തെഹ്‌റാന്‍: തെക്കന്‍ ഇറാനിലെ വിവിധ പ്രദേശങ്ങളില്‍ തുടര്‍ച്ചയായി നിരവധി സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവങ്ങളുടെ സ്വഭാവവും കാരണവും സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇറാനിയന്‍ ഔദ്യോഗിക, അര്‍ധ ഔദ്യോഗിക മാധ്യമങ്ങള്‍ അറിയിച്ചു.
ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സുമായി (ഐ ആര്‍ ജി സി) ബന്ധമുള്ള തസ്‌നീം വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം ബന്ദര്‍ അബ്ബാസ്, ലാരക്, കോനാറക് എന്നിവിടങ്ങളിലാണ് സ്ഫോടനശബ്ദങ്ങള്‍ കേട്ടത്.
ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ ബന്ദര്‍ അബ്ബാസിന് കിഴക്കായി നാല് സ്ഫോടനങ്ങള്‍ കേട്ടതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ ആര്‍ എന്‍ എ റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനങ്ങളുടെ സ്വഭാവം എന്താണെന്ന് ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഐ ആര്‍ എന്‍ എ അറിയിച്ചു.
ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്നുള്ള തന്ത്രപ്രധാന തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസില്‍ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം സജ്ജമാക്കിയതായും തസ്‌നീം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.
തെക്കുകിഴക്കന്‍ ഇറാനിലെ ചാബഹാര്‍, കോനാറക്, ദഷ്ടിയാരി എന്നിവിടങ്ങളിലും വലിയ സ്ഫോടനശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ചാബഹാറിലും കോനാറക്കിലും ഉണ്ടായ ആറു സ്ഫോടനങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും സ്ഫോടനങ്ങള്‍ നടന്ന കൃത്യമായ സ്ഥലങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും തസ്‌നീം വ്യക്തമാക്കി.
അതേസമയം, ഹോര്‍മുസ് കടലിടുക്കില്‍ 'നിയമലംഘനം നടത്തിയ' നിരവധി കപ്പലുകള്‍ ലക്ഷ്യമിട്ടതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് തസ്‌നീം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഏത് രാജ്യത്തിന്റെ കപ്പലുകളാണെന്നോ എന്തുതരത്തിലുള്ള നടപടിയാണ് നടന്നതെന്നോ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. ഈ അവകാശവാദത്തിന് ഔദ്യോഗിക സ്ഥിരീകരണവും ഇതുവരെ ലഭ്യമായിട്ടില്ല.
അടുത്ത ദിവസങ്ങളിലായി ചാബഹാറിലെ ചില പ്രദേശങ്ങള്‍ അമേരിക്കന്‍ സൈന്യം ആക്രമിച്ചതായും തസ്‌നീം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിന് അനുകൂലമായ തെളിവുകളൊന്നും റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടില്ല. അമേരിക്കയുടെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ പ്രതികരണമുണ്ടായിട്ടില്ല.
സംഭവങ്ങളെക്കുറിച്ച് ഇറാന്‍ സര്‍ക്കാര്‍ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. സ്ഫോടനങ്ങളുടെ കാരണം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
