വനിതാ കര്‍ഷകര്‍ക്ക് മാനസിക സമ്മര്‍ദവും വിഷാദവും കൂടുതലെന്ന് പഠനം; ലിംഗാധിഷ്ഠിത പ്രതീക്ഷകള്‍ വെല്ലുവിളിയാകുന്നു

വനിതാ കര്‍ഷകര്‍ക്ക് മാനസിക സമ്മര്‍ദവും വിഷാദവും കൂടുതലെന്ന് പഠനം; ലിംഗാധിഷ്ഠിത പ്രതീക്ഷകള്‍ വെല്ലുവിളിയാകുന്നു


ഒന്റാറിയോ: കാര്‍ഷിക മേഖലയിലെ വനിതകള്‍ പുരുഷന്മാരെ അപേക്ഷിച്ച് കൂടുതല്‍ മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം, തൊഴില്‍ ക്ഷീണം എന്നിവ നേരിടുന്നതായി പുതിയ പഠനം. ഗുവല്‍ഫ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ഒന്റാറിയോയിലെ നോര്‍ഫോക് കൗണ്ടിയില്‍ കുടുംബത്തിന്റെ ആപ്പിള്‍, ലാവന്‍ഡര്‍ ഫാം നടത്തിപ്പില്‍ പങ്കാളിയായ ജെന്നിഫര്‍ സ്‌കൂളി വനിതാ കര്‍ഷക എന്ന നിലയില്‍ സമൂഹത്തില്‍ നിന്ന് നേരിടുന്ന തെറ്റായ ധാരണകളാണ് ഏറ്റവും വലിയ വെല്ലുവിളികളിലൊന്നെന്ന് പറയുന്നു.

1906 മുതല്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമില്‍ അമ്മയെയും മുത്തശ്ശിയെയും കൃഷിപ്പണികളില്‍ ഏര്‍പ്പെടുന്നത് കണ്ടാണ് സ്‌കൂളി വളര്‍ന്നത്. കോവിഡ് മഹാമാരിക്കാലത്താണ് പ്രായമായ മാതാപിതാക്കളെ സഹായിക്കാന്‍ അവര്‍ ട്രാക്ടര്‍ ഓടിച്ച് കൃഷിയിലേക്ക് സജീവമായി ഇറങ്ങിയത്.

ഇപ്പോള്‍ കുടുംബ ഫാമിന്റെ നടത്തിപ്പിനൊപ്പം നോര്‍ഫോക്ക് ഫെഡറേഷന്‍ ഓഫ് അഗ്രികള്‍ച്ചറിന്റെ പ്രസിഡന്റായും പ്രവര്‍ത്തിക്കുന്ന സ്‌കൂളി വനിതാ കര്‍ഷകരുടെ ജീവിതത്തെക്കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതിലും സജീവമാണ്.

സ്ത്രീയാണെന്ന കാരണം കൊണ്ട് താന്‍ കര്‍ഷകയല്ലെന്ന് കരുതുകയോ ഫാമില്‍ താന്‍ ചെയ്യുന്ന ജോലികളെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പ്രകടിപ്പിക്കുകയോ ചെയ്യുന്ന അനുഭവങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.

ഇത്തരം അനുഭവങ്ങളും കൃഷിയുടെ സ്വാഭാവിക സമ്മര്‍ദങ്ങളും വീട്ടിലെ അധിക ഉത്തരവാദിത്തങ്ങളും വനിതാ കര്‍ഷകരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്ന് സ്‌കൂളി ചൂണ്ടിക്കാട്ടി.

കൃഷിപ്പണി മാത്രമല്ല, ഭാര്യ, അമ്മ, വീട്ടുജോലികളുടെ ചുമതലക്കാരി, കുട്ടികളുടെ കാര്യങ്ങള്‍ നോക്കുന്നയാള്‍, പ്രശ്‌നപരിഹാരക, തുടങ്ങി നിരവധി വേഷങ്ങള്‍ ഒരേസമയം കൈകാര്യം ചെയ്യേണ്ടിവരുന്നത് വലിയ സമ്മര്‍ദമാണെന്നും അവര്‍ പറഞ്ഞു.

ഗവേഷകയായ ആന്‍ഡ്രിയ ജോണ്‍സും സംഘവും നടത്തിയ പഠനങ്ങളില്‍ വനിതാ കര്‍ഷകര്‍ക്ക് സമ്മര്‍ദം, വിഷാദം, ഉത്കണ്ഠ, തൊഴില്‍ക്ഷീണം എന്നിവയുടെ തോത് കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് നടത്തിയ അഭിമുഖങ്ങളില്‍ നിരവധി വനിതാ കര്‍ഷകര്‍ തങ്ങളുടെ സംഭാവനകള്‍ വേണ്ടത്ര വിലമതിക്കപ്പെടുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. കൂടാതെ, പുരുഷന്മാരെ അപേക്ഷിച്ച് കൂടുതല്‍ ജോലിഭാരം വഹിക്കേണ്ടിവരുന്നതായും അവര്‍ പറഞ്ഞു.

