വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയെ ഭീഷണിപ്പെടുത്തിയതിന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ റിപ്പബ്ലിക്കന്‍ നേതാവും ഐക്യരാഷ്ട്രസഭയിലെ മുന്‍ യു എസ് അംബാസഡറുമായ നിക്കി ഹേലി വിമര്‍ശിച്ചു.
റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് മേല്‍ തീരുവ ചുമത്താനുള്ള ട്രംപിന്റെ നീക്കം യു എസ്- ഇന്ത്യ ബന്ധത്തെ ബാധിക്കുമെന്ന് നിക്കി ഹേലി എക്സിലെ പോസ്റ്റില്‍ ഊന്നിപ്പറഞ്ഞു.
റഷ്യന്‍ എണ്ണ വാങ്ങുന്നവരില്‍ ഇന്ത്യ മാത്രമല്ല, ചൈനയും മുന്നിട്ടു നില്‍ക്കുന്നുണ്ട്. പക്ഷേ യു എസ് 90 ദിവസത്തെ താരിഫ് താത്ക്കാലികമായി നിര്‍ത്തിവെച്ചുവെന്നും അവര്‍ പറഞ്ഞു.
'ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങരുത്. എന്നാല്‍ റഷ്യയില്‍ നിന്നും ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്നതില്‍ ഒന്നാമതുള്ള രാജ്യവും എതിരാളിയുമായ ചൈനയ്ക്ക് 90 ദിവസത്തെ താരിഫ് താത്ക്കാലികമായി നിര്‍ത്തിവച്ചു. ചൈനയ്ക്ക് അനുമതി നല്‍കരുത്, ഇന്ത്യ പോലുള്ള ശക്തമായ സഖ്യകക്ഷിയുമായുള്ള ബന്ധം തകര്‍ക്കരുത്,' ഹേലി എക്സിലെ തന്റെ പോസ്റ്റില്‍ എഴുതി.
റഷ്യയുമായുള്ള ആയുധ വ്യാപാരത്തിനും എണ്ണ ഇറക്കുമതിക്കും പിഴ ചുമത്തുന്നതിനൊപ്പം ട്രംപ് കഴിഞ്ഞ ആഴ്ച ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം തീരുവ ചുമത്തി. റഷ്യന്‍ എണ്ണ വാങ്ങി 'വലിയ ലാഭത്തിനായി തുറന്ന വിപണിയില്‍ വില്‍ക്കുന്നതിന്' ഇന്ത്യയ്ക്ക് മേലുള്ള വ്യാപാര തീരുവയില്‍ 'ഗണ്യമായ വര്‍ധനവ്' വരുത്തുമെന്ന് ട്രംപ് പിന്നീട് പുതിയ ഭീഷണി മുഴക്കി.
