ബാങ്കോക്ക്: ചാറ്റുചാക് ജില്ലയിലുള്ള ഒരു ബാറിലുണ്ടായ വന്‍ തീപിടിത്തത്തില്‍ കുറഞ്ഞത് 28 പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ 25 പേര്‍ ഉള്‍പ്പെടെ 71 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
റോങ് ബിയര്‍ നാ ലാത് ഫ്രാവോ എന്ന ബാറിലാണ് തീപിടിത്തമുണ്ടായത്. വേദിക്ക് സമീപത്തുനിന്ന് ആരംഭിച്ച തീ അതിവേഗം ബാറിലാകെ പടരുകയും വൈദ്യുതി വിതരണം നിലച്ചതോടെ പുക മുറിയാകെ നിറയുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാസേന അരമണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും ബാറിലെ ശുചിമുറിയില്‍ നിന്നാണ് ഭൂരിഭാഗം മൃതദേഹങ്ങളും കണ്ടെത്തിയത്. തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാനായി പലരും അവിടെ അഭയം തേടിയതായാണ് കരുതുന്നതെന്ന് ദേശീയ പൊലീസ് മേധാവി കിത്രത് പന്‍ഫെറ്റ് പറഞ്ഞു.
ലാവോസ് സ്വദേശിയായ 24-കാരന്‍ കെയ്വ്-ഉഡോണ്‍ പൗങ്പന്യ് തന്റെ ഇളയ സഹോദരനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് കണ്ണീരോടെ മാധ്യമങ്ങളോട് പറഞ്ഞു. തീപിടിത്തമുണ്ടായപ്പോള്‍ അഗ്നിശമന ഉപകരണം ഉപയോഗിച്ച് വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും മുന്നോട്ട് പോകാനായില്ലെന്നും അകത്തുനിന്ന് ആളുകളുടെ നിലവിളി കേള്‍ക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രാഥമിക അന്വേഷണത്തില്‍ എയര്‍ കണ്ടീഷണറിലുണ്ടായ വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് സംശയം. എന്നാല്‍ ഔദ്യോഗികമായി കാരണം സ്ഥിരീകരിച്ചിട്ടില്ല. സമഗ്ര അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
സംഭവസമയത്ത് പുകവലിക്കാന്‍ പുറത്തേക്കിറങ്ങിയതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്ന് 41-കാരിയായ ഉസ തദ്സ്രീ പറഞ്ഞു.
സംഭവസ്ഥലം സന്ദര്‍ശിച്ച തായ്ലന്‍ഡ് പ്രധാനമന്ത്രി അനുടിന്‍ ചാര്‍ന്‍വിരകുല്‍ തീപിടിത്തസമയത്ത് വേദിയില്‍ സംഗീതപരിപാടി അവതരിപ്പിച്ച കലാകാരനുമായി സംസാരിച്ചതായി പറഞ്ഞു. വലിയ പൊട്ടിത്തെറിയാണ് ആദ്യം കേട്ടതെന്നും തുടര്‍ന്ന് പുകയും തീയും പടര്‍ന്നതോടെ ആളുകള്‍ പരിഭ്രാന്തരായി ഓടിയെന്നും കലാകാരന്‍ അറിയിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
ബാറിന്റെ മേല്‍ക്കൂരയിലെ തീപിടിക്കാന്‍ സാധ്യതയുള്ള അലങ്കാര സാമഗ്രികള്‍ തീ അതിവേഗം പടരാന്‍ കാരണമായിരിക്കാമെന്ന് ബാങ്കോക്ക് ഗവര്‍ണര്‍ ചാച്ചാര്‍ട്ട് സിത്തിപുണ്ട് പറഞ്ഞു. അടിയന്തര പുറംവാതിലിന് സമീപം അബോധാവസ്ഥയില്‍ ചിലരെ കണ്ടെത്തിയതായും പുറംവാതില്‍ തടസപ്പെട്ടിരുന്നോ എന്നതും ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
പരിക്കേറ്റവരില്‍ 25 പേരുടെ നില ഗുരുതരമാണ്. 14 പേര്‍ക്ക് മിതമായ പരിക്കും 32 പേര്‍ക്ക് നിസ്സാര പരിക്കുമുണ്ട്. ബാറിന്റെ ഉടമയും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഭൂരിഭാഗവും പുക ശ്വസിച്ചതിനെ തുടര്‍ന്നാണ് മരിച്ചതെന്ന് ബാങ്കോക്ക് ദുരന്തനിവാരണ വിഭാഗം ഡയറക്ടര്‍ സുരിയാചായ് റാവിവാന്‍ പറഞ്ഞു.
സംഭവത്തിന് പിന്നാലെ ബാര്‍ 30 ദിവസത്തേക്ക് അടച്ചിടാന്‍ ചാറ്റുചാക് ജില്ലാ ഭരണകൂടം ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 29,300 തായ് ബാത്തും ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ക്ക് 4,000 തായ് ബാത്തും ധനസഹായമായി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
തായ്ലന്‍ഡില്‍ സമീപകാലത്ത് ഉണ്ടായ ഏറ്റവും വലിയ തീപിടിത്ത ദുരന്തങ്ങളിലൊന്നാണിത്. 2022-ല്‍ ബാങ്കോക്കിന് തെക്കുള്ള ഒരു ബാറിലുണ്ടായ തീപിടിത്തത്തില്‍ 22 പേര്‍ മരിച്ചിരുന്നു. 2009-ലെ പുതുവത്സരാഘോഷത്തിനിടെ ബാങ്കോക്കിലെ ഒരു നിശാക്ലബിലുണ്ടായ തീപിടിത്തത്തില്‍ 66 പേര്‍ മരിക്കുകയും 200-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
