ന്യൂഡൽഹി: പ്ലസ് ടു പരീക്ഷാ മൂല്യനിർണയവുമായി ബന്ധപ്പെട്ട വിവാദങ്ങളും ഓൺസ്‌ക്രീൻ മാർക്കിങ് (ഒഎസ്എം) സംവിധാനത്തെ ചുറ്റിപ്പറ്റിയുള്ള പരാതികളും ശക്തമായ സാഹചര്യത്തിൽ സിബിഎസ്ഇയിലെ ഉന്നതതലത്തിൽ കേന്ദ്രസർക്കാർ നടപടി. സിബിഎസ്ഇ ചെയർമാൻ രാഹുൽ സിങ്ങിനെയും സെക്രട്ടറി ഹിമാൻഷു സിങ്ങിനെയും സ്ഥലംമാറ്റി. അതോടൊപ്പം ഒഎസ്എം സേവനങ്ങൾക്കായുള്ള ടെൻഡർ നടപടികളെക്കുറിച്ച് അന്വേഷണത്തിനും ഉത്തരവിട്ടു.
പ്ലസ് ടു പരീക്ഷാ ഫലപ്രഖ്യാപനത്തിന് പിന്നാലെ മൂല്യനിർണയത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി വിദ്യാർഥികളും രക്ഷിതാക്കളും വ്യാപകമായി പരാതിപ്പെട്ടിരുന്നു. ചില ഉത്തരങ്ങൾ പരിശോധിക്കപ്പെടാതിരിക്കുകയും മാർക്ക് കൂട്ടുന്നതിൽ തെറ്റുകൾ സംഭവിക്കുകയും സ്‌കാൻ ചെയ്ത ഉത്തരക്കടലാസുകളുടെ വ്യക്തതക്കുറവ് മൂലം വിലയിരുത്തലിൽ പ്രശ്‌നങ്ങൾ ഉണ്ടായെന്നുമാണ് ആരോപണം.
ഈ വർഷമാണ് സിബിഎസ്ഇ പ്ലസ് ടു പരീക്ഷകളിൽ ആദ്യമായി ഓൺസ്‌ക്രീൻ മാർക്കിങ് സംവിധാനം നടപ്പാക്കിയത്. ഉത്തരക്കടലാസുകളുടെ സ്‌കാൻ ചെയ്ത പകർപ്പുകൾ ഉപയോഗിച്ചാണ് അധ്യാപകർ മൂല്യനിർണയം നടത്തിയത്. എന്നാൽ ഫലം പുറത്തുവന്നതോടെ സംവിധാനത്തിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിൽ പരാതികൾ ഉയർന്നു.
ഒഎസ്എം സംവിധാനത്തിനായുള്ള സേവനദാതാവിനെ തെരഞ്ഞെടുത്ത രീതിയും സൈബർ സുരക്ഷാ വീഴ്ചകളും പുനർമൂല്യനിർണയ നടപടികളിലെ കാലതാമസവും വിവാദങ്ങൾക്ക് കൂടുതൽ ആക്കം കൂട്ടി. ഇതോടെയാണ് കേന്ദ്രസർക്കാർ നേരിട്ട് ഇടപെട്ടത്.
പരാതികൾ അന്വേഷിക്കുന്നതിനായി എസ്. രാധ ചൗഹാന്റെ നേതൃത്വത്തിൽ ഏകാംഗ സമിതിയെ നിയോഗിച്ചു. ടെൻഡർ നടപടികളും സേവനദാതാവിന്റെ തിരഞ്ഞെടുപ്പും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുന്ന സമിതി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ആവശ്യമായാൽ വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സഹായം തേടാനും സമിതിക്ക് അധികാരമുണ്ട്.
വിവാദം ശക്തമായതോടെ സിബിഎസ്ഇ നേരത്തെ നിരവധി വിശദീകരണങ്ങൾ നൽകുകയും പരാതികൾ പരിശോധിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. എന്നാൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ തുടരുന്നതിനിടെയാണ് കേന്ദ്രസർക്കാർ ഉന്നതതലത്തിൽ അഴിച്ചുപണിക്കും അന്വേഷണത്തിനും ഒരേസമയം തുടക്കമിട്ടിരിക്കുന്നത്.
സിബിഎസ്ഇയിൽ മൂല്യനിർണയ വിവാദം പുകയുന്നു; ചെയര്‍മാനെയും സെക്രട്ടറിയെയും മാറ്റി, ടെൻഡർ നടപടിയിൽ കേന്ദ്ര അന്വേഷണവും
