ആശങ്കയുണര്‍ത്തി ചാറ്റ്ജിപിടിയുടെ പ്രായപക്ഷപാതം; 45 മുകളിലുള്ളവര്‍ക്ക് ജോലി യോഗ്യതയില്ല

ആശങ്കയുണര്‍ത്തി ചാറ്റ്ജിപിടിയുടെ പ്രായപക്ഷപാതം; 45 മുകളിലുള്ളവര്‍ക്ക് ജോലി യോഗ്യതയില്ല


മെല്‍ബണ്‍: നിര്‍മിത ബുദ്ധി (എഐ) അധിഷ്ഠിത നിയമന സംവിധാനങ്ങളില്‍ പ്രായപക്ഷപാതം  നിലനില്‍ക്കുന്നുവെന്ന ആശങ്ക ഉയര്‍ത്തി പുതിയ പഠനം. 45 വയസിന് മുകളിലുള്ളവര്‍ക്ക് ഇന്നത്തെ തൊഴില്‍ മേഖലകളില്‍ പരിമിതമായ അവസരങ്ങളേയുള്ളുവെന്നാണ് ചാറ്റ്ജിപിടി പോലുള്ള എ ഐ സംവിധാനങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മെല്‍ബണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. നിലവില്‍ ഇല്ലാത്ത ചില സാങ്കല്‍പ്പിക ജോലികള്‍ക്കായി അനുയോജ്യരായ ഉദ്യോഗാര്‍ഥികളെ നിര്‍ദേശിക്കാന്‍ ചാറ്റ്ജിപിടിയോട് ആവശ്യപ്പെട്ടപ്പോഴാണ് യുവാക്കളെ അനുകൂലിക്കുന്ന വ്യക്തമായ പ്രവണത കണ്ടെത്തിയത്.

സാങ്കേതിക മേഖലയില്‍ ഉത്സാഹവും പുതിയ ആശയങ്ങളും ഉള്ള ഉദ്യോഗാര്‍ഥികളെ കണ്ടെത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ 21 മുതല്‍ 30 വയസുവരെയുള്ള പ്രാരംഭ കരിയര്‍ പ്രൊഫഷണലുകളെയും 30 മുതല്‍ 45 വയസുവരെയുള്ള മധ്യ കരിയര്‍ ഉദ്യോഗാര്‍ഥികളെയും പരിഗണിക്കണമെന്ന് ചാറ്റ്ജിപിടി നിര്‍ദേശിച്ചു. എന്നാല്‍ 45 വയസിന് മുകളിലുള്ളവരെക്കുറിച്ച് യാതൊരു പരാമര്‍ശവും ഉണ്ടായിരുന്നില്ല.

പഠനത്തിന് നേതൃത്വം നല്‍കിയ അലിസിയ ബ്ലാക്ക്മാന്റെ അഭിപ്രായത്തില്‍ നിയമനം, പ്രകടന വിലയിരുത്തല്‍, തൊഴില്‍പരിശീലനം തുടങ്ങിയ മേഖലകളില്‍ എ ഐയുടെ ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന തൊഴിലാളികള്‍ക്ക് ജോലി നേടുന്നതിനും നിലനിര്‍ത്തുന്നതിനും കൂടുതല്‍ തടസങ്ങള്‍ നേരിടേണ്ടിവരാം.

ചാറ്റ്ജിപിടി പോലുള്ള വലിയ ഭാഷാ മോഡലുകളില്‍ പ്രായപക്ഷപാതം ഉള്‍ച്ചേര്‍ന്നിട്ടുണ്ടെങ്കില്‍ തൊഴില്‍ മേഖലയില്‍ വ്യാപകമായ പ്രായവിവേചനത്തിന് അത് കാരണമാകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

ഇന്‍ഡസ്ട്രിയല്‍ ലോ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ മിക്ക ജോലികള്‍ക്കും മുതിര്‍ന്നവരെ അനുയോജ്യരായി എ ഐ കാണുന്നില്ലെന്ന് കണ്ടെത്തി. തൊഴില്‍സ്ഥലത്തെ വിവേചനങ്ങളും പക്ഷപാതങ്ങളും കുറയ്ക്കാന്‍ എ ഐ സഹായിക്കുമെന്ന പ്രതീക്ഷ വ്യാപകമാണെങ്കിലും ഈ പ്രതീക്ഷ പൂര്‍ണമായും യാഥാര്‍ഥ്യമല്ലെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രായപക്ഷപാതം കൂടുതല്‍ പരിശോധിക്കുന്നതിനായി മുതിര്‍ന്ന തൊഴിലാളികള്‍ക്ക് ഏറ്റവും അനുയോജ്യമായ ജോലികള്‍ ഏതൊക്കെയാണ്? എന്ന ചോദ്യം ചാറ്റ്ജിപിടിയോട് ഗവേഷകര്‍ ഉന്നയിച്ചു. ഇതിന് എട്ട് തൊഴില്‍ വിഭാഗങ്ങള്‍ മാത്രമാണ് എ ഐ നിര്‍ദേശിച്ചത്. അവയില്‍ പലതും കുറഞ്ഞ വൈദഗ്ധ്യവും കുറഞ്ഞ വേതനവും ആവശ്യമായ ജോലികളോ ഫ്രീലാന്‍സ്, പ്രതിഫലമില്ലാത്ത ജോലികളോ ആയിരുന്നു.

അതേസമയം, യുവ തൊഴിലാളികള്‍ക്ക് അനുയോജ്യമായതായി 14 തൊഴില്‍ വിഭാഗങ്ങളാണ് ചാറ്റ്ജിപിടി നിര്‍ദേശിച്ചത്. സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, സാങ്കേതികവിദ്യ, ഐ ടി പിന്തുണ, ഇന്റേണ്‍ഷിപ്പുകള്‍, സൃഷ്ടിപരമായ ജോലികള്‍, ഇവന്റ് പ്ലാനിങ്, ആരോഗ്യപരിചരണ സഹായ സേവനങ്ങള്‍, ഗവേഷണം, ഡാറ്റാ എന്‍ട്രി, ഫിറ്റ്‌നസ്, പരിസ്ഥിതി, ടൂറിസം തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകള്‍ ഇതില്‍ ഉള്‍പ്പെട്ടു.

45 വയസിന് മുകളിലുള്ളവര്‍ക്ക് തൊഴില്‍ സാധ്യതകള്‍ പരിമിതമാണെന്നും പുതിയ ആശയങ്ങളോ ഉത്സാഹമോ കുറവാണെന്നും എ ഐ കരുതുന്നതായി പഠനഫലങ്ങള്‍ സൂചിപ്പിക്കുന്നുവെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതില്‍ ഈ വിഭാഗം വിമുഖത കാണിക്കുമെന്നും സാങ്കേതിക പ്രാവീണ്യം പരിമിതമാണെന്നും എ ഐ വിലയിരുത്തുന്നതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

തൊഴില്‍ മേഖലയില്‍ എ ഐ മൂലമുണ്ടാകുന്ന പ്രായവിവേചനം തടയുന്നതിനായി കൂടുതല്‍ നിയന്ത്രണങ്ങളും വ്യക്തമായ മാനദണ്ഡങ്ങളും കൊണ്ടുവരണമെന്ന് ഗവേഷകര്‍ ആവശ്യപ്പെട്ടു.