ട്രംപിന്റെ താരിഫ് ഭീഷണി നേരിടാന്‍ ഇന്ത്യ-റഷ്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും; അജിത് ഡോവല്‍ മോസ്‌കോയില്‍

ട്രംപിന്റെ താരിഫ് ഭീഷണി നേരിടാന്‍ ഇന്ത്യ-റഷ്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും; അജിത് ഡോവല്‍ മോസ്‌കോയില്‍


ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്താല്‍ അധിക തീരുവ ചുമത്തുമെന്ന പ്രഖ്യാപനം ഇന്ത്യ തള്ളിയതിന് പിന്നാലെ, ഇനിയും കൂടുതല്‍ തീരുവ ഉണ്ടാകുമെന്ന ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തുവന്നതോടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരയുദ്ധം രൂക്ഷമായി. രാജ്യസുരക്ഷയും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നു പ്രഖ്യാപിച്ചാണ്, നേരത്തെ ട്രംപിന്റെ തീരുവ ഭീഷണിയെ ഇന്ത്യ തള്ളിയത്. 

അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഇന്ത്യയെ തുടര്‍ച്ചയായി ലക്ഷ്യംവയ്ക്കുകയാണെന്നും ഇത്തരം നടപടികള്‍ ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമാണെന്നും തിങ്കളാഴ്ച അര്‍ധരാത്രിയോടെ വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നു.

ഇന്ത്യ പുറപ്പെടുവിച്ച ശക്തമായ പ്രസ്താവനക്ക് പിന്നാലെ, വീണ്ടും ട്രംപ് ഭീഷണിയുമായി രംഗത്തുവരികയായിരുന്നു. 24 മണിക്കൂറിനുള്ളില്‍ ഇന്ത്യക്ക് പുതിയ തീരുവചുമത്തുമെന്നാണ് ട്രംപിന്റെ ഏറ്റവും ഒടുവിലത്തെ ഭീഷണി. ഇന്ത്യ നല്ല വാണിജ്യ പങ്കാളിയല്ലെന്നും യുക്രൈനിലെ ആളുകള്‍ കൊല്ലപ്പെടുന്നതില്‍ ഇന്ത്യക്ക് ആശങ്കയില്ലെന്നും ട്രംപ് പറഞ്ഞു. 

ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന പണം ഉപയോഗിച്ചാണ് യുക്രൈനില്‍ റഷ്യ ആളുകളെ കൊല്ലുന്നതെന്നാണ് ട്രംപിന്റെ വാദം. ഇന്ത്യക്ക് യു.എസ് ഏര്‍പ്പെടുത്തിയ 25 ശതമാനം ഇറക്കുമതിത്തീരുവ ഓഗസ്റ്റ് 7 മുതല്‍ പ്രാബല്യത്തില്‍ വരും. അടുത്ത 24 മണിക്കൂറില്‍ തന്നെ ഇന്ത്യക്ക് പുതിയ ചുങ്കം ഏര്‍പ്പെടുത്തുമെന്നും ട്രംപ് ഭീഷണി മുഴക്കി. ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതല്‍ ചുങ്കം ഏര്‍പ്പെടുത്തുന്ന രാജ്യമാണെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു. അതിനാല്‍ തങ്ങള്‍ ഇന്ത്യയുമായി വളരെ കുറച്ച് വ്യാപാരമേ നടത്തുന്നുള്ളൂവെന്നും ട്രംപ് പറഞ്ഞു.

നേരത്തെ, യൂറോപ്യന്‍ യൂണിയന്റെയും യു.എസിന്റെയും ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടിയാണ്, വിദേശകാര്യമന്ത്രാലയം പ്രസ്താവന ഇറക്കിയത്. യു.എസ് പല്ലേഡിയവും അവരുടെ ആണവോര്‍ജ വ്യവസായത്തിന് ആവശ്യമായ യുറേനിയം ഹെക്‌സാഫ്‌ലൂറൈഡും റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു. ഈ ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ല. വാസ്തവത്തില്‍, ഉക്രൈനില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ശേഷം പരമ്പരാഗത എണ്ണ യൂറോപ്പിലേക്ക് വഴിതിരിച്ചുവിട്ടതിനാലാണ് റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തു തുടങ്ങിയത്. ആഗോള ഊര്‍ജ്ജ വിപണിയുടെ സ്ഥിരത ശക്തിപ്പെടുത്താനായി ആ സമയത്ത് ഇന്ത്യയുടെ അത്തരം ഇറക്കുമതിയെ യു.എസ് പ്രോത്സാഹിപ്പിച്ചിരുന്നു. രാജ്യത്തിനുള്ളിലെ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ ഊര്‍ജ്ജം ഉറപ്പാക്കാനാണ് ഇന്ത്യ റഷ്യയില്‍ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്യുന്നത്. ഏതൊരു പ്രധാന സമ്പദ് വ്യവസ്ഥയെയും പോലെ, ഇന്ത്യയും രാജ്യതാല്‍പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ രംഗത്തുണ്ട്. തങ്ങളുമായുള്ള വ്യാപാരം നിര്‍ത്താന്‍ ഏതെങ്കിലും രാജ്യത്തെ നിര്‍ബന്ധിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് റഷ്യ പ്രതികരിച്ചു. ഇത്തരം നീക്കം നിയമവിരുദ്ധമാണെന്നും ഇന്ത്യയുടെയോ അമേരിക്കയുടെയോ പേര് പരാമര്‍ശിക്കാതെ റഷ്യന്‍ പ്രസിഡന്റിന്റെ ഓഫിസ് വക്താവ് ദിംത്രി പെസ്‌കോവ് പറഞ്ഞു.

പുതിയ സാഹചര്യത്തില്‍ റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടിയന്തര ചര്‍ച്ചകള്‍ക്കായി മോസ്‌കോയില്‍ എത്തി. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ഈ മാസം അവസാനം മോസ്‌കോയില്‍ എത്തുന്നുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച ചര്‍ച്ചയാണെങ്കിലും,  റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭിപ്രായങ്ങള്‍ കാരണം സന്ദര്‍ശനത്തിന് പുതിയ മാനം കൈവന്നിട്ടുണ്ട്‌