ന്യൂഡല്‍ഹി : ജമ്മുകശ്മീരിലെ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് (79) അന്തരിച്ചു. ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
തീവ്ര പരിചരണത്തില്‍ കഴിഞ്ഞിരുന്ന മാലിക് അന്തരിച്ചതായി ആശുപത്രി അധികൃതര്‍ എക്‌സിലൂടെയാണ് അറിയിച്ചത്. ദീര്‍ഘകാലമായി അദ്ദേഹം പ്രമേഹം, വൃക്കരോഗം, രക്താതി സമ്മര്‍ദ്ദം, അമിത വണ്ണം, ഉറക്കമില്ലായ്മ തുടങ്ങിയ നിരവധി അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു എന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
മെയ് പതിനൊന്നിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂത്രനാളിയിലെ കടുത്ത അണുബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ന്യൂമോണിയ അടക്കമുള്ള അസുഖങ്ങളിലേക്ക് എത്തി. ശരീരത്തിലെ അവയങ്ങളുടെയെല്ലാം പ്രവര്‍ത്തനം താറുമാറായി. വെന്റിലേറ്ററടക്കമുള്ള സംവിധാനങ്ങളൊരുക്കി എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുകയായിരുന്നു. നിരവധി തവണ ഡയാലിസിസ് നടത്തിയെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഓഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് 1.15നാണ് അന്ത്യം സംഭവിച്ചതെന്നും ആശുപത്രിയുടെ പ്രസ്താവനയില്‍ പറയുന്നു. ദീര്‍ഘകാലമായി നീളുന്ന രാഷ്ട്രീയ ജീവിതത്തില്‍ ബിഹാര്‍, ഗോവ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളുടെയും ഗവര്‍ണറായി പ്രവര്‍ത്തിച്ചു. 1990 ഏപ്രില്‍ രണ്ടു മുതല്‍ നവംബര്‍ പത്ത് വരെ കേന്ദ്ര പാര്‍ലമെന്ററി കാര്യ വിനോദസഞ്ചാര വകുപ്പു സഹമന്ത്രിയായും പ്രവര്‍ത്തിച്ചു.
2017 ഒക്‌ടോബര്‍ നാല് മുതല്‍ ഓഗസ്റ്റ് 22വരെ ബിഹാര്‍ ഗവര്‍ണറായിരുന്നു. 2019 നവംബര്‍മൂന്ന് മുതല്‍ 2020 ഓഗസ്റ്റ് പതിനെട്ടു വരെ ഗോവയുടെ ഗവര്‍ണറായി. 2020 ഓഗസ്റ്റ് 19 മുതല്‍ 2020 ഒക്‌ടോബര്‍ മൂന്ന് വരെ മേഘാലയയുടെ ഗവര്‍ണര്‍ ആയിരുന്നു.
ജമ്മുകശ്മീര്‍ സംസ്ഥാനത്തിന്റെ അവസാന ഗവര്‍ണര്‍ ആയിരുന്നു മാലിക്. 2018 ഓഗസ്റ്റ് മുതല്‍ 219 ഒക്‌ടോബര്‍ വരെയാണ് അദ്ദേഹം ഈ സ്ഥാനത്ത് ഇരുന്നത്. 2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ അനുച്‌ഛേദം 370 റദ്ദാക്കുകയും ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി ഇല്ലാതാകുകയും ചെയ്‌തോടെ ഗവര്‍ണര്‍ പദവിയും ഇല്ലാതായി. ജമ്മു കശ്മീരിന് സംസ്ഥാന പദവി നഷ്ടമായത് 2019 ഓഗസ്റ്റ് അഞ്ചിനാണ് സംസ്ഥാന പദവി ഇല്ലാതായത്. ഇന്ന് ഇതിന്റെ ആറാം വാര്‍ഷികമാണ്.
പിന്നീട് അദ്ദേഹം ഗോവയുടെ ഗവര്‍ണറായി നിയമിക്കപ്പെട്ടു. 2022 ഒക്‌ടോബര്‍ വരെ അദ്ദേഹം മേഘാലയയുടെ ഗവര്‍ണറായും പ്രവര്‍ത്തിച്ചു.
1960കളിലാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങിയത്. റാം മനോഹര്‍ ലോഹ്യയുടെ സോഷ്യലിസ്റ്റ് ആശയങ്ങിളില്‍ ആകൃഷ്ടനായാണ് അദ്ദേഹം രാഷട്രീയത്തിലേക്ക് കടന്ന് വന്നത്. 1966 മുതല്‍ 1967 വരെ അദ്ദേഹം മീററ്റ് കോളജിലെ വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷനായി പ്രവര്‍ത്തിച്ചു. 196869 വരെ അദ്ദേഹം ഇപ്പോള്‍ ചൗധരി ചരണ്‍ സിങ് സര്‍വകലാശാല എന്നറിയപ്പെടുന്ന അന്നത്തെ മീററ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷനായി.
1974ല്‍ അദ്ദേഹത്തെ ഉത്തര്‍പ്രദേശ് നിയമസഭാംഗമായി തെരഞ്ഞെടുത്തു. ബാഗ്പത് നിയമസഭ മണ്ഡലത്തില്‍ നിന്ന് ഭാരതീയ ക്രാന്തി ദള്‍ ടിക്കറ്റിലാണ് അദ്ദേഹം ജനവിധി തേടിയത്. അദ്ദേഹം പാര്‍ട്ടിയുടെ ചീഫ് വിപ്പായും അക്കാലത്ത് പ്രവര്‍ത്തിച്ചു. 1975ല്‍ പുതുതായി രൂപീകരിക്കപ്പെട്ട ലോക്ദളിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടിയായി അദ്ദേഹം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.
