തട്ടിപ്പിന് തടയിടും: വിവാഹിതരായ ദമ്പതികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് നിയമങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി യുഎസ്

തട്ടിപ്പിന് തടയിടും: വിവാഹിതരായ ദമ്പതികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് നിയമങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി യുഎസ്


വാഷിംഗ്ടണ്‍: കുടുംബാധിഷ്ഠിത കുടിയേറ്റ വിസ അപേക്ഷകളുടെ സൂക്ഷ്മപരിശോധന കര്‍ശനമാക്കാന്‍ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ഒരുങ്ങുന്നു. വിസ നേടാനായി വ്യാജ വിവാഹങ്ങള്‍ വ്യാപകമായ സാഹചര്യത്തില്‍ ഇത് തടയാനായി യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. വ്യാജ വിവാഹങ്ങള്‍ തടയുക, യഥാര്‍ഥ ബന്ധങ്ങള്‍ ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് അധികൃതരുടെ നടപടി. കുടുംബാധിഷ്ഠിത കുടിയേറ്റം കൂടുതല്‍ ശക്തമാക്കുന്നതിലൂടെ അമേരിക്കന്‍ പൗരന്മാരെ സംരക്ഷിക്കാനും രാജ്യസുരക്ഷ ഉറപ്പാക്കാനും സാധിക്കുമെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് അറിയിച്ചു.

യുഎസില്‍ ഗ്രീന്‍ കാര്‍ഡ് അല്ലെങ്കില്‍ നിയമപരമായ സ്ഥിരതാമസ സ്റ്റാറ്റസിന് യഥാര്‍ഥ ബന്ധങ്ങളിലുള്ളവര്‍ അര്‍ഹരാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. വ്യാജ അപേക്ഷകള്‍ കുടുംബാധിഷ്ഠിത കുടിയേറ്റ വിസകളോടുള്ള വിശ്വാസം കുറയ്ക്കും. ഇത് അമേരിക്കയിലെ കുടുംബ ബന്ധങ്ങളെ തകര്‍ക്കും. അമേരിക്കക്കാരെ സുരക്ഷിതരാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. അപകടകാരികളായവരെ കണ്ടെത്തി പുറത്താക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഓഗസ്റ്റ് ഒന്നിന് പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുതിയ അപേക്ഷകള്‍ക്കും പഴയ അപേക്ഷകള്‍ക്കും ബാധകമാണ്. പുതിയ മാര്‍ഗനിര്‍ദേശപ്രകാരം അനുസരിച്ച്, വിദേശ പങ്കാളികളെ സ്‌പോണ്‍സര്‍ ചെയ്യുന്ന യുഎസ് പൗരന്മാര്‍ തങ്ങളുടെ ബന്ധം യഥാര്‍ഥമാണെന്ന് തെളിയിക്കുന്ന ശക്തമായ തെളിവുകള്‍ ഹാജരാക്കണം. വിവാഹം കഴിഞ്ഞവരുടെ ഫോട്ടോ, സാമ്പത്തിക രേഖകള്‍, സുഹൃത്തുക്കളുടെ കത്തുകള്‍ എന്നിവ നല്‍കണം. ദമ്പതികള്‍ നിര്‍ബന്ധമായും അഭിമുഖത്തിന് ഹാജരാകണം. പഴയ അപേക്ഷകള്‍ വീണ്ടും പരിശോധിക്കും. തെറ്റായ കുടിയേറ്റ രേഖകളോ ഒന്നിലധികം സ്‌പോണ്‍സര്‍ഷിപ്പുകളോ ഉണ്ടായാല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കോ നാടുകടത്തല്‍ നടപടികള്‍ക്കോ സാധ്യതയുണ്ട്.
വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ മുന്‍കാല പശ്ചാത്തലവും അധികൃതര്‍ പരിശോധിക്കും. എച്ച്1ബി വിസയില്‍ വന്ന ശേഷം വിവാഹം കഴിച്ചു ഗ്രീന്‍ കാര്‍ഡ് എടുക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ ശ്രദ്ധിക്കും. ഗ്രീന്‍ കാര്‍ഡ് കിട്ടിയാലും മറ്റു പ്രശ്‌നങ്ങളുണ്ടെങ്കില്‍ നാടുകടത്തും. ഒരു അപേക്ഷ അംഗീകരിച്ചാല്‍ മാത്രം ഒരാള്‍ക്ക് ഇവിടെ താമസിക്കാന്‍ അനുമതി കിട്ടില്ലെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് വ്യക്തമാക്കി.

