വാഷിങ്ടണ്‍: ഇറാനുമായി അമേരിക്ക നടത്തുന്ന ചര്‍ച്ചകളില്‍ പുരോഗതിക്കുള്ള സാധ്യതയുണ്ടെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. നേരത്തെ ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാതിരുന്ന ആണവ പദ്ധതിയുടെ ചില വശങ്ങള്‍ സംബന്ധിച്ച് ഇപ്പോള്‍ ഇറാന്‍ ചര്‍ച്ചയ്ക്ക് സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ച നടത്തിയ പ്രസ്താവനയിലാണ് റൂബിയോ ഈ പ്രതീക്ഷ പ്രകടിപ്പിച്ചത്. മുമ്പ് ചര്‍ച്ചകളില്‍ പരാമര്‍ശിക്കാന്‍ പോലും തയ്യാറാകാതിരുന്ന ആണവ പദ്ധതിയുടെ ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇറാന്‍ ഇപ്പോള്‍ സമ്മതിച്ചിട്ടുണ്ടെന്ന സാധ്യതയുണ്ട്. ഇത് നയതന്ത്ര ശ്രമങ്ങളിലെ നിര്‍ണായക മുന്നേറ്റമാകാമെന്ന് അദ്ദേഹം പറഞ്ഞു.
ഇറാനുമായി അമേരിക്ക ചര്‍ച്ചകള്‍ തുടരുകയാണെന്നും അതിനൊപ്പം തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും പൂര്‍ണമായി തുറക്കണമെന്നതാണ് വാഷിങ്ടണിന്റെ പ്രധാന ആവശ്യമെന്നും റൂബിയോ വ്യക്തമാക്കി.
ചര്‍ച്ചകളിലെ ആദ്യ നിബന്ധന ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതാണെന്നും കടലിടുക്കിലൂടെ കപ്പല്‍ ഗതാഗതം സ്വതന്ത്രമായി നടക്കുമെന്ന് ഇറാന്‍ വ്യക്തമായി പ്രഖ്യാപിക്കണമെന്നും അത് സംഭവിച്ചാലേ മറ്റേതെങ്കിലും കരാര്‍ മുന്നോട്ടുപോകൂ എന്നും അദ്ദേഹം പറഞ്ഞു.
താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം കടലിടുക്ക് തുറക്കുമെന്ന് ഇറാന്‍ സൂചിപ്പിച്ചിരുന്നുവെങ്കിലും അത് നടപ്പാക്കിയില്ലെന്ന് റൂബിയോ ആരോപിച്ചു. മേഖലയിലെ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ഇപ്പോഴും ആക്രമണങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് മാത്രം ഇറാനെതിരായ ഉപരോധങ്ങള്‍ പിന്‍വലിക്കാന്‍ മതിയാകില്ലെന്ന് റൂബിയോ വ്യക്തമാക്കി. ഉപരോധങ്ങളില്‍ ഇളവ് ലഭിക്കണമെങ്കില്‍ ഉയര്‍ന്ന അളവില്‍ സമ്പുഷ്ടമാക്കിയ യുറേനിയം ശേഖരത്തിന്റെ ഭാവിയെക്കുറിച്ച് വ്യക്തമായ ചര്‍ച്ചകള്‍ക്ക് ഇറാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഇറാനെതിരായ ഏതൊരു ഉപരോധ ഇളവും നിബന്ധനകള്‍ക്ക് വിധേയമായിരിക്കുമെന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു.
ഇറാന്റെ പരമ്പരാഗത സൈനിക ശേഷിക്ക് കാര്യമായ തിരിച്ചടിയേറ്റിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, നിലവിലെ ചര്‍ച്ചകളുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ ഇറാന്റെ പരമോന്നത നേതാവ് കൂടുതല്‍ സജീവമായി ഇടപെടുന്നുവെന്ന സൂചനകളും ലഭിക്കുന്നുണ്ടെന്ന് റൂബിയോ പറഞ്ഞു.
ഇറാന്‍ വിഷയത്തിന് പുറമെ, റഷ്യന്‍ എണ്ണയ്‌ക്കെതിരായ ഉപരോധ ഇളവുകള്‍ ഉടന്‍ അവസാനിപ്പിക്കാനാണ് അമേരിക്കയുടെ പദ്ധതിയെന്നും അദ്ദേഹം അറിയിച്ചു.
കൂടാതെ, ആഗോള വാക്‌സിന്‍ സഖ്യമായ ഗാവി ദി വാക്‌സിന്‍ അലയന്‍സുമായി വീണ്ടും സഹകരണം ആരംഭിക്കുമെന്നും റൂബിയോ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിനെയും അമേരിക്കയുടെ ആഗോള ആരോഗ്യ ലക്ഷ്യങ്ങളെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഫലമാണ് ഭരണകൂടം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പണം ചെലവഴിക്കുന്നത് മാത്രമല്ല പ്രധാനപ്പെട്ടത്. അതില്‍ നിന്ന് എന്ത് ഫലമാണ് ലഭിക്കുന്നത് എന്നതാണ് നിര്‍ണായകംമെന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു.
