കയറ്റുമതിക്കാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ 20,000 കോടി രൂപയുടെ പദ്ധതി തയ്യാറാക്കുന്നു; 'ബ്രാന്‍ഡ് ഇന്ത്യ' പ്രോത്സാഹിപ്പിക്കും

കയറ്റുമതിക്കാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ 20,000 കോടി രൂപയുടെ പദ്ധതി തയ്യാറാക്കുന്നു; 'ബ്രാന്‍ഡ് ഇന്ത്യ' പ്രോത്സാഹിപ്പിക്കും


ന്യൂഡല്‍ഹി:  ഡോണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികള്‍ക്കിടയില്‍, ഇന്ത്യ വലിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. കയറ്റുമതി മേഖലയുടെ സംരക്ഷണത്തിനായി ഇന്ത്യ 20,000 കോടിയുടെ പദ്ധതി തയ്യാറാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബറോടെ പദ്ധതി പ്രാബല്യത്തില്‍ വരുമെന്നും റിപ്പോര്‍ട്ട്. യുഎസ് ഏര്‍പ്പെടുത്തിയ 25% താരിഫ് പരിഹരിക്കുന്നതിന് തദ്ദേശീയ ബ്രാന്‍ഡുകള്‍ വികസിപ്പിക്കാനും വിപണനം ചെയ്യാനും വാണിജ്യ, വ്യവസായ മന്ത്രാലയം കയറ്റുമതിക്കാരെ ഉപദേശിക്കുന്നതിനിടയില്‍ സര്‍ക്കാരിന്റെ പുതിയ നീക്കം പ്രസക്തമാവുകയാണ്.

യുഎസ് താരിഫ് ആഘാതം നികത്തുക, ആഗോള വ്യാപാരം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് കയറ്റുമതി പ്രമോഷന്‍ മിഷന്റെ ലക്ഷ്യങ്ങള്‍. വാണിജ്യ മന്ത്രാലയത്തിന് പുറമെ മറ്റ് മന്ത്രാലയങ്ങളും സംയോജിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക.

കയറ്റുമതി അതിവേഗത്തിലാക്കുക, വായ്പ നടപടികള്‍ ലഘൂകരിക്കുക, താരിഫ് ഇതര തടസ്സങ്ങള്‍ പരിഹരിക്കല്‍ എന്നിവയും ഇതിന്റെ ഭാഗമായി ഉണ്ടാവും. ആഗോളതലത്തില്‍ ഇന്ത്യന്‍ ബ്രാന്‍ഡിനെ മുന്‍നിരയിലെത്തിക്കാനും ഇത് ലക്ഷ്യമിടുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

ഇവ വഴി യുഎസിന്റെ 25% താരിഫിന്റെ ആഘാതം ലഘൂകരിക്കാന്‍ സാധിക്കും. ഒപ്പം കയറ്റുമതി മത്സരശേഷി വര്‍ദ്ധിപ്പിക്കാനും ഈ പദ്ധതി ശ്രമിക്കുന്നു.ഇകൊമേഴ്‌സ് ഹബ്ബുകള്‍ സ്ഥാപിക്കുന്നതിനെ പിന്തുണയ്ക്കുക, ജില്ലകളെ കയറ്റുമതി കേന്ദ്രങ്ങളായി വികസിപ്പിക്കുക എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. താരിഫ് ആഘാതം നികത്തുക പദ്ധതിയുടെ ലക്ഷ്യം.

'ഒരു പദ്ധതിയായി ദൗത്യം പ്രവര്‍ത്തനക്ഷമമാക്കുന്നതിന്, അടുത്ത അഞ്ച്-ആറ് വര്‍ഷത്തേക്ക് 20,000 കോടിയിലധികം ആവശ്യമാണെന്നും അത് പ്രാവര്‍ത്തികമാക്കുന്നതിനുള്ള കൂടിയാലോചനയിലാണ് സര്‍ക്കാരെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വ്യാപാര ധനസഹായം, നിയന്ത്രണങ്ങള്‍, മാനദണ്ഡങ്ങള്‍, വിപണി പ്രവേശനം എന്നിവ ഉള്‍ക്കൊള്ളുന്ന വ്യാപാരേതര ധനസഹായം, ബ്രാന്‍ഡ് ഇന്ത്യയുടെ അംഗീകാരം ശക്തിപ്പെടുത്തല്‍, വെയര്‍ഹൗസിംഗുള്ള ഇകൊമേഴ്‌സ് സൗകര്യങ്ങള്‍, വ്യാപാര സൗകര്യ നടപടികള്‍ എന്നിങ്ങനെ അഞ്ച് പ്രധാന മേഖലകളാണ് ഈ പരിപാടിയില്‍ ഉള്‍പ്പെടുന്നത്.

 വ്യക്തിഗത കയറ്റുമതി പരിധികള്‍ക്കും ക്രെഡിറ്റ് യോഗ്യതാ വിലയിരുത്തലിനും വിധേയമായി, കുറഞ്ഞതോ കൊളാറ്ററല്‍ ആവശ്യകതകളില്ലാത്തതോ ആയ വായ്പകള്‍ വാഗ്ദാനം ചെയ്യുന്നതും എംഎസ്എംഇ കയറ്റുമതിക്കാര്‍ക്കുള്ള തന്ത്രത്തില്‍ ഉള്‍പ്പെടുന്നു.

