വാഷിംഗ്ടണ്‍: ഡസന്‍ കണക്കിന് വ്യാപാര പങ്കാളികള്‍ക്ക് മേല്‍ ചുമത്തിയ പരസ്പര താരിഫുകളെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച ന്യായീകരിച്ചു. ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ രാജ്യത്തേക്ക് വരുന്നതോടെ യു എസ് കടം വീട്ടാന്‍ പോകുകയാണെന്ന് പ്രസിഡന്റ് വ്യക്തമാക്കി.
'ഞങ്ങള്‍ കടം വീട്ടാന്‍ പോകുന്നു. ഞങ്ങള്‍ക്ക് ധാരാളം പണം വരുന്നുണ്ട് - രാജ്യം ഇതുവരെ കണ്ടിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ പണം. ഞങ്ങള്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളില്‍ ഒന്ന് കടം കുറയ്ക്കുക എന്നതാണ്. ഞങ്ങള്‍ ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്യണമായിരുന്നു. ചൈനയുമായുള്ള എന്റെ ആദ്യ കാലയളവിലാണ് ഞാന്‍ ഇത് ചെയ്തത്. കോവിഡ് ബാധിച്ചതിനാല്‍ ഞങ്ങള്‍ക്ക് ബാക്കിയുള്ളവയിലേക്ക് പോകാന്‍ കഴിഞ്ഞില്ല,' ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
'എവിടെയായിരുന്നാലും' പരസ്പര താരിഫുകള്‍ കാണണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഞാന്‍ ലിവറേജ് തേടുന്നില്ല, നീതിയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നമുക്ക് കഴിയുന്നിടത്തെല്ലാം, കഴിയുന്നത്രയും പരസ്പരമുള്ള സമീപനം കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. എനിക്ക് പറയാനുള്ളത് ഇത്രമാത്