ഗാസ മുനമ്പ് പൂർണമായും പിടിച്ചടക്കാൻ സൈന്യത്തോട് ഉത്തരവിട്ട് നെതന്യാഹു; ലക്ഷ്യം ബന്ദികളുടെ മോചനം

ഗാസ മുനമ്പ് പൂർണമായും പിടിച്ചടക്കാൻ സൈന്യത്തോട് ഉത്തരവിട്ട് നെതന്യാഹു; ലക്ഷ്യം ബന്ദികളുടെ മോചനം


ടെൽ അവീവ്: ഗാസ മുനമ്പ് പൂർണമായും പിടിച്ചടക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു സൈന്യത്തോട് ഉത്തരവിട്ടതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാൻ ഹമാസിനുമേൽ സമ്മർദം ചെലുത്തുക എന്ന ലക്ഷ്യമാണ് പുതിയ നീക്കത്തിനു പിന്നിലെന്നാണ് വിവരം.  ഗാസയിലെ 75 ശതമാനം പ്രദേശവും ഇതിനകം നിയന്ത്രണത്തിലാക്കിയ ഇസ്രായേൽ സൈന്യം, ബന്ദികളെ തടവിലാക്കിയിട്ടുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയ മേഖലകൾ ഉൾപ്പെടെ ശേഷിക്കുന്ന പ്രദേശങ്ങൾ പിടിച്ചെടുക്കാൻ ഒരുങ്ങുകയാണ്.

പുതിയ നിർദേശം വേഗത്തിൽ നടപ്പാക്കിയില്ലെങ്കിൽ രാജിവെക്കണമെന്ന് പ്രധാനമന്ത്രി ഐ.ഡി.എഫ് തലവനോട് പറഞ്ഞതായി ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഹമാസ് ബന്ദികളാക്കിയ ഇസ്രായേൽ പൗരന്മാരായ ബ്രാസ്ലാവ്‌സ്‌കിയും എവ്യാതർ ഡേവിഡും വളരെ ദുരിതത്തിലാണെന്ന് കാണിക്കുന്ന വിഡിയോ പുറത്തുവന്ന് മണിക്കൂറുകൾക്ക് ശേഷമാണ് നെതന്യാഹുവിന്റെ ഉത്തരവ്.

 'വിഡിയോ കാണുമ്പോൾ, ഹമാസിന് എന്താണ് വേണ്ടതെന്ന് എനിക്ക് കൃത്യമായി മനസ്സിലാകുന്നുണ്ട്. അവർക്ക് സമാധാന കരാർ വേണ്ട. ഈ വിഡിയോകൾ ഉപയോഗിച്ച് അവർ നമ്മളെ തകർക്കാൻ ആഗ്രഹിക്കുന്നു' നെതന്യാഹു ഞായറാഴ്ച ഒരു ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു.

ശനിയാഴ്ച രാത്രി അടിയന്തര വെടിനിർത്തൽ കരാർ ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ഇസ്രായേലികൾ തെരുവിലിറങ്ങിയിരുന്നു. സമീപകാലത്ത് പ്രതിഷേധങ്ങളിൽ പങ്കുചേർന്ന ഏറ്റവും വലിയ ജനക്കൂട്ടങ്ങളിലൊന്നായിരുന്നു ഇത്. അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിയിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ നെതന്യാഹു, ബന്ദികളായവർക്ക് ഭക്ഷണവും മരുന്നും എത്തിക്കാൻ സംഘടനയോട് ആവശ്യപ്പെട്ടതായി പറഞ്ഞു.

അതേസമയം, ഗാസയിൽ നിരവധി പലസ്തീനികൾ ദിവസേന  കൊല്ലപ്പെടുകയാണ്. മേയ് മുതൽ സഹായം ലഭ്യമാക്കാൻ ശ്രമിക്കുന്നതിനിടെ ഏകദേശം 1,400 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു. ഇസ്രായേൽ പിന്തുണയോടെ പ്രവർത്തിക്കുന്ന അമേരിക്കൻ കരാറുകാരൻ നടത്തുന്ന വിതരണ കേന്ദ്രങ്ങൾക്ക് സമീപമാണ് ഏറ്റവുമധികം പേർ കൊല്ലപ്പെട്ടത്. എന്നാൽ, സിവിലിയന്മാരെ നേരിട്ട് ലക്ഷ്യം വച്ചെന്ന വാർത്ത ഇസ്രായേൽ സൈന്യം നിഷേധിച്ചു.

മാർച്ച് മുതൽ മേയ് വരെ, ഇസ്രായേൽ ഗാസയിൽ പൂർണ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഭക്ഷണവും മരുന്നും ഉൾപ്പെടെ മാനുഷിക സഹായങ്ങൾ പൂർണമായി നിരോധിച്ചു. പിന്നീട് അന്താരാഷ്ട്രതലത്തിൽ ഉയർന്ന പ്രതിഷേധത്തെത്തുടർന്നാണ് ആ നയത്തിൽ ഭാഗിക ഇളവ് വരുത്തിയത്. എന്നാൽ യുദ്ധത്തിൽ തകർന്ന മേഖലയിൽ കുടുങ്ങിക്കിടക്കുന്ന 20 ലക്ഷത്തോളം പലസ്തീനികളുടെ അവസ്ഥ ഇപ്പോഴും പരിതാപകരമാണ്.