സസ്‌കാഷെവാന്‍: ഡെനറെ ബീച്ച് ഗ്രാമത്തെ തകര്‍ത്ത വോള്‍ഫ് കാട്ടുതീയുടെ ഒന്നാം വാര്‍ഷികത്തില്‍ പ്രദേശവാസികള്‍ അമിസ്‌ക് തടാകതീരത്ത് ഒത്തുകൂടി ദുരന്തത്തെ അനുസ്മരിച്ചു. കഴിഞ്ഞ വര്‍ഷം ഗ്രാമത്തില്‍ പാഞ്ഞുകയറിയ തീപിടിത്തത്തില്‍ 200-ലധികം വീടുകളാണ് നശിച്ചത്.
ജൂണ്‍ 2-ന് സംഘടിപ്പിച്ച ചടങ്ങ് സമൂഹത്തിന് മുറിവുണക്കാനും അയല്‍വാസികളുമായി വീണ്ടും ബന്ധം ശക്തിപ്പെടുത്താനുമുള്ള അവസരമാണെന്ന് ഡെനറെ ബീച്ച് കൗണ്‍സിലറും ഡെപ്യൂട്ടി മേയറുമായ കരന്‍ തോംസണ്‍ പറഞ്ഞു. ചിലര്‍ ഇപ്പോഴും കടുത്ത ദുഃഖത്തിലാണെന്നും ചിലര്‍ ഭാവിയെ പ്രതീക്ഷയോടെ നോക്കുകയാണെന്നും അവര്‍ പറഞ്ഞു.
2025 ജൂണ്‍ 2-നാണ് നിയന്ത്രണം വിട്ട വോള്‍ഫ് തീപിടിത്തം സസ്‌കാടൂണില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഡെനറെ ബീച്ചിലേക്കും സമീപത്തെ പീറ്റര്‍ ബാലന്റൈന്‍ ക്രീ നേഷന്‍ റിസര്‍വിലേക്കും എത്തിയത്. ദിവസങ്ങളായി അകലെയായി കത്തിക്കൊണ്ടിരുന്ന തീ അന്നാണ് ജനവാസ മേഖലയിലേക്ക് പടര്‍ന്നത്.
മിക്കവരും ഇതിനോടകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയിരുന്നുവെങ്കിലും ചിലര്‍ സസ്‌കാടൂണില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ച് വീടുകള്‍ രക്ഷിക്കാന്‍ കൂടുതല്‍ ഇടപെടലുകള്‍ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിനകം ഏറെ വൈകിയിരുന്നു. കാട്ടുതീ 200-ലധികം വീടുകള്‍ ചാരമാക്കി, നിരവധി കുടുംബങ്ങളെ ഭവനരഹിതരാക്കി.
ഒരു വര്‍ഷത്തിന് ശേഷം ചില കുടുംബങ്ങള്‍ പുതിയ വീടുകളിലേക്ക് താമസം മാറിയിട്ടുണ്ട്. ഡസന്‍കണക്കിന് വീടുകളുടെ നിര്‍മ്മാണവും സ്ഥലസജ്ജീകരണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. എന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായുള്ള തര്‍ക്കങ്ങള്‍ കാരണം ചിലരുടെ പുനര്‍നിര്‍മാണം ഇപ്പോഴും മുടങ്ങിക്കിടക്കുകയാണ്.
എങ്ങും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ തിരക്കാണെന്നും കോണ്‍ക്രീറ്റ് മിക്സര്‍ ട്രക്കുകളും ചരക്ക് വാഹനങ്ങളും നിരന്തരം എത്തുന്നുണ്ടെന്നും കൂടുതല്‍ ആളുകള്‍ക്ക് താമസസ്ഥലങ്ങള്‍ ലഭിക്കുന്നതോടെ സമൂഹം പഴയ നിലയിലേക്ക് മടങ്ങുന്നതുപോലെ തോന്നുന്നുവെന്നും പ്രദേശവാസിയായ ബ്രൂക്ക് കിന്‍ഡല്‍ പറഞ്ഞു.
കാട്ടുതീയ്ക്ക് ശേഷം കിന്‍ഡലിന്റെ അഞ്ചംഗ കുടുംബം അഞ്ച് തവണ താമസം മാറി. കഴിഞ്ഞ ശൈത്യകാലത്തിന്റെ ഭൂരിഭാഗവും അവര്‍ ഒരു ചെറിയ കാബിനിലായിരുന്നു. ഇപ്പോള്‍ പുതിയ വീട് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് പണിത വലിയ ഷെഡിനുള്ളില്‍ പാര്‍ക്ക് ചെയ്ത ക്യാമ്പര്‍ ട്രെയിലറിലാണ് താമസം.
ദുരന്തം സമൂഹത്തെ കൂടുതല്‍ ഐക്യത്തോടെ ഒന്നിപ്പിച്ചുവെന്നും അതുകൊണ്ട് ഡെനറെ ബീച്ച് മുമ്പത്തേക്കാള്‍ ശക്തമായ സമൂഹമായി മാറിയെന്നും കിന്‍ഡല്‍ അഭിപ്രായപ്പെട്ടു.
താനും ഭര്‍ത്താവ് കൈലും ആദ്യം റെഡി-ടു-മൂവ് വീട് വാങ്ങാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും 11 മാസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെട്ടതായും ഇതോടെ സ്വന്തം നിലയില്‍ പുതിയ വീട് നിര്‍മിക്കാനാണ് തീരുമാനിച്ചതെന്നും കിന്‍ഡല്‍ പറഞ്ഞു.
അതേസമയം, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും പുനര്‍നിര്‍മാണത്തിനുമായി നടത്തിയ വലിയ ശ്രമങ്ങള്‍ക്ക് ശേഷം പ്രദേശം ഈ വര്‍ഷത്തെ കാട്ടുതീ സീസണിനുള്ള തയ്യാറെടുപ്പുകളിലേക്കും കടന്നിട്ടുണ്ട്. തീപടരുന്നത് തടയാനുള്ള ഫയര്‍ ബ്രേക്കുകള്‍ സൃഷ്ടിക്കുന്നതും അഗ്നിശമന സേനയ്ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതും ഇതിന്റെ ഭാഗമാണ്.
കാട്ടുതീയില്‍ വീട് നഷ്ടപ്പെട്ട ഡസ്റ്റിന്‍ ട്രംബ്ലിയും ജോയാന്‍ ചര്‍ച്ചിലും പുതിയ വീടിന്റെ സുരക്ഷയില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. കഴിഞ്ഞ ക്രിസ്മസ് സമയത്ത് പുതിയ വീട് ലഭിച്ച ആദ്യ കുടുംബങ്ങളില്‍ ഒരാളായിരുന്നു ഇവര്‍. സ്പ്രിങ്ക്ലറുകള്‍ ഉള്‍പ്പെടെയുള്ള 'ഫയര്‍ സ്മാര്‍ട്ട്' സംവിധാനങ്ങള്‍ വീട്ടില്‍ ഒരുക്കിയിട്ടുണ്ട്.
ഇത് രാത്രിയില്‍ കൂടുതല്‍ സമാധാനത്തോടെ ഉറങ്ങാന്‍ സഹായിക്കുന്നുവെന്നും തീപിടിത്തം ഉണ്ടായാലും വീടിനെ ബാധിക്കുന്നത് എളുപ്പമാകില്ലെന്നും ട്രംബ്ലി പറഞ്ഞു. കാട്ടുതീ കൈകാര്യം ചെയ്ത രീതിയെക്കുറിച്ചുള്ള സ്വതന്ത്ര വിലയിരുത്തല്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരസ്യമായി പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വീട് നഷ്ടപ്പെട്ട മറ്റൊരു പ്രദേശവാസിയായ റോണ്ട വര്‍ബിക്കിയും സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പുറത്തുവരണമെന്ന് ആവശ്യപ്പെട്ടു. ഇത് മറ്റാര്‍ക്കും അനുഭവിക്കേണ്ടി വരാതിരിക്കാന്‍ സഹായിക്കുന്നുവെങ്കില്‍ ഈ ദുരന്തത്തില്‍ നിന്നെങ്കിലും ചില പാഠങ്ങള്‍ സമൂഹം പഠിച്ചുവെന്ന് പറയാമെന്ന് അവര്‍ പറഞ്ഞു.
വര്‍ബിക്കിയും ഭര്‍ത്താവ് ജോയിയും ഈ വേനല്‍ക്കാലം ഹൗസ് ബോട്ടിലാണ് താമസിക്കാന്‍ ഒരുങ്ങുന്നത്. പുതിയ വീട് പുനര്‍നിര്‍മിക്കുന്നതിനിടെയാണ് ഈ തീരുമാനം.
അതേസമയം, കഴിഞ്ഞ വര്‍ഷത്തെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചിലര്‍ ഭാവിയില്‍ വീണ്ടും ഒഴിപ്പിക്കല്‍ ഉത്തരവുണ്ടായാല്‍ വീടുകള്‍ കാക്കാന്‍ പിന്നില്‍ തുടരാന്‍ ആലോചിക്കുന്നതായി കരന്‍ തോംസണ്‍ പറഞ്ഞു. എന്നാല്‍ അത്തരമൊരു സാഹചര്യം ജനങ്ങളുടെ ജീവന് ഭീഷണിയാകുമെന്ന ആശങ്കയും അധികൃതര്‍ക്കുണ്ട്.
പ്രദേശം വീണ്ടും വരണ്ട കാലാവസ്ഥ നേരിടുന്നതിനാല്‍ നിലവില്‍ അഗ്നിബാധാ നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. വേനല്‍ക്കാലത്ത് പുകയുടെയോ തീപിടിത്തത്തിന്റെയോ സൂചനകള്‍ക്കായി ജനങ്ങള്‍ ജാഗ്രത പുലര്‍ത്തുമെങ്കിലും പുതിയ ഓര്‍മ്മകള്‍ സൃഷ്ടിക്കാനുള്ള ജീവിതയാത്ര തടസപ്പെടുത്താന്‍ അവര്‍ തയ്യാറല്ല.
ഇപ്പോള്‍ പട്ടണത്തിലൂടെ യാത്ര ചെയ്യുന്നതും അഞ്ചുമാസത്തിന് ശേഷം വരുന്നതും വലിയ മാറ്റം കാണിക്കുമെന്നും അത് പലരെയും സന്തോഷിപ്പിക്കുമെന്നും ഈ വര്‍ഷം ഹാലോവീനില്‍ കുട്ടികള്‍ക്ക് സന്ദര്‍ശിക്കാനായി കൂടുതല്‍ വീടുകളും ഉണ്ടാകുമെന്നും കിന്‍ഡല്‍ കൂട്ടിച്ചേര്‍ത്തു.