വാണിജ്യ, വ്യവസായ മന്ത്രാലയങ്ങള്‍, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ), ധനകാര്യം എന്നിവ തമ്മില്‍ സഹകരിപ്പിക്കാനുള്ള ശ്രമം കൂടിയാണ് ഈ സംരംഭം.

ജപ്പാന്‍, കൊറിയ, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ പോലെ ഇന്ത്യയുടെ ആഗോള പ്രശസ്തി വര്‍ദ്ധിപ്പിക്കാനും ഇകൊമേഴ്‌സ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും ജില്ലകളെ കയറ്റുമതി കേന്ദ്രങ്ങളാക്കി മാറ്റാനും ഈ സംരംഭം ലക്ഷ്യമിടുന്നു.

'ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ഇത്രയും വലിയ ഫണ്ടിന് നമ്മുടെ കയറ്റുമതിയെ പിന്തുണയ്ക്കാന്‍ കഴിയുമെങ്കില്‍ അത് ഗുണകരമായിരിക്കുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് (FIEO) ഡയറക്ടര്‍ ജനറല്‍ അജയ് സഹായ് പറഞ്ഞു.

ട്രംപിന്റെ താരിഫ് ഭീഷണി

ഇന്ത്യയില്‍ നിന്ന് ഉത്ഭവിക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഓഗസ്റ്റ് 7 മുതല്‍ പ്രാബല്യത്തില്‍ വരുന്ന 25% താരിഫാണ് ട്രംപ് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ നിര്‍വചിക്കപ്പെടാത്ത പിഴയും ചുമത്തും. പാകിസ്ഥാന്‍, വിയറ്റ്‌നാം, ബംഗ്ലാദേശ്, തുര്‍ക്കി തുടങ്ങി കയറ്റുമതിയില്‍ ഇന്ത്യയോടു മത്സരിക്കുന്ന രാജ്യങ്ങള്‍ 15-20% വരെ തീരുവയാണ് നേരിടുന്നത്. ഈ ഗണ്യമായ താരിഫ് വ്യത്യാസം ഇന്ത്യയുടെ യുഎസിലേക്കുള്ള 85 ബില്യണ്‍ ഡോളറില്‍ അധികം വരുന്ന വാര്‍ഷിക കയറ്റുമതിയുടെ ഏകദേശം പകുതിയെ ബാധിക്കും.

തിങ്കളാഴ്ച വീണ്ടും, റഷ്യയുമായുള്ള എണ്ണ വ്യാപാരം തുടരുന്നതിന് ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി.

'ഇന്ത്യ വന്‍തോതില്‍ റഷ്യന്‍ എണ്ണ വാങ്ങുക മാത്രമല്ല, വാങ്ങിയ എണ്ണയുടെ ഭൂരിഭാഗവും ഓപ്പണ്‍ മാര്‍ക്കറ്റില്‍ വലിയ ലാഭത്തിനായി വില്‍ക്കുകയും ചെയ്യുന്നു. റഷ്യന്‍ യുദ്ധ യന്ത്രം യുക്രെയ്‌നില്‍ എത്ര പേരെ കൊല്ലുന്നുണ്ടെന്ന് ഇന്ത്യ കാര്യമാക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ ട്രംപ് ഇക്കാരണത്താല്‍, ഇന്ത്യ യുഎസ്എയ്ക്ക് നല്‍കുന്ന താരിഫ്  ഗണ്യമായി ഉയര്‍ത്തുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തു.

ഇതിനെ ശക്തമായ എതിര്‍ത്ത ഇന്ത്യ, റഷ്യയില്‍ നിന്ന് ഇറക്കുമതി തുടരുന്നതിന് യുഎസിനെയും യൂറോപ്യന്‍ യൂണിയനെയും വിമര്‍ശിക്കുമ്പോള്‍ തന്നെ, തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പറഞ്ഞു.

'ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നത് ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമാണ്. ഏതൊരു പ്രധാന സമ്പദ്‌വ്യവസ്ഥയെയും പോലെ, ഇന്ത്യയും തങ്ങളുടെ ദേശീയ താല്‍പ്പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും- വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

'യൂറോപ്പ്-റഷ്യ വ്യാപാരത്തില്‍ ഊര്‍ജ്ജം മാത്രമല്ല, വളങ്ങള്‍, ഖനന ഉല്‍പ്പന്നങ്ങള്‍, രാസവസ്തുക്കള്‍, ഇരുമ്പ്, ഉരുക്ക്, യന്ത്രങ്ങള്‍, ഗതാഗത ഉപകരണങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു. അമേരിക്കയെ സംബന്ധിച്ചിടത്തോളം, അവര്‍ റഷ്യയില്‍ നിന്ന് ആണവ വ്യവസായത്തിനായി യുറേനിയം ഹെക്‌സാഫ്‌ലൂറൈഡ്, ഇലക്ട്രിക് വാഹന വ്യവസായത്തിനായി പല്ലേഡിയം, രാസവളങ്ങള്‍, രാസവസ്തുക്കള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നത് തുടരുകയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.