ടൈറ്റന്‍ മുങ്ങിക്കപ്പല്‍ ദുരന്തം: ഓഷ്യന്‍ഗേറ്റിന്റെ പരാജയങ്ങള്‍ തുറന്നുകാട്ടുന്ന യുഎസ് കോസ്റ്റ് ഗാര്‍ഡിന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്ത്

ടൈറ്റന്‍ മുങ്ങിക്കപ്പല്‍ ദുരന്തം: ഓഷ്യന്‍ഗേറ്റിന്റെ പരാജയങ്ങള്‍ തുറന്നുകാട്ടുന്ന യുഎസ് കോസ്റ്റ് ഗാര്‍ഡിന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്ത്


നടപടിയെടുക്കണമെന്ന് മരിച്ചവരുടെ കുടുംബങ്ങള്‍

വാഷിംഗ്ടണ്‍:   നൂറ്റി പന്ത്രണ്ട് വര്‍ഷം മുമ്പ് 1500 യാത്രക്കാരുമായി കന്നിയാത്രയ്ക്കുപുറപ്പെട്ട ടൈറ്റാനിക് കപ്പല്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഭീമാകാരമായ മഞ്ഞുമലയില്‍ ഇടിച്ച് തകര്‍ന്നുമുങ്ങിയ സംഭവം ഇന്നും തലമുറകളില്‍ നടുക്കം സൃഷിക്കുന്നതാണ്. കടലിലെ അഗാധമായ ആഴത്തില്‍ ചിതറിക്കിടക്കുന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണുന്നതിനായി ഓഷ്യന്‍ ഗേറ്റ് എന്ന സമുദ്ര പര്യവേഷണ സ്ഥാപനം അഞ്ചുപേര്‍ക്കായി സംഘടിപ്പിച്ച മുങ്ങിക്കപ്പല്‍ യാത്ര ദുരന്തത്തില്‍ കലാശിച്ചിട്ട് രണ്ട് വര്‍ഷം പിന്നിടുന്നു. ടൈറ്റന്‍ എന്ന ചെറുമുങ്ങിക്കപ്പലില്‍ സഞ്ചരിച്ച അഞ്ചുപേരും സമുദ്രാന്തര്‍ഭാഗത്തെ സമ്മര്‍ദ്ദത്തില്‍പെട്ട പേടകം പൊട്ടിത്തെറിച്ച് മരണപ്പെടുകയായിരുന്നു. അപകടത്തെ സംബന്ധിച്ച് യുഎസ് കോസ്റ്റ് ഗാര്‍ഡ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ദീര്‍ഘകാലത്തെ കാത്തിരിപ്പിനുശേഷം ഓഗസ്റ്റ് 5 ന് പുറത്തിറക്കിയിരിക്കുകയാണ്.

നശിച്ച മുങ്ങികപ്പല്‍ തയ്യാറാക്കി സാഹസിക സമുദ്ര പര്യവേഷണ യാത്ര സംഘടിപ്പിച്ച കമ്പനിയായ ഓഷ്യന്‍ഗേറ്റിന്റെ പ്രവര്‍ത്തന പരാജയമാണ് ദുരന്തത്തിന് കാരണമെന്നാണ് മറൈന്‍ ബോര്‍ഡ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ കണ്ടെത്തിയിട്ടുള്ളത്. 300 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട്, ഗുരുതരമായ രൂപകല്‍പ്പന പിഴവുകള്‍, മോശം മേല്‍നോട്ടം, 
യാത്രക്കാര്‍ക്ക് ശ്വാസം മുട്ടുന്ന തരത്തില്‍ സ്ഥലസൗകര്യമില്ലായ്മ തുടങ്ങിയ ഗുരുതരമായ പിഴവുകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 
'ഈ സമുദ്ര അപകടവും അഞ്ച് പേരുടെ മരണവും തടയാമായിരുന്നു, എന്നാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ജേസണ്‍ ന്യൂബോവര്‍ പറഞ്ഞിട്ടുള്ളത്.