1980ല്‍ അദ്ദേഹത്തെ ലോക്ദള്‍ രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തു. 1984ല്‍ അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
1986ല്‍ അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജ്യസഭിലേക്ക് തെരഞ്ഞെടുപ്പെട്ടു. ഉത്തര്‍പ്രദേ് കോണ്‍ഗ്രസ് സമിതിയുടെ ജനറല്‍ സെക്രട്ടറിയായും നിയമിതനായി. 1987ല്‍ അദ്ദേഹം കോണ്‍ഗ്രസില്‍ നിന്നും രാജ്യസഭയില്‍ നിന്നും രാജി വച്ചു. ജന്‍മോര്‍ച്ച എന്നൊരു പാര്‍ട്ടിക്ക് അദ്ദേഹം രൂപം നല്‍കി. 1988ല്‍ ഇത് ജനതാദളുമായി ലയിച്ചു.
പിന്നീട് വി പി സിങിനൊപ്പം അദ്ദേഹം രാജ്യമെമ്പാടും നിരവധി പൊതുയോഗങ്ങളില്‍ പങ്കെടുത്തു. പിന്നീട് അദ്ദേഹം ജന ജാഗരണില്‍ ചേര്‍ന്നു. 1987 മുതല്‍ 91 വരെ അദ്ദേഹം ജനതാദളിന്റെ സെക്രട്ടറിയും വക്താവും ആയിരുന്നു.
1989ല്‍ അദ്ദേഹം അലിഗഡില്‍ നിന്ന് ജനതാദള്‍ ടിക്കറ്റില്‍ ലോക്‌സഭയിലെത്തി. 2004ല്‍ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു. ബാഘ്പത് ലോക്‌സഭസീറ്റില്‍ നിന്ന് ലോക്‌സഭയിലേക്ക് ജനവിധി തേടി.200506ല്‍ അദ്ദേഹം ഉത്തര്‍ പ്രദേശ് ബിജെപി ഘടകത്തിന്റെ ഉപാധ്യക്ഷനായി. 2009ല്‍ അദ്ദേഹം ബിജെപിയുടെ കിസാന്‍മോര്‍ച്ചയുടെ അഖിലേന്ത്യാ ചുമതലക്കാരനുമായി. 2012ല്‍ അദ്ദേഹം ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനായി. കാര്‍ഷിക വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രകടന പത്രിക ഉപസമിതി അധ്യക്ഷന്‍ അടക്കം നിരവധി പ്രധാനപദവികള്‍ 2014 തെരഞ്ഞെടുപ്പിന് മുമ്പ് വരെ വഹിച്ചു.പിന്നീട് അദ്ദേഹം വീണ്ടും ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനായി.
സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ
പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും അദ്ദേഹത്തിന്റെ സംസ്‌കാരം.
രാഹുലിന്റെ അനുശോചനം
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ഗാന്ധി അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. മാലിക്കിന്റെ വിയോഗ വാര്‍ത്ത ഏറെ ദുഃഖത്തോടെയാണ് അറിഞ്ഞതെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. അവസാന ശ്വാസം വരെയും നിര്‍ഭയമായി സത്യം വിളിച്ച് പറഞ്ഞിരുന്ന ആളാണ് അദ്ദേഹം. ജനകീയ താത്പ്യത്തിന്റെ വക്താവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും അനുയായികളുടെയും അഭ്യുദയകാക്ഷികളുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.
സ്റ്റാലിന്‍ അനുശോചിച്ചു
സത്യ പറയാന്‍ ഭയന്നിരുന്ന ഒരു സംവിധാനത്തില്‍ നിന്ന് നിര്‍ഭയമായി കാര്യങ്ങള്‍ പറഞ്ഞ് കൊണ്ട് ഉയര്‍ന്ന് വന്ന നേതാവാണ് സത്യപാല്‍ മാലിക് എന്ന് ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു. അദ്ദേഹത്തിന്റെ നിലപാടുകള്‍ വിരമിക്കലോടെ അവസാനിച്ചിരുന്നില്ലെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹം വഹിച്ചിരുന്ന പദവികളുടെ അടിസ്ഥാനത്തിലല്ല മറിച്ച് അദ്ദേഹം കൈക്കൊണ്ട നിലപാടുകളുടെ അടിസ്ഥാനത്തിലായിരിക്കും മാലിക്കിനെ ചരിത്രം അടയാളപ്പെടുത്തുക എന്നും സ്റ്റാലിന്‍ കുറിച്ചു.
മമതയുടെ അനുശോചനം
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയും മാലികിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു. സത്യങ്ങള്‍ വിളിച്ച് പറഞ്ഞ് കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നു മാലിക് എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നു. രാജ്യത്തെ കര്‍ഷകര്‍ക്ക് വേണ്ടി അദ്ദേഹം സധൈര്യം സംസാരിച്ചു. പുല്‍വാമ ആക്രമണത്തെക്കുറിച്ചും അദ്ദേഹം ചില അപ്രിയ സത്യങ്ങള്‍ വിളിച്ച് പറഞ്ഞു. അത്തരം ധൈര്യത്തെ നാം നമിക്കം. അദ്ദേഹത്തിന്റെ ആത്മവിന് നിത്യശാന്തി നേരുന്നുവെന്നും മമത കുറിച്ചു.
ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു
