്ലീമീറ്റര്‍ മഴ ലഭിച്ചതായും കൂടുതല്‍ മഴ ലഭിച്ചാലും പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ലഭിക്കുന്ന ഈ മഴ കൃഷിക്കും പ്രത്യേകിച്ച് മേച്ചില്‍പ്പുറങ്ങള്‍ക്കും വളരെ ഗുണകരമായ സ്വാധീനം ചെലുത്തുമെന്നും ലെന്‍സ് പറഞ്ഞു.