2023 ജൂണില്‍ മരിച്ച അഞ്ച് പേരില്‍ ഓഷ്യന്‍ഗേറ്റ് സിഇഒ സ്‌റ്റോക്ക്ടണ്‍ റഷ്, ടൈറ്റാനിക് വിദഗ്ദ്ധന്‍ പോള്‍ഹെന്റി നര്‍ജിയോലെറ്റ്, ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാര്‍ഡിംഗ്, പാകിസ്ഥാനി അച്ഛന്‍മകന്‍ ജോഡികളായ ഷഹ്‌സാദ, സുലെമാന്‍ ദാവൂദ് എന്നിവരും ഉള്‍പ്പെടുന്നു. സ്‌ഫോടനത്തില്‍
ചിതറി തെറിച്ചുപോയ മുങ്ങിക്കപ്പലില്‍ ഉണ്ടായിരുന്നവരുടെ ആരുടെയും മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. മുങ്ങിക്കപ്പല്‍പുറപ്പെടുന്നതിനുമുമ്പുള്ള സുരക്ഷാ മുന്നറിയിപ്പുകളെല്ലാം ഓഷ്യന്‍ ഗേറ്റ് അവഗണിച്ചതായി കണ്ടെത്തിയിരുന്നു. 2022 ല്‍ കമ്പനി സംഘടിപ്പിച്ച മറ്റൊരു യാത്രയും പരാജയപ്പെട്ടിരുന്നു. ഈ പരാജയങ്ങള്‍ സംബന്ധിച്ച് പഠനം നടത്താതെയും വിവരങ്ങള്‍ തേടാതെയുമാണ് 2023ല്‍ വീണ്ടും യാത്ര സംഘടിപ്പിച്ചതെന്നതും റിപ്പോര്‍ട്ടില്‍ പറയുന്നു.  
സംഭവത്തെക്കുറിച്ചും കമ്പനിയുടെ നിരുത്തരവാദപരമായ നടപടികളെക്കുറിച്ചും അന്വേഷണം ആവശ്യപ്പെട്ട് ഇരകളുടെ കുടുംബങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്.
മുങ്ങിക്കപ്പല്‍ സ്‌ഫോടനത്തില്‍ ഭര്‍ത്താവിനെയും മകനെയും നഷ്ടപ്പെട്ട ക്രിസ്റ്റീന്‍ ദാവൂദ് തന്റെ കുടുംബത്തിനുവേണ്ടി ഒരു പ്രസ്താവന പുറത്തിറക്കി.

'ഹൃദയഭേദകമായ ഫലത്തെ മാറ്റാന്‍ ഒരു റിപ്പോര്‍ട്ടിനും കഴിയില്ല. ഉത്തരവാദിത്തവും നിയന്ത്രണ മാറ്റവും അത്തരമൊരു വിനാശകരമായ പരാജയത്തിന് ശേഷം വരണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ ദുരന്തം ഒരു വഴിത്തിരിവായി വര്‍ത്തിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് അവരുടെ പ്രസ്താവനയില്‍ പറയുന്നു.

സംഭവത്തിന് തൊട്ടുപിന്നാലെ ഓഷ്യന്‍ഗേറ്റ് തങ്ങളുടെ സമുദ്രപര്യവേഷണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു.
അന്വേഷണ അധികാരികളുമായി സഹകരിച്ചുവെന്നും മരിച്ചവരുടെ കുടുംബങ്ങളോട് വീണ്ടും അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും,' റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് മുന്നോടിയായി കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

പതിവുചോദ്യങ്ങളും ഉത്തരങ്ങളും

ടൈറ്റന്‍ സബ്‌മെര്‍സിബിളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തോ?

ഇല്ല, സ്‌ഫോടനത്തിന്റെ ആഴവും ശക്തിയും കാരണം, മനുഷ്യാവശിഷ്ടങ്ങളൊന്നും കണ്ടെടുത്തില്ല.

ടൈറ്റന്‍ എത്ര ആഴത്തിലാണ് പൊട്ടിത്തെറിച്ചത്?

ടൈറ്റാനിക് കപ്പല്‍ തകര്‍ന്ന സ്ഥലത്തിന് സമീപം, ഉപരിതലത്തില്‍ നിന്ന് ഏകദേശം 12,500 അടി താഴെ, സബ് പൊട്ടിത്തെറിച്ചതായി വിശ്വസിക്കപ്പെടുന്നു.

ടൈറ്റന്‍ മുങ്ങിക്കപ്പലിലെ ആളുകള്‍ക്ക് എന്ത് സംഭവിച്ചു?

ഘടനാപരമായ തകരാര്‍ മൂലമുണ്ടായ വിനാശകരമായ സ്‌ഫോടനത്തില്‍ അഞ്ച് യാത്രക്കാരും തല്‍ക്ഷണം മരിച്ചു.

ടൈറ്റന്‍ പൊട്ടിത്തെറിക്കുന്നതിന് മുമ്പ് എത്ര ഡൈവുകള്‍ നടത്തി?

മാരകമായ 2023 പര്യവേഷണത്തിന് മുമ്പ് ടൈറ്റന്‍ ഒരു ഡസനിലധികം ഡൈവുകള്‍ പൂര്‍ത്തിയാക്കിയിരുന്നു.