വാഷിങ്ടണ്‍/ തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിലെ ബന്ദര്‍ അബ്ബാസ് നാവികതാവളത്തില്‍ സ്ഥിതി ചെയ്യുന്ന അന്തര്‍വാഹിനി, കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം എന്നിവയ്ക്ക് നേരെ കടല്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി യു എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
ആക്രമണത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട സെന്‍ട്രല്‍ കമാന്‍ഡ് മൂന്ന് കോര്‍സെയര്‍ ആളില്ലാ ഉപരിതല ജലവാഹനങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും യുദ്ധനടപടികളില്‍ അമേരിക്കന്‍ സൈന്യം ആദ്യമായാണ് കടല്‍ ഡ്രോണുകള്‍ വിന്യസിക്കുന്നതെന്നും അവകാശപ്പെട്ടു.
ആക്രമണങ്ങള്‍ വാണിജ്യ കപ്പലുകള്‍ക്കെതിരായ ഇറാന്റെ ആക്രമണശേഷി ദുര്‍ബലമാക്കിയെന്ന് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.
പുറത്തുവിട്ട 'രഹസ്യമല്ല' എന്ന് രേഖപ്പെടുത്തിയ ദൃശ്യങ്ങളില്‍ ഒരു ചെറിയ ആളില്ലാ ജലവാഹനം ഉയര്‍ത്തിയിട്ടിരുന്ന ഡോക്കിലേക്ക് സമീപിച്ച്, അന്തര്‍വാഹിനിയെന്ന് തോന്നുന്ന കപ്പലിനടുത്ത് പൊട്ടിത്തെറിക്കുന്നതായാണ് കാണുന്നത്.
അതേസമയം, അമേരിക്കന്‍ സൈനിക നടപടികളുടെ പശ്ചാത്തലത്തില്‍ നിലവില്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള യാത്ര പ്രായോഗികമല്ലെന്ന് പേര്‍ഷ്യന്‍ ഗള്‍ഫ് സ്‌ട്രെയിറ്റ് അതോറിറ്റി (പി ജി എസ് എ) അറിയിച്ചു.
സ്ഥിരതയും ശാന്തതയും പുനഃസ്ഥാപിച്ചശേഷം എല്ലാ അപേക്ഷകളും നിശ്ചിത സമയക്രമമനുസരിച്ച് പരിഗണിക്കുകയും യാത്രാനുമതി നല്‍കുന്ന നടപടികള്‍ പുനരാരംഭിക്കുകയും ചെയ്യുമെന്ന് അതോറിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ വാണിജ്യ കപ്പലുകളും പി ജി എസ് എയുടെ ഔദ്യോഗിക സംവിധാനത്തിലൂടെ മുന്‍കൂര്‍ അനുമതി നേടണമെന്നും തുടര്‍ന്ന് ഇറാന്‍ തീരത്തോട് ചേര്‍ന്നുള്ള വടക്കന്‍ സമുദ്രമാര്‍ഗം ഉപയോഗിക്കണമെന്നുമാണ് ഇറാന്‍ ആവര്‍ത്തിച്ച് നിര്‍ദേശിക്കുന്നത്.
