തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ ചരക്കുകള്‍ക്കും 20 ശതമാനം പ്രതിഫലം ഈടാക്കുമെന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ പരിഹസിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറഘ്ചി. ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രതിഫലം ലഭിക്കണമെന്ന കാര്യത്തില്‍ ട്രംപ് പറഞ്ഞത് ശരിയാണെങ്കിലും 20 ശതമാനം എന്നത് അമിതമാണെന്നും ഹോര്‍മുസിന്റെ യഥാര്‍ഥ 'രക്ഷാധികാരി' ഇറാനാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു അരാഘ്ചിയുടെ പ്രതികരണം.
ഹോര്‍മുസ് കടലിടുക്കിലൂടെ വാണിജ്യ കപ്പലുകള്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുന്നവര്‍ക്ക് അതിന് പ്രതിഫലം ലഭിക്കണം എന്ന ട്രംപിന്റെ വാദം ശരിയാണെന്നും എന്നാല്‍ ഹോര്‍മുസ് കടലിടുക്കിന്റെ രക്ഷാധികാരി എന്നും ഇറാനാണെന്നും എന്നും അങ്ങനെ തന്നെ തുടരുമെന്നും പറഞ്ഞ അദ്ദേഹം 20 ശതമാനം എന്നത് തീര്‍ച്ചയായും വളരെ കൂടുതലാണെന്നും തങ്ങള്‍ ന്യായമായ നിലപാടായിരിക്കും സ്വീകരിക്കുകയെന്നും കുറിച്ചു.
ലോകത്തിലെ ഏറ്റവും നിര്‍ണായകമായ സമുദ്ര വ്യാപാര പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ചെലവെന്ന പേരില്‍ കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ ചരക്കുകള്‍ക്കും 20 ശതമാനം പ്രതിഫലം അമേരിക്ക ഈടാക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഹോര്‍മുസ് കടലിടുക്ക് 'ഇറാന്‍ ഉണ്ടായാലും ഇല്ലെങ്കിലും' തുറന്നുകിടക്കുമെന്നും ഇറാനെതിരായ നാവിക ഉപരോധം പുനഃസ്ഥാപിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
ട്രംപിന്റെയും അരാഘ്ചിയുടെയും പരസ്യ പ്രസ്താവനകള്‍ വാഷിംഗ്ടണും തെഹ്‌റാനും തമ്മിലുള്ള വാക്പോരിന് കൂടുതല്‍ മൂര്‍ച്ച കൂട്ടിയിരിക്കുകയാണ്.
