ട്രംപിന്റെ താരിഫ് മുന്നറിയിപ്പ് ഇന്ത്യ നിരസിച്ചു

ട്രംപിന്റെ താരിഫ് മുന്നറിയിപ്പ് ഇന്ത്യ നിരസിച്ചു


ന്യൂഡല്‍ഹി: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ താരിഫ് മുന്നറിയിപ്പിനെ ഇന്ത്യന്‍ സര്‍ക്കാര്‍ നിരസിച്ചു. വിമര്‍ശനത്തെ 'ന്യായീകരിക്കാത്തതും യുക്തിരഹിതവും' എന്ന് വിശേഷിപ്പിച്ചു. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള തീരുമാനത്തെ ഇന്ത്യ ന്യായീകരിച്ചു. യുക്രെയ്‌നിലെ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള വിതരണത്തിലെ മാറ്റങ്ങള്‍ മൂലമുണ്ടായ ആവശ്യകതയാണിതെന്ന് ഇന്ത്യ അവകാശപ്പെട്ടു.

യുക്രെയ്ന്‍ സംഘര്‍ഷം ആരംഭിച്ചതിനുശേഷം റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്തതിന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഇന്ത്യയെ ലക്ഷ്യം വച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം എക്സില്‍ പറഞ്ഞു. വാസ്തവത്തില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പരമ്പരാഗത വിതരണങ്ങള്‍ യൂറോപ്പിലേക്ക് തിരിച്ചുവിട്ടതിനാലാണ് ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയതെന്നും ആഗോള ഊര്‍ജ്ജ വിപണി സ്ഥിരത ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയുടെ അത്തരം ഇറക്കുമതികളെ അന്ന് അമേരിക്ക സജീവമായി പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന വില നിലനിര്‍ത്തുന്നതിന് ഇത് അനിവാര്യമാണെന്നും ഇന്ത്യ വാദിച്ചു. ഇന്ത്യയെ വിമര്‍ശിക്കുന്ന രാജ്യങ്ങള്‍ റഷ്യയുമായി അവശ്യമല്ലാത്ത വസ്തുക്കള്‍ക്ക് വേണ്ടി വ്യാപാരം നടത്തുകയാണെന്ന് പറഞ്ഞുകൊണ്ട് പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പ് ന്യൂഡല്‍ഹി ചൂണ്ടിക്കാട്ടി.

ഇന്ത്യയെ വിമര്‍ശിക്കുന്ന രാജ്യങ്ങള്‍ തന്നെ റഷ്യയുമായി വ്യാപാരത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് ഇത് വെളിപ്പെടുത്തുന്നുവെന്നും തങ്ങളുടെ കാര്യത്തില്‍ നിന്ന് വ്യത്യസ്തമായി അത്തരം വ്യാപാരം  സുപ്രധാന ദേശീയ നിര്‍ബന്ധം പോലുമല്ലെന്നും പ്രസ്താവനയില്‍ ഇന്ത്യ പറഞ്ഞു.

സര്‍ക്കാര്‍ തങ്ങളുടെ അവകാശവാദത്തെ പിന്തുണയ്ക്കാന്‍ വ്യാപാര കണക്കുകള്‍ ഉദ്ധരിച്ചു. ഇന്ത്യയുടെ അഭിപ്രായത്തില്‍ 2024ല്‍ യൂറോപ്യന്‍ യൂണിയന്‍ റഷ്യയുമായി 67.5 ബില്യണ്‍ യൂറോയുടെ ചരക്ക് വ്യാപാരവും 2023ല്‍ 17.2 ബില്യണ്‍ യൂറോയുടെ സേവന വ്യാപാരവും നടത്തിയിട്ടുണ്ട്. ഇതേ കാലയളവില്‍ ഇന്ത്യ റഷ്യയുമായുള്ള വ്യാപാരത്തേക്കാള്‍ വളരെ കൂടുതലാണിത്. 2024ല്‍ എല്‍എന്‍ജിയുടെ യൂറോപ്യന്‍ ഇറക്കുമതി റെക്കോര്‍ഡ് 16.5 ദശലക്ഷം ടണ്ണിലെത്തിയെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

റഷ്യയുമായുള്ള യൂറോപ്പിന്റെ വ്യാപാരത്തില്‍ ഊര്‍ജ്ജം മാത്രമല്ല, വളങ്ങള്‍, ഖനന ഉത്പന്നങ്ങള്‍, യന്ത്രങ്ങള്‍, രാസവസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടി. അമേരിക്ക തങ്ങളുടെ ആണവ വ്യവസായത്തിനായി യുറേനിയം ഹെക്‌സാഫ്‌ളൂറൈഡ്, വൈദ്യുത വ്യവസായത്തിനായി പല്ലേഡിയം, വളങ്ങള്‍, അതുപോലെ രാസവസ്തുക്കള്‍ എന്നിവ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് തുടരുന്നു എന്ന് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ഈ പശ്ചാത്തലത്തില്‍, ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നത് അന്യായവും യുക്തിരഹിതവുമാണ്. ഏതൊരു പ്രധാന സമ്പദ്വ്യവസ്ഥയെയും പോലെ, ഇന്ത്യയും അതിന്റെ ദേശീയ താല്‍പ്പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും,'' വിദേശകാര്യ മന്ത്രാലയം ഉപസംഹരിച്ചു..