വാഷിംഗ്ടണ്‍: ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ലോകത്തിലെ ഏറ്റവും നിര്‍ണായകമായ എണ്ണക്കപ്പല്‍ പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുകയാണെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് അമേരിക്കയ്ക്ക് പ്രതിഫലം ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ഫോക്‌സ് ആന്‍ഡ് ഫ്രണ്ട്‌സ്' പരിപാടിയില്‍ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. 'ഞങ്ങള്‍ ഹോര്‍മുസ് കടലിടുക്ക് ഏറ്റെടുക്കുകയാണ്. അവര്‍ക്ക് ഇനി ഒന്നുമില്ല. 47 വര്‍ഷം മുമ്പുതന്നെ ഇറാനില്‍ നിന്നുള്ള ഭീഷണി അമേരിക്ക നേരിടേണ്ടിയിരുന്നതായിരുന്നു,' ട്രംപ് പറഞ്ഞു.
ലോകത്തെ എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും ഏകദേശം അഞ്ചിലൊന്ന് ഹോര്‍മുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. അതിനാല്‍ ആ പാതയുടെ സുരക്ഷ ഉറപ്പാക്കുന്നത് അമേരിക്ക തുടരുമെന്നും അതിന്റെ 'രക്ഷാധികാരി' ആകുമെന്നും ട്രംപ് പറഞ്ഞു.
ങ്ങള്‍ കടലിടുക്ക് സംരക്ഷിക്കുകയും ഒരുപക്ഷേ അതിന്റെ നടത്തിപ്പും ഏറ്റെടുക്കുകയും ചെയ്യുമെന്നും കടലിടുക്കിന്റെ 'ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍' എന്ന പേരില്‍ പോലും അറിയപ്പെടാമെന്നും പറഞ്ഞ ട്രംപ് അതിനുള്ള ചെലവ് തങ്ങള്‍ക്ക് തിരികെ ലഭിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
ഇറാനുമായുള്ള 11 മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ എല്ലാ കാര്യങ്ങളിലും ധാരണയായിരുന്നുവെന്നും പിന്നീട് ഇറാന്‍ ചില വ്യവസ്ഥകളില്‍ മാറ്റം ആവശ്യപ്പെട്ടുവെന്നുമാണ് ട്രംപ് അവകാശപ്പെട്ടത്. എന്നാല്‍ ഏത് കരാറിനെയാണ് അദ്ദേഹം പരാമര്‍ശിച്ചതെന്ന് വ്യക്തമാക്കിയില്ല.
ഇറാന്റെ നാവികസേനയും വ്യോമസേനയും മിസൈല്‍ ശേഷിയും ഏതാണ്ട് പൂര്‍ണമായി തകര്‍ത്തതായും നിരവധി ഇറാനിയന്‍ നേതാക്കള്‍ കൊല്ലപ്പെട്ടതായും ട്രംപ് വീണ്ടും അവകാശപ്പെട്ടു. എന്നാല്‍ ഈ വാദങ്ങള്‍ക്ക് അനുകൂലമായ തെളിവുകളൊന്നും അദ്ദേഹം ഹാജരാക്കിയില്ല.
