പശ്ചിമേഷ്യൻ സംഘർഷത്തിന്റെ സാമ്പത്തിക ആഘാതം; വിദേശനാണ്യ ശേഖരം സംരക്ഷിക്കാൻ 12 ബില്യൺ ഡോളറിന്റെ സ്വർണം വിറ്റ് ആർബിഐ

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ സാമ്പത്തിക ആഘാതം; വിദേശനാണ്യ ശേഖരം സംരക്ഷിക്കാൻ 12 ബില്യൺ ഡോളറിന്റെ സ്വർണം വിറ്റ് ആർബിഐ


ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷവും അതിനെ തുടർന്നുണ്ടായ സാമ്പത്തിക സമ്മർദങ്ങളും നേരിടുന്നതിനായി ഇന്ത്യൻ റിസർവ് ബാങ്ക് (ആർബിഐ) 12 ബില്യൺ ഡോളർ (ഏകദേശം 1.14 ലക്ഷം കോടി രൂപ) മൂല്യമുള്ള സ്വർണം വിറ്റഴിച്ചതായി റിപ്പോർട്ട്.  ആർബിഐയുടെ ഈ നടപടി വിദേശനാണ്യ ശേഖരം ശക്തിപ്പെടുത്താനും രൂപയുടെ മൂല്യത്തകർച്ച നിയന്ത്രിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പ്രകാരം, മേയ് 22ന് അവസാനിച്ച രണ്ടാഴ്ചയ്ക്കിടെയാണ് ഈ വൻതോതിലുള്ള സ്വർണ വിൽപ്പന നടന്നത്. ഇതേ കാലയളവിൽ ആർബിഐയുടെ വിദേശ കറൻസി ആസ്തികളിൽ 7.5 ബില്യൺ ഡോളറിന്റെ വർധനയും രേഖപ്പെടുത്തി. വിദേശവിനിമയ വിപണിയിൽ ആവശ്യമായപ്പോൾ അതിവേഗം ഇടപെടാൻ കഴിയുന്ന തരത്തിൽ കൂടുതൽ ദ്രവ്യസ്വഭാവമുള്ള ആസ്തികൾ കൈവശം വയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വർണം വിറ്റഴിച്ചതെന്നാണ് വിലയിരുത്തൽ.

ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് പശ്ചിമേഷ്യയിലെ സംഘർഷം വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇറാൻ സംഘർഷവും ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വവും എണ്ണവില ഉയരാൻ കാരണമായി. അതോടൊപ്പം വിദേശ നിക്ഷേപകരുടെ പിന്മാറ്റവും രൂപയുടെ മൂല്യത്തെ സമ്മർദത്തിലാക്കി. മെയ് 20ന് രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതായും ജൂൺ 2ന് ഡോളറിനെതിരെ 95.17 എന്ന നിരക്കിലാണ് വ്യാപാരം നടന്നതായും റിപ്പോർട്ടുകൾ പറയുന്നു.

2026 മാർച്ച് അവസാനത്തിലെ കണക്കുകൾ പ്രകാരം ആർബിഐയുടെ കൈവശം 880.52 മെട്രിക് ടൺ സ്വർണ ശേഖരമുണ്ട്. അതേസമയം, വിദേശ ബാങ്കുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിന്റെ ഒരു ഭാഗം ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് ഇംഗ്ലണ്ടും  ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റ്‌സുമാണ് ഇന്ത്യയുടെ വിദേശ സ്വർണശേഖരത്തിന്റെ പ്രധാന സംഭരണ കേന്ദ്രങ്ങൾ.

ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിൽ രൂപയുടെ മൂല്യം സ്ഥിരപ്പെടുത്തുന്നതിനായി കൂടുതൽ നടപടികളും പരിഗണനയിലുണ്ട്. വിദേശ നിക്ഷേപം ആകർഷിക്കുന്നതിന് പലിശനിരക്കുകളിൽ മാറ്റം വരുത്തുക, ഡോളർ ഒഴുക്ക് വർധിപ്പിക്കുക, വിലപിടിപ്പുള്ള ലോഹങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുക തുടങ്ങിയ മാർഗങ്ങളാണ് പരിശോധിക്കുന്നത്.

യുക്രെയിൻ യുദ്ധത്തിന് പിന്നാലെ റഷ്യയുടെ വിദേശ കരുതൽ ശേഖരങ്ങൾ മരവിപ്പിക്കപ്പെട്ട സംഭവവും വിദേശത്ത് ആസ്തികൾ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകൾ വർധിപ്പിച്ച പശ്ചാത്തലത്തിൽ, സ്വർണ ശേഖരത്തിന്റെ ഒരു ഭാഗം രാജ്യത്തിനകത്തേക്ക് മാറ്റാനുള്ള നീക്കങ്ങൾക്കും പ്രാധാന്യം വർധിച്ചിരിക്കുകയാണ്.