ഒന്റാറിയോ ലണ്ടന്‍: ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ഡിസംബര്‍ 14ന് മോണ്ട്കാം സെക്കന്‍ഡറി സ്‌ക്കൂളില്‍ ലണ്ടന്‍ ഒന്റാറിയോ മലയാളി അസോസിയേഷന്‍ (ലോമ) ഒരുക്കിയ മെറി ഈവ് ആന്റ് മിറാക്കുലസ് 2025 ഏറ്റെടുത്ത് ലണ്ടന്‍ മലയാളികള്‍. വൈകിട്ട് നാല് മണിയോടെ ആരംഭിച്ച പരിപാടികള്‍ കരോള്‍ ഗാന മത്സരവും എയ്ഞ്ചല്‍ ഡാന്‍സും ക്ലാസ്സിക്കല്‍, സെമി ക്ലാസ്സിക്കല്‍, സിനിമാറ്റിക്ക് നൃത്തങ്ങളും സ്‌കിറ്റുകളും വിഭവസമൃദ്ധമായ ഡിന്നറും എല്ലാമായി രാത്രി പത്ത് മണി വരെ അവിസ്മരണീയമായ ഒരു സായാഹ്നം തന്നെയാണ് ലണ്ടന്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്.
ചടങ്ങില്‍ മുഖ്യാതിഥികളായ കൗണ്‍സിലര്‍ ജെറി പ്രിബില്‍, കൗണ്‍സിലര്‍ സൂസന്‍ സ്റ്റീവന്‍സണ്‍, ചെറി ലേയ്ക്ക്, ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോന്‍ ആന്റണി, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോജി തോമസ്, പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ പ്രവീണ്‍ വര്‍ക്കി, ടിന്റോ ജോസഫ് തുടങ്ങിയവര്‍ ലോമ പ്രസിഡന്റ് ഡോളറ്റ് സക്കറിയ, വൈസ് പ്രസിഡന്റ് ഗിരീഷ് കുമാര്‍ ജഗദീശന്‍, സെക്രട്ടറി നിധിന്‍ ജോസഫ്, ജോ. സെക്രട്ടറി ടിന്‍സി എലിസബത്ത് സക്കറിയ, ട്രഷറര്‍ സൈമണ്‍ സബീഷ് കാരിക്കശ്ശേരി, ജോ. ട്രഷറര്‍ ഷോജി സിനോയ്, പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ് അമിത് ശേഖര്‍, ലിജി മേക്കര കമ്മിറ്റിയംഗങ്ങളായ ഷൈമി തോമസ്, നിമ്മി ഷാജി, രജനീഷ് നായര്‍, ജേക്കബ് വില്‍സണ്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ വേദിയില്‍ മെഴുകുതിരി തെളിയിച്ചുകൊണ്ട് ക്രിസ്മസ് സീസണ്‍ അതിന്റെ മാന്ത്രികതയാല്‍ നമ്മെ വലയം ചെയ്യുമ്പോള്‍ എല്ലാവരുടേയും കുടുംബങ്ങളില്‍ സന്തോഷവും ഹൃദയത്തില്‍ സ്‌നേഹവും ജീവിതത്തില്‍ സമൃദ്ധിയും നിറയട്ടെയെന്ന് ആശംസിച്ചാണ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തത്.