പലരും ട്രിപ്പിള്‍ ഷിഫ്റ്റ് എന്ന അവസ്ഥയെക്കുറിച്ചാണ് സംസാരിച്ചത്. ഫാമിലെ ജോലികള്‍, ഫാമിന് പുറത്തുള്ള ജോലികള്‍, അതോടൊപ്പം വീടിന്റെ മുഴുവന്‍ നടത്തിപ്പും ഒരുമിച്ച് കൈകാര്യം ചെയ്യേണ്ടി വരുന്നുവെന്ന് ജോണ്‍സ് പറഞ്ഞു.

പിന്തുണ നല്‍കുന്ന പങ്കാളികളുണ്ടെങ്കിലും വീട്ടുചുമതലകളുടെ നിയന്ത്രണവും ഏകോപനവും പലപ്പോഴും സ്ത്രീകളുടെ മേല്‍ തന്നെയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

പഠനത്തില്‍ പങ്കെടുത്ത പല വനിതകളും കാര്‍ഷിക മേഖലയിലെ സ്വന്തം വ്യക്തിത്വത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം പ്രകടിപ്പിച്ചു. പലപ്പോഴും അവര്‍ കര്‍ഷകന്റെ ഭാര്യ എന്ന നിലയില്‍ മാത്രമാണ് പരിഗണിക്കപ്പെടുന്നതെന്നും സ്വതന്ത്ര കര്‍ഷകരെന്ന അംഗീകാരം ലഭിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

അഗ്രികള്‍ച്ചര്‍ വെല്‍നെസ് ഒന്റാരിയോ ഡയറക്ടര്‍ ക്രിസ്റ്റിന്‍ വീറ്റ്ക്രോഫ്റ്റിന്റെ അഭിപ്രായത്തില്‍ ഫാം നടത്തിപ്പും കുടുംബ ഉത്തരവാദിത്തങ്ങളും മറ്റ് ജോലികളും ഒരേസമയം കൈകാര്യം ചെയ്യുന്ന വനിതകളില്‍ നിന്ന് സമാനമായ അനുഭവങ്ങള്‍ സംഘടന നിരന്തരം കേള്‍ക്കാറുണ്ട്. ഈ വെല്ലുവിളികളെ അംഗീകരിക്കുന്നത് ആരോഗ്യകരവും പിന്തുണയുള്ളതുമായ കാര്‍ഷിക കുടുംബങ്ങളും ഗ്രാമീണ സമൂഹങ്ങളും സൃഷ്ടിക്കുന്നതിനുള്ള പ്രധാന ഘട്ടമാണെന്നും അവര്‍ പറഞ്ഞു.

അതേസമയം, കാര്‍ഷിക മേഖലയിലേക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്നുവരുന്ന സാഹചര്യത്തില്‍ അവരുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ 2021 സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം കാനഡയിലെ വനിതാ ഫാം ഓപ്പറേറ്റര്‍മാരുടെ എണ്ണം 2016-ലെ 77,970ല്‍ നിന്ന് 2021ല്‍ 79,795 ആയി ഉയര്‍ന്നു. 1991ന് ശേഷം രേഖപ്പെടുത്തിയ ആദ്യ വളര്‍ച്ചയാണിത്.

എന്നിരുന്നാലും, വനിതകള്‍ കാനഡയിലെ കാര്‍ഷിക ജനസംഖ്യയുടെ ഏകദേശം 30 ശതമാനം വരുമെങ്കിലും നേതൃത്വ സ്ഥാനങ്ങളില്‍ ആ പ്രാതിനിധ്യം ഇപ്പോഴും പ്രതിഫലിക്കുന്നില്ലെന്ന് ജോണ്‍സ് അഭിപ്രായപ്പെട്ടു.

മാറ്റം ഉണ്ടാകണമെങ്കില്‍ തുറന്ന ചര്‍ച്ചകള്‍ അനിവാര്യമാണെന്ന് സ്‌കൂളിയും പറഞ്ഞു.

കൃഷി തന്നെ വളരെ പ്രയാസമുള്ള മേഖലയാണെന്നും അതിന് മുകളില്‍ ലിംഗാധിഷ്ഠിത പ്രതീക്ഷകളും ഉത്തരവാദിത്തങ്ങളും കൂടി വരുമ്പോള്‍ വെല്ലുവിളികള്‍ വര്‍ധിക്കുന്നതായും അതിനാല്‍ വനിതാ കര്‍ഷകരുടെ കാഴ്ചപ്പാടില്‍ നിന്ന് കാര്യങ്ങള്‍ കാണാനും അതിനെക്കുറിച്ച് തുറന്ന് സംസാരിക്കാനും സമൂഹം തയ്യാറാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.