ആശുപത്രി ആംബുലന്‍സ് വിട്ടുനല്‍കിയില്ല ; മരിച്ച കുഞ്ഞിന്റെ മൃതശരീരവുമായി മാതാപിതാക്കള്‍ ബൈക്കിലും ഓട്ടോയിലുമായി സഞ്ചരിച്ചത് 90 കിലോമീറ്റര്‍

ആശുപത്രി ആംബുലന്‍സ് വിട്ടുനല്‍കിയില്ല ; മരിച്ച കുഞ്ഞിന്റെ മൃതശരീരവുമായി മാതാപിതാക്കള്‍ ബൈക്കിലും ഓട്ടോയിലുമായി സഞ്ചരിച്ചത് 90 കിലോമീറ്റര്‍


അമരാവതി : ഏറെ കാത്തിരുന്ന തന്റെ കണ്‍മണിയുടെ ചേതനയറ്റ ശരീരവുമായി ഒരമ്മയ്ക്ക് സഞ്ചരിക്കേണ്ടി വന്നത് 90 കിലോമീറ്റര്‍. അതും ബസിലും ബൈക്കിലും ഓട്ടോയിലുമായി. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിലെ ഗുഡെം കോതവീഥിയിലാണ് സംഭവം. ആശുപത്രി അധികൃതര്‍ ആംബുലന്‍സ് വിട്ടുനല്‍കാതിരുന്നതോടെയാണ് ഇവര്‍ക്ക് കുഞ്ഞിന്റെ മൃതദേഹം വീട്ടിലെത്തിക്കാന്‍ പൊതുഗതാഗതത്തെ ആശ്രയിക്കേണ്ടി വന്നത്.

തന്റെ കുടുംബത്തിലേക്ക് പുതിയൊരു അതിഥിയെ വരവേല്‍ക്കാന്‍ കാത്തിരുന്ന സന്തോഷത്തിന്റെ നിമിഷം, അപ്രതീക്ഷിതമായി വന്തല ലക്ഷ്മിക്കും ബുജ്ജിബാബുവിനും തീരാവേദനയുടേതായി മാറുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് വന്തല ലക്ഷ്മി പ്രാദേശിക സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

പക്ഷേ ആ സന്തോഷം അധിക നേരം നീണ്ടുനിന്നില്ല. മണിക്കൂറുകള്‍ക്കുള്ളില്‍ കുഞ്ഞിന്റെ അവസ്ഥ വഷളായി. ശരീരത്തില്‍ കറുപ്പ് നിറം പടരാന്‍ തുടങ്ങി. പ്രസവ വേദന മാറുന്നതിനു മുന്‍പേ രക്തം വാര്‍ന്നൊലിക്കുന്ന ശരീരവുമായി ആദിവാസി യുവതിക്ക് തന്റെ ചോരകുഞ്ഞുമായി ആശുപത്രി വിട്ടിറങ്ങേണ്ടി വന്നു.

ആദ്യം ചിന്തപ്പള്ളി കമ്മ്യൂണിറ്റി ആശുപത്രിയിലും പിന്നീട് നര്‍സിപട്ടണം റീജിയണല്‍ ആശുപത്രിയിലും കൊണ്ടുപോയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. ഞായറാഴ്ച രാത്രിയോടെ കുട്ടി മരിച്ചു. ഇതുകൊണ്ടും അവസാനിച്ചില്ല ദുരിതം. രക്തസ്രാവം നിലക്കാത്ത വന്തല ലക്ഷ്മിക്ക് കുഞ്ഞിന്റെ മൃതദേഹവുമായി വീട്ടിലേക്ക് മടങ്ങാന്‍ ആശുപത്രി അധികൃതര്‍ ഗതാഗത സൗകര്യം ഒരുക്കി നല്‍കിയില്ല.

അമ്മ ആശുപത്രിയില്‍ തന്നെ തുടരണമെന്നും മരിച്ച കുഞ്ഞിനെ വീട്ടുകാര്‍ സ്വന്തമായി കൊണ്ടുപോകണമെന്നും ആയിരുന്നു ഇവരുടെ മറുപടി. ഇതോടെ മൂന്ന് വ്യത്യസ്ത വാഹനങ്ങളിലായി 90 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടി വന്നു ഇവര്‍ക്ക്. നര്‍സിപട്ടണത്ത് നിന്ന് ചിന്തപ്പള്ളിയിലേക്ക് 50 കിലോമീറ്റര്‍ ആര്‍ടിസി ബസില്‍, ഗുഡെം കോതവീഥിയിലേക്ക് 20 കിലോമീറ്റര്‍ ഓട്ടോയില്‍, പിന്നീട് ഇരുചക്രവാഹനത്തില്‍ 20 കിലോമീറ്റര്‍.

കണ്ടു നില്‍ക്കുന്നവരുടെ ഉള്ളുലക്കുന്ന കാഴ്ചയായിരുന്നു ഇത്. സര്‍ക്കാര്‍ ആശുപത്രിയിലെ അടിസ്ഥാന സൗകര്യത്തെ കുറിച്ചും ആദിവാസികളോടുള്ള മനോഭാവത്തെ കുറിച്ചും ഗുരുതര ചോദ്യങ്ങളുയര്‍ത്തുകയാണ് ഈ സംഭവം.