ഹാമിൽട്ടൺ: കാനഡയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു. ഒന്റാറിയോയിലെ ഹാമിൽട്ടണിലുള്ള മൊഹാക്ക് കോളജിലെ വിദ്യാർത്ഥിനിയായ ഹർസിമ്രത് രന്ധാവ(21)ആണ് മരിച്ചത്. ബസ് സ്‌റ്റേഷനിൽ ബസ് കാത്ത് നിൽക്കവെയായിരുന്നു കാറിൽ സഞ്ചരിച്ച അജ്ഞാതനിൽ നിന്ന് വെടിയേറ്റത്.
രണ്ട് വാഹനങ്ങളിലൂണ്ടായിരുന്ന സംഘങ്ങൾ തമ്മിലുണ്ടായ വെടിവെയപ്പിൽ അബദ്ധത്തിൽ വിദ്യാർഥിനിയുടെ ദേഹത്ത് വെടിയുണ്ട പതിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഹാമിൽട്ടണിലെ അപ്പർ ജെയിംസ്, സൗത്ത് ബെൻഡ് റോഡ് ജങ്ഷന് സമീപം വൈകുന്നേരം 7.30 ഓടെയായിരുന്നു വെടിവയ്പ്പുണ്ടായതെന്ന് ഹാമിൽട്ടൺ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. പൊലീസ് എത്തിയപ്പോൾ നെഞ്ചിൽ വെടിയേറ്റ നിലയിൽ വിദ്യാർഥിയെ കണ്ടെത്തുകയായിരുന്നു. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സംഭവത്തിൽ ഹാമിൽട്ടൺ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒന്റാറിയോയിലെ ഹാമിൽട്ടണിൽ ഇന്ത്യൻ വിദ്യാർത്ഥിനി ഹർസിമ്രത് രന്ധാവയുടെ ദാരുണമായ മരണത്തിൽ അനുശോചനം അറിയിക്കുന്നതായി ടൊന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ എക്‌സ് പോസ്റ്റിൽ പറഞ്ഞു
കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി വെടിയേറ്റ് മരിച്ചു