വിവാഹബന്ധങ്ങള്‍ യഥാര്‍ഥമാണോ എന്ന് ഉറപ്പുവരുത്താന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സഹായിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അമേരിക്കന്‍ പൗരന്‍ ഇന്ത്യയില്‍ നിന്നുള്ള ഒരാളെ വിവാഹം കഴിച്ചാല്‍, ബന്ധം തെളിയിക്കുന്ന രേഖകള്‍ നല്‍കണം. സംശയം തോന്നിയാല്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിവാഹ തട്ടിപ്പുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ വര്‍ഷം മെയ് മാസത്തില്‍ ആകാശ് പ്രകാശ് മക്വാന എന്ന ഇന്ത്യന്‍ പൗരന്‍ വിവാഹ തട്ടിപ്പിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കുടിയേറ്റേതര വിസയായ ജെ 1 വിസയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടര്‍ന്ന ഇയാള്‍ യുഎസ് പൗരനുമായി വ്യാജ വിവാഹം നടത്തി. തുടര്‍ന്ന് വാടകരേഖകളും യൂട്ടിലിറ്റി ബില്ലുകളും കെട്ടിച്ചമച്ചു. പിന്നീട് ഗാര്‍ഹിക പീഡനം നേരിട്ടുവെന്ന വ്യാജ ആരോപണം ഉന്നയിച്ചു ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിക്കുകയായിരുന്നു.

ഇത്തരം സംഭവങ്ങള്‍ വ്യക്തിഗത വിവരങ്ങളുടെയും ബന്ധത്തിന്റെയും ആധികാരികത ഉറപ്പുവരുത്തുന്നതിനുള്ള ശക്തമായ പരിശോധനകളുടെ ആവശ്യകത എടുത്തു കാണിക്കുന്നുവെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് പറഞ്ഞു. വിവാഹ തട്ടിപ്പ് തെളിഞ്ഞാല്‍ തടവ് ശിക്ഷയും പിഴയും നാടുകടത്തലും ഉണ്ടാകാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഗ്രീന്‍ കാര്‍ഡ് നേടാനായി നടത്തുന്ന വിവാഹ തട്ടിപ്പുകള്‍ ഇങ്ങനെ
പണം വാങ്ങി ഒരു അമേരിക്കന്‍ പൗരന്‍, വിദേശ പൗരനെ വിവാഹം കഴിക്കുന്നത് തട്ടിപ്പുകളില്‍ ഒന്നാണ്. ഒരു അമേരിക്കന്‍ പൗരനും വിദേശ പൗരനും തമ്മില്‍ ഇടനിലക്കാരന്റെ സഹായത്തോടെ വ്യാജ രേഖകള്‍ ചമച്ച് സ്ഥിരതാമസ സ്റ്റാറ്റസ് നേടാന്‍ ശ്രമം നടത്തുന്നത് മറ്റൊന്ന്. വിദേശ പൗരന്‍ അമേരിക്കന്‍ പൗരനെ കബളിപ്പിച്ച് വിവാഹം കഴിക്കുന്നതും മറ്റൊരു തരത്തിലുള്ള തട്ടിപ്പാണ്.



തട്ടിപ്പിന് തടയിടും: വിവാഹിതരായ ദമ്പതികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് നിയമങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി യുഎസ്