തുടര്‍ന്ന് ആരംഭിച്ച പരിപാടികള്‍ക്ക് അവതാരികമാരായെത്തിയ സോഷ്യല്‍ മീഡിയ താരങ്ങളായ നാദിയയും സൗമ്യയും തങ്ങളുടെ ഹൃദ്യമായ അവതരണശൈലിയാല്‍ സദസ്സിന്റെ മനം കവര്‍ന്നു. ആദ്യമായി നടന്നത് കരോള്‍ ഗാന മത്സരങ്ങള്‍ ആയിരുന്നു. പങ്കെടുത്ത എല്ലാ ടീമുകളും അവരുടെ മനോഹരമായ ആലാപനശൈലി കൊണ്ടും സന്ദര്‍ഭത്തിനനുയോജ്യമായ മുന്നൊരുക്കങ്ങളാലും ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. മത്സര വിധികര്‍ത്താക്കളായ പീറ്റര്‍, ജോസഫ്, മെര്‍ലി തുടങ്ങിയവര്‍ നേരിയ വ്യത്യാസത്തിനാണ് വിജയികളെ നിശ്ചയിച്ചത്. തുടര്‍ന്ന് അതിശയിപ്പിക്കുന്ന നൃത്തച്ചുവടുകളോടെ അസാധാരണ പ്രകടനങ്ങള്‍ പുറത്തെടുത്ത ഡാന്‍സ് ടീമുകളെയും സംഗീതത്തിന്റെ മാസ്മരികത വേദിയില്‍ നിറച്ച ഗായകരെയും പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങള്‍ തീര്‍ത്ത ടീം ഫോള്‍ക്ക്‌സ് 49ന്റെ കോമഡി സ്‌കിറ്റും എല്ലാം തന്നെ നിറഞ്ഞ കൈയ്യടികളോടെയാണ് പ്രൗഢഗംഭീരമായ സദസ്സ് സ്വീകരിച്ചത്.
ഒരുമയുടെയും സന്തോഷത്തിന്റെയും ഈ മാന്ത്രിക സായാഹ്നമൊരുക്കാന്‍ നെടുംതൂണുകളായി നിന്ന ടൈറ്റില്‍ സ്‌പോണ്‍സര്‍ ജോജി തോമസ്, മെഗാ സ്‌പോണ്‍സര്‍ ബിടി പെര്‍ഫോമന്‍സ്, ഡയമണ്ട് സ്‌പോണ്‍സര്‍മാര്‍ വണ്‍ ഡെന്റല്‍ കെയര്‍, റിയല്‍റ്റര്‍ ബ്രയാന്‍ ജോര്‍ജ്ജ്, പ്ലാറ്റിനം സ്‌പോണ്‍സര്‍ റിയല്‍റ്റര്‍ ശ്രീജിത്ത് ആന്റ് മനോജ്, ഗോള്‍ഡ് സ്‌പോണ്‍സര്‍ ഷേഡ്‌സ് 3 വിന്‍ഡോ ഫാഷന്‍സ്, സില്‍വര്‍ സ്‌പോണ്‍സര്‍മാര്‍ ജിജീസ് സ്പൈസ് കോര്‍ണര്‍, കെയര്‍ ക്യാബ് ട്രാന്‍സിറ്റ്, ജെജെ ഹോംസ്, ടേസ്റ്റ് ഓഫ് മദ്രാസ്, കിഴക്കന്‍ തട്ടുകട തുടങ്ങിയവര്‍ക്ക് മൊമെന്റോ നല്‍കി ആദരിച്ചും ലണ്ടനിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളികള്‍ക്കും നന്ദി അറിയിച്ചും രുചി വൈവിധ്യങ്ങളുടെ രസക്കൂട്ടുകള്‍ പകര്‍ന്ന ഡിന്നറൊരുക്കിയ മിന്റ് ലീവ്‌സ് ഇന്ത്യന്‍ റെസ്റ്ററെന്റിനെയും പരിപാടികള്‍ ഒന്നൊഴിയാതെ വീഡിയോ കവര്‍ ചെയ്ത് ലോമയുടെ വെബ് സൈറ്റിലൂടെ എല്ലാര്‍ക്കും ആസ്വദിക്കാന്‍ പ്രതിഫലേച്ഛ കൂടാതെ പ്രവര്‍ത്തിച്ച റെനി പുന്നൂസിന്റെ റെഡ് ഡോട്ട് ഫിലിംസിനെയും അഭിനന്ദിച്ചുമാണ് ലണ്ടന്‍ ഒന്റാറിയോ മലയാളി അസോസിയേഷന്‍ മെറി ഈവ് ആന്റ് മിറാക്കുലസ് 2025ന് തിരശ്ശീല വീണത്.