ഹിന്ദു-കനേഡിയന്‍ എംപിയോട് ഇന്ത്യയിലേക്ക് മടങ്ങാനാവശ്യപ്പെട്ട് ഖാലിസ്ഥാനി തീവ്രവാദി പന്നൂണ്‍

ഹിന്ദു-കനേഡിയന്‍ എംപിയോട് ഇന്ത്യയിലേക്ക് മടങ്ങാനാവശ്യപ്പെട്ട് ഖാലിസ്ഥാനി തീവ്രവാദി പന്നൂണ്‍


ഒട്ടാവ: ഇന്ത്യന്‍ വംശജനായ കനേഡിയന്‍ എംപി ചന്ദ്ര ആര്യയോടും അനുയായികളോടും ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശിക്കുന്ന വീഡിയോ ഖാലിസ്ഥാനി തീവ്രവാദി ഗുര്‍പത്വന്ത് സിംഗ് പന്നൂണ്‍ പുറത്തിറക്കി. ഖാലിസ്ഥാന്‍ ഹിതപരിശോധനയ്ക്കുള്ള വോട്ടെടുപ്പ് ജൂലൈ 28ന് കാനഡയിലെ കാല്‍ഗറിയില്‍ നടക്കുമെന്നും വീഡിയോയില്‍ പന്നൂന്‍ പറഞ്ഞു.

ഖാലിസ്ഥാനികള്‍ കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതിനും മറ്റ് അക്രമ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തിയിട്ടുള്ളയാളാണ് ഹിന്ദു-കനേഡിയന്‍ എംപിയായ ചന്ദ്ര ആര്യ.  

'എഡ്മണ്ടണിലെ ഹിന്ദു ക്ഷേത്രമായ ബി. എ. പി. എസ് സ്വാമിനാരായണ മന്ദിര്‍ തകര്‍ത്തതിനെയും കാനഡയിലെ ഖാലിസ്ഥാന്‍ അനുകൂലികളുടെ മറ്റ് വിദ്വേഷ, അക്രമ പ്രവര്‍ത്തനങ്ങളെയും ഞാന്‍ അപലപിച്ചതിന് മറുപടിയായി, സിഖ് ഫോര്‍ ജസ്റ്റിസിന്റെ ഗുര്‍പത്വന്ത് സിംഗ് പന്നൂണ്‍ എന്നോടും എന്റെ ഹിന്ദു-കനേഡിയന്‍ സുഹൃത്തുക്കളോടും ഇന്ത്യയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട് ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണെന്ന് ചന്ദ്ര ആര്യ എക്‌സ്-ല്‍ പോസ്റ്റ് ചെയ്തു.

കാനഡയിലെ എഡ്മണ്ടണില്‍ ഒരു ഹിന്ദുക്ഷേത്രച്ചുമരുകളില്‍ ഇന്ത്യവിരുദ്ധ-ഹിന്ദുവിരുദ്ധ എഴുത്തുകള്‍ കൊണ്ട് നശിപ്പിക്കപ്പെട്ടതിന് ശേഷമാണ് ഇത്. ക്ഷേത്രത്തിനെതിരെ നടന്ന ആക്രമണത്തെ കനേഡിയന്‍ പാര്‍ലമെന്റ് അംഗമായ ചന്ദ്ര ആര്യ അപലപിക്കുകയും ഖാലിസ്ഥാനി തീവ്രവാദികളാല്‍ രാജ്യം മലിനമാകുകയാണെന്നും പറഞ്ഞു.

'കനേഡിയന്‍ മൂല്യങ്ങള്‍ക്കും അവകാശങ്ങളുടെ നിയമാവലിക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു' എന്ന് ആരോപിച്ചാണ് കനേഡിയന്‍ എംപിയോടും അനുയായികളോടും കാനഡ വിടാന്‍ പന്നൂണ്‍ പറഞ്ഞത്.

ആര്യ 'തന്റെ യജമാനന്മാരായ ഇന്ത്യയുടെ താല്‍പ്പര്യങ്ങളാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും' അദ്ദേഹം അവകാശപ്പെട്ടു.

എംപിയും അനുയായികളും അവരുടെ പൗരത്വം ഉപേക്ഷിച്ച് അവരുടെ മാതൃരാജ്യമായ ഇന്ത്യയിലേക്ക് മടങ്ങണമെന്ന് പന്നുണ്‍ ആവശ്യപ്പെട്ടു.

'ഞങ്ങള്‍ ഖാലിസ്ഥാന്‍ അനുകൂലികളായ സിഖുകാര്‍ പതിറ്റാണ്ടുകളായി കാനഡയോടുള്ള വിശ്വസ്തത പ്രകടിപ്പിച്ചിട്ടുണ്ട്', പന്നൂണ്‍ കൂട്ടിച്ചേര്‍ത്തു.


 'ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ഹിന്ദുക്കളായ ഞങ്ങള്‍ ഞങ്ങളുടെ അത്ഭുതകരമായ രാജ്യമായ കാനഡയിലേക്ക് വന്നിരിക്കുന്നു. ദക്ഷിണേഷ്യയിലെ എല്ലാ രാജ്യങ്ങളില്‍ നിന്നും, ആഫ്രിക്കയിലെയും കരീബിയനിലെയും നിരവധി രാജ്യങ്ങളില്‍ നിന്നും ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളില്‍ നിന്നും ഞങ്ങള്‍ ഇവിടെ വന്നിട്ടുണ്ട്, കാനഡ ഞങ്ങളുടെ ഭൂമിയാണ് - പന്നൂണ് മറുപടിയായി ചന്ദ്ര ആര്യ ബുധനാഴ്ച എക്‌സ്-ല്‍ പോസ്റ്റ് ചെയ്തു.

കാനഡയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് ഞങ്ങള്‍ വളരെയധികം ക്രിയാത്മകവും ഉല്‍പാദനപരവുമായ സംഭാവന നല്‍കുകയും തുടരുകയും ചെയ്തിട്ടുണ്ട്. ഹിന്ദു സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും നീണ്ട ചരിത്രത്തിലൂടെ ഞങ്ങള്‍ കാനഡയുടെ ബഹു സാംസ്‌കാരിക ഘടനയെ സമ്പന്നമാക്കിയെന്നും ആര്യ കൂട്ടിച്ചേര്‍ത്തു..

ഹിന്ദു-കനേഡിയന്‍ എംപിയോട് ഇന്ത്യയിലേക്ക് മടങ്ങാനാവശ്യപ്പെട്ട് ഖാലിസ്ഥാനി തീവ്രവാദി പന്നൂണ്‍