ടൊറന്റോ സ്ട്രീറ്റ് ഫെസ്റ്റിവലിലെ വെടിവെപ്പ്: മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു; അന്വേഷണം തുടരുന്നു

ടൊറന്റോ സ്ട്രീറ്റ് ഫെസ്റ്റിവലിലെ വെടിവെപ്പ്: മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു; അന്വേഷണം തുടരുന്നു


ടൊറന്റോ: സാല്‍സ ഓണ്‍ സെന്റ് ക്ലെയര്‍ സ്ട്രീറ്റ് ഫെസ്റ്റിവലിനിടെയുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ടുപേരെ പൊലീസ് തിരിച്ചറിഞ്ഞു. 25കാരനായ ഷക്വാന്‍ ക്വാഷിയും 20കാരനായ സീസര്‍ വെര്‍നാസയും ആണ് മരിച്ചത്. ഇരുവരും പരസ്പരം പരിചയമുള്ളവരായിരുന്നെന്നും ഇവരെ ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നുവെന്നും ടൊറന്റോ പൊലീസ് അറിയിച്ചു.

ശനിയാഴ്ച രാത്രി എട്ട് മണിയോടെ സെന്റ് ക്ലെയര്‍ അവന്യൂ വെസ്റ്റിനും ആര്‍ലിങ്ടണ്‍ അവന്യൂവിനും സമീപമാണ് വെടിവെപ്പുണ്ടായത്. പരസ്പര വെടിവെപ്പില്‍ അഞ്ച് പേര്‍ക്ക് കൂടി വെടിയേറ്റെങ്കിലും അവരുടെ പരിക്കുകള്‍ ഗുരുതരമല്ല.

സംഭവസ്ഥലത്ത് നിന്ന് രണ്ട് തോക്കുകള്‍ കണ്ടെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവസമയത്ത് പ്രദേശത്തുണ്ടായിരുന്നവരോട് ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും കൈമാറാന്‍ അന്വേഷണസംഘം അഭ്യര്‍ഥിച്ചിട്ടുണ്ട്.

സാമൂഹിക മാധ്യമങ്ങളില്‍ സംഭവത്തിന്റെയും അതിനുശേഷമുള്ള പരിഭ്രാന്തിയുടെയും ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സി ബി സി ന്യൂസിന് ലഭിച്ച സുരക്ഷാ ക്യാമറ ദൃശ്യങ്ങളില്‍ രാത്രി എട്ടുമണിയോടെ ആദ്യഘട്ടത്തിലും തുടര്‍ന്ന് ഏകദേശം 45 മിനിറ്റിന് ശേഷം വീണ്ടും ആളുകള്‍ പരിഭ്രാന്തരായി ഓടിപ്പോകുന്നതും കാണാം.

സംഭവസ്ഥലത്തിന് സമീപമുള്ള ഒരു ഭക്ഷണശാലയുടെ ഉടമ ഡോണോവന്‍ വോങ് ആളുകള്‍ കൂട്ടത്തോടെ ഓടിയെത്തിയതോടെ എന്തോ ഗുരുതരമായ സംഭവം നടന്നെന്ന് മനസ്സിലായതായി പറഞ്ഞു. നിരവധി പേര്‍ തന്റെ കടയ്ക്കുള്ളില്‍ അഭയം തേടിയതിനെ തുടര്‍ന്ന് സുരക്ഷയ്ക്കായി കടയുടെ മുന്‍വാതില്‍ അടയ്‌ക്കേണ്ടിവന്നെന്നും പിന്നിലെ വാതിലിലൂടെ 20ഓളം പേരെ അകത്തേക്ക് പ്രവേശിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

സംഭവം നടന്ന മേഖലയെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ് അംഗം ലെസ്ലി ചര്‍ച്ച് പൊതുസുരക്ഷ ശക്തിപ്പെടുത്താന്‍ പൊലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചു.

പൊതുസ്ഥലങ്ങളില്‍ വെടിവെപ്പില്‍ ആളുകള്‍ കൊല്ലപ്പെടുന്ന സംഭവങ്ങളെ ഫസ്റ്റ് ഡിഗ്രി കൊലപാതകമായി കണക്കാക്കുന്ന തരത്തില്‍ ഫെഡറല്‍ നിയമത്തില്‍ ഭേദഗതി വേണമെന്ന് ടൊറന്റോ പൊലീസ് മേധാവി മൈറണ്‍ ഡെംകിവ് ആവശ്യപ്പെട്ടു. പൊതുസ്ഥലത്ത് തോക്ക് ഉപയോഗിക്കുന്നത് അതീവ ഗുരുതര കുറ്റമായി പരിഗണിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ടൊറന്റോയില്‍ ഈ വര്‍ഷം നടന്ന 19-ാമത്തെയും 20-ാമത്തെയും കൊലപാതകങ്ങളാണ് ഫെസ്റ്റിവലിലെ ഈ ഇരട്ടക്കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. ജൂലൈ മാസത്തില്‍ മാത്രം നഗരത്തില്‍ ആറ് തവണ തോക്കുപയോഗിച്ചുള്ള ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഫിഫ ലോകകപ്പ് 2026-ന്റെ ഭാഗമായി നടപ്പാക്കിയ സുരക്ഷാ ക്രമീകരണങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നഗരത്തിലെ വലിയ പൊതുപരിപാടികള്‍ക്ക് കൂടുതല്‍ ശക്തമായ സുരക്ഷാ സംവിധാനം ഒരുക്കുമെന്ന് ടൊറന്റോ മേയര്‍ ഒലിവിയ ചൗ പറഞ്ഞു. നഗരത്തിലെ വിവിധ ഫെസ്റ്റിവല്‍ സംഘാടകരുമായി കൂടിക്കാഴ്ച നടത്തി സുരക്ഷാ മാനദണ്ഡങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും അവര്‍ അറിയിച്ചു.

സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പ്രതികളെ കണ്ടെത്താന്‍ സാക്ഷിമൊഴികളും ദൃശ്യ തെളിവുകളും ശേഖരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. വിവരമുള്ളവര്‍ പൊലീസിനെ ബന്ധപ്പെടുകയോ ഇതിനായി തയ്യാറാക്കിയ പ്രത്യേക ക്യു ആര്‍ കോഡ് വഴി ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും കൈമാറുകയോ ചെയ്യണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.