ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് 114 പുതിയ റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ ഇന്ത്യ ഔദ്യോഗികമായി ആരംഭിച്ചു. ഏകദേശം 3.25 ലക്ഷം കോടി രൂപ (39 ബില്യണ്‍ ഡോളര്‍) മൂല്യമുള്ള ഈ വമ്പന്‍ പ്രതിരോധ കരാര്‍ ഇന്ത്യയുടെ വ്യോമസേനാ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധവിമാന ഇടപാടുകളില്‍ ഒന്നായിരിക്കും.
കരാറിനായുള്ള 'ലെറ്റര്‍ ഓഫ് റിക്വസ്റ്റ്' ഇന്ത്യ അന്തിമമാക്കിയതായും അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഫ്രാന്‍സിന് കൈമാറുമെന്നുമാണ് റിപ്പോര്‍ട്ട്. ഇതിനിടെ ഇന്ത്യന്‍ വ്യോമസേന മേധാവി അമര്‍ പ്രീത് സിംഗ് ജൂണ്‍ 1 മുതല്‍ നാല് ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തിലാണ്. സന്ദര്‍ശനത്തിനിടെ റഫാല്‍ നിര്‍മ്മാതാക്കളായ ഡസൗല്‍ട്ട് ഏവിയേഷന്‍, മെടിയോര്‍, സ്‌കാല്‍പ് തുടങ്ങിയ അത്യാധുനിക മിസൈലുകള്‍ നിര്‍മ്മിക്കുന്ന എംബിഡിഎ എന്നിവയുടെ പ്രതിനിധികളുമായി അദ്ദേഹം ചര്‍ച്ച നടത്തും.
ബഹുരാഷ്ട്ര കമ്പനികള്‍ തമ്മിലുള്ള മത്സര ടെന്‍ഡര്‍ നടപടികള്‍ ഒഴിവാക്കി ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സര്‍ക്കാര്‍തല കരാര്‍ വഴിയാണ് വിമാനങ്ങള്‍ വാങ്ങുന്നത്. ഇന്ത്യയുടെ അഭ്യര്‍ഥന ലഭിച്ച ശേഷം രണ്ട് മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ വില, ഉത്പാദന സമയക്രമം, വിതരണ സംവിധാനം തുടങ്ങിയ വിശദാംശങ്ങളുമായി ഫ്രാന്‍സ് പ്രതികരിക്കുമെന്നാണ് പ്രതീക്ഷ. തുടര്‍ന്ന് ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ കരാര്‍ അന്തിമമാക്കാനാണ് ലക്ഷ്യം.
ഇന്ത്യന്‍ വ്യോമസേനയുടെ മള്‍ട്ടി-റോള്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് പദ്ധതിയുടെ ഭാഗമായാണ് പുതിയ റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നത്. നിലവില്‍ 42 സ്‌ക്വാഡ്രണുകളാണ് വ്യോമസേനയ്ക്ക് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ സേവനത്തിലുള്ളത് 29 സ്‌ക്വാഡ്രണുകള്‍ മാത്രമാണ്. ഈ കുറവ് നികത്താന്‍ പുതിയ വിമാനങ്ങള്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.
'മേക്ക് ഇന്‍ ഇന്ത്യ' നയത്തിന് പ്രാധാന്യം നല്‍കി കരാറിന്റെ വലിയൊരു ഭാഗം ആഭ്യന്തര ഉത്പാദനത്തിന് മാറ്റിവെക്കാനാണ് പദ്ധതി. 114 വിമാനങ്ങളില്‍ 90 മുതല്‍ 94 വരെ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനാണ് നിര്‍ദേശം. ശേഷിക്കുന്ന വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് നേരിട്ട് വിതരണം ചെയ്യും. 2020 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ഇന്ത്യയ്ക്ക് ലഭിച്ച 36 റഫാല്‍ യുദ്ധവിമാനങ്ങളും ഫ്രാന്‍സില്‍ നിന്ന് നേരിട്ടായിരുന്നു വിതരണം ചെയ്തിരുന്നത്.
ഈ മാസം മധ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്രാന്‍സ് സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനിടെയാണ് പുതിയ കരാറിനുള്ള നടപടികള്‍ വേഗത്തിലാകുന്നത്. മോഡിയുടെ സന്ദര്‍ശനം ഈ ബഹുകോടി ഡോളര്‍ യുദ്ധവിമാന കരാര്‍ ഔദ്യോഗികമാക്കുന്നതിനുള്ള നിര്‍ണായക വേദിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
