ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍: ചര്‍ച്ചകള്‍ തടസ്സപ്പെട്ടെന്ന റിപ്പോര്‍ട്ട് തള്ളി പീയൂഷ് ഗോയല്‍

ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍: ചര്‍ച്ചകള്‍ തടസ്സപ്പെട്ടെന്ന റിപ്പോര്‍ട്ട് തള്ളി പീയൂഷ് ഗോയല്‍


ന്യൂഡല്‍ഹി: ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പ്രതിസന്ധിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ തള്ളി. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പൂര്‍ണമായും വ്യാജവും അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയുമായുള്ള പുതിയ വ്യാപാര ചര്‍ച്ചകളില്‍ ഇന്ത്യ അതിവേഗ കരാറിന് തയ്യാറായില്ലെന്നും മികച്ച നിബന്ധനകള്‍ക്കായി കാത്തിരിക്കുകയാണെന്നുമുള്ള റോയിട്ടേഴ്സ് റിപ്പോര്‍ട്ടിനോടാണ് ഗോയല്‍ പ്രതികരിച്ചത്.

അമേരിക്കന്‍ വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീര്‍ ജൂണില്‍ ന്യൂഡല്‍ഹി സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹവുമായി വളരെ മികച്ച കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നുവെന്ന് ഗോയല്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.

ഇന്ത്യയും അമേരിക്കയും തമ്മില്‍ വ്യാപാരപരമായും സാമ്പത്തികമായും അര്‍ഥവത്തായതും ഇരു രാജ്യങ്ങളിലെയും വ്യവസായങ്ങള്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഉപഭോക്താക്കള്‍ക്കും വ്യക്തമായ നേട്ടങ്ങള്‍ ഉറപ്പാക്കുന്നതുമായ സമതുലിത കരാറിലെത്താന്‍ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

കരാര്‍ അന്തിമമാക്കുന്നതിന് ഇരു രാജ്യങ്ങളുടെയും വ്യാപാര സംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍, ഇന്ത്യയുടെ പ്രധാന ആവശ്യങ്ങളില്‍ അമേരിക്ക ഉറപ്പുനല്‍കാത്തതിനാല്‍ ചര്‍ച്ചകളില്‍ സമവായമുണ്ടായില്ലെന്നും അതിനാല്‍ ഇന്ത്യ അതിവേഗ കരാറിന് സമ്മതിച്ചില്ലെന്നുമാണ് പേരുവെളിപ്പെടുത്താത്ത ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പറഞ്ഞിരുന്നത്. ഇന്ത്യ ചര്‍ച്ചകളില്‍ കടുത്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും അതിനാല്‍ ഉടന്‍ കരാറുണ്ടാകാന്‍ സാധ്യത കുറവാണെന്നും ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.

ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്ക് യാതൊരു തടസ്സവുമില്ലെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാളും വ്യക്തമാക്കി. ചര്‍ച്ചകള്‍ നിശ്ചിത ചട്ടക്കൂടിനുള്ളില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മെയ് മാസത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംഘം അമേരിക്ക സന്ദര്‍ശിച്ചിരുന്നുവെന്നും കഴിഞ്ഞ മാസം അമേരിക്കന്‍ സംഘം ഇന്ത്യയിലെത്തിയിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

വ്യാപാര കരാറിന്റെ അടിസ്ഥാന ചട്ടക്കൂട് തയ്യാറായിക്കഴിഞ്ഞതായും ഒപ്പുവെക്കുന്നതിനുള്ള അനുയോജ്യമായ സമയം കാത്തിരിക്കുകയാണെന്നും അഗര്‍വാള്‍ പറഞ്ഞു. കരാറിന്റെ രൂപരേഖ പൂര്‍ത്തിയായതായും നടപടികള്‍ ക്രമബദ്ധമായി മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാര്‍ഗരറ്റ് മക്ലിയോഡ് കഴിഞ്ഞ ആഴ്ച ഇന്ത്യയുമായുള്ള ഇടക്കാല വ്യാപാര കരാറിനെക്കുറിച്ച് അമേരിക്കന്‍ അധികൃതര്‍ വലിയ പ്രതീക്ഷ പുലര്‍ത്തുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. കരാര്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയുണ്ടെന്നും എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി യു എസ് ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫീസിനോട് ചോദിക്കണമെന്നും അവര്‍ പറഞ്ഞു.