മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ (എഫ്‌ഐഐ) പിന്‍മാറ്റം തുടരുന്നു. ഓഗസ്റ്റ് 1 ന് അവസാനിച്ച ആഴ്ചയില്‍ എഫ്‌ഐഐ പിന്‍വലിച്ച തുക 20,524.42 കോടി രൂപയിലെത്തിയപ്പോള്‍ ഒന്‍പത് ദിവസത്തില്‍ ഇത് 27,000 കോടി രൂപയും ജൂലൈയില്‍ 60,939.16 കോടി രൂപയുമാണ്.
അതേസമയം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (ഡിഐഐ)കഴിഞ്ഞയാഴ്ച 24,300.05 കോടി രൂപ ഇന്ത്യന്‍ ഇക്വിറ്റി വിപണിയിലേയ്‌ക്കൊഴുക്കി. ഇത് തുടര്‍ച്ചയായ 15ാമത്തെ ആഴ്ചയാണ് ഡിഐഐകള്‍ അറ്റ വാങ്ങല്‍കാരാകുന്നത്.
ഫ്യൂച്ചേഴ്‌സ് വിപണിയില്‍ എഫ്‌ഐഐകള്‍ റെക്കോര്‍ഡ് ബെയറിഷ് പൊസിഷനുകളാണ് സൃഷ്ടിച്ചത്. ഓഗസ്റ്റ് സീരീസിന്റെ തുടക്കത്തില്‍, സൂചിക ഫ്യൂച്ചറുകളിലെ അവരുടെ ലോംഗ്ടുഷോര്‍ട്ട് അനുപാതം 0.11 ആയി കുറഞ്ഞു – അതായത് അവരുടെ 90 ശതമാനം പൊസിഷനുകളും ഇപ്പോള്‍ ഷോര്‍ട്ട്‌സാണ് – 2023 മാര്‍ച്ച് 29 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചൈയ്യുന്നു.
ജനുവരിയിലെ 89 ശതമാനം നെറ്റ് ഷോര്‍ട്ടിനെ ഇത് മറികടക്കുന്നു. മോശം ഒന്നാംപാദ പ്രവര്‍ത്തന ഫലങ്ങളും ഡോളറിന്റെ മൂല്യം വര്‍ദ്ധിച്ചതും വ്യാപാര ഉടമ്പടികളിലെ അനിശ്ചിതത്വവുമാണ് എഫ്‌ഐഐ പിന്‍മാറ്റത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം തീരുവ ചുമത്തിയത് പണം പിന്‍വലിക്കലിന്റെ ആക്കം കൂട്ടി. ട്രംപ് തീരുവ പ്രഖ്യാപിക്കപ്പെട്ട വ്യാഴാഴ്ച അവര്‍ 5600 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്.
തീരുവ നിലവില്‍ വന്നത് ഒരു നിക്ഷേപ സ്ഥാനമെന്ന ഇന്ത്യയുടെ ആകര്‍ഷണീയത കുറച്ചതായി അവര്‍ കരുതുന്നു.