ചെന്നൈ: തമിഴ്‌നാട് ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി ദേശീയ നേതൃത്വത്തിന് രാജിക്കത്ത് സമർപ്പിച്ചതായി റിപ്പോർട്ട്. ന്യൂഡൽഹിയിൽ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിന് അദ്ദേഹം രാജിക്കത്ത് കൈമാറിയെന്നാണ് വിവരം.
മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ തമിഴ്‌നാട്ടിൽ സ്വന്തം പ്രാദേശിക രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ആലോചിക്കുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മതേതര നിലപാടും 'തമിഴ് ആദ്യം' എന്ന ആശയവും ഉയർത്തിപ്പിടിക്കുന്ന പുതിയ പാർട്ടി ആറു മുതൽ എട്ട് മാസത്തിനുള്ളിൽ പ്രഖ്യാപിക്കപ്പെടാനിടയുണ്ടെന്നാണ് സൂചന. സംസ്ഥാനത്ത് ബിജെപിക്ക് ബദലായി സ്വയം സ്ഥാപിക്കാനാണ് പുതിയ രാഷ്ട്രീയ നീക്കമെന്നും റിപ്പോർട്ടുകളിലുണ്ട്.
തമിഴ് സ്വത്വവും ദേശീയ കാഴ്ചപ്പാടും സമന്വയിപ്പിക്കുന്ന രാഷ്ട്രീയ വേദിയാണ് അണ്ണാമലൈ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളോടുള്ള എതിർപ്പ് വിഷയാധിഷ്ഠിതമായിരിക്കുമെന്നും അവർ പറയുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി തമിഴ്‌നാട്ടിലെ രാഷ്ട്രീയ തന്ത്രങ്ങളെച്ചൊല്ലി അണ്ണാമലൈക്കും ബിജെപി നേതൃത്വത്തിനും ഇടയിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നതായാണ് റിപ്പോർട്ടുകൾ. പ്രത്യേകിച്ച് എഐഎഡിഎംകെയുമായുള്ള സഖ്യം പുനഃസ്ഥാപിക്കാനുള്ള ബിജെപി തീരുമാനം അണ്ണാമലൈക്ക് താൽപര്യമില്ലായിരുന്നുവെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാർഥി നിർണയത്തിലും അദ്ദേഹത്തിന് അതൃപ്തിയുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
സഖ്യങ്ങളെ ആശ്രയിക്കുന്നതിന് പകരം തമിഴ്‌നാട്ടിൽ ബിജെപിയുടെ സംഘടനാ അടിത്തറ ശക്തിപ്പെടുത്തുന്നതിനാണ് അണ്ണാമലൈ മുൻഗണന നൽകിയിരുന്നത്. പാർട്ടിയുടെ സ്വാധീനം സംസ്ഥാനത്ത് വർധിപ്പിച്ചശേഷം മാത്രമേ വലിയ തിരഞ്ഞെടുപ്പ് സഖ്യങ്ങളിലേക്ക് പോകാവൂ എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്.
അതേസമയം, ഭരണകക്ഷിയായ ഡിഎംകെയെ നേരിടാൻ എഐഎഡിഎംകെയുമായുള്ള സഖ്യമാണ് ഏറ്റവും ഫലപ്രദമെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. ഈ രാഷ്ട്രീയ സമീപന വ്യത്യാസങ്ങളാണ് അണ്ണാമലൈയും പാർട്ടി നേതൃത്വവും തമ്മിലുള്ള അകലം വർധിപ്പിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ബിജെപിയോട് വിട പറഞ്ഞ് അണ്ണാമലൈ; തമിഴ്‌നാട്ടിൽ പുതിയ പാർട്ടി രൂപീകരണത്തിന് നീക്കം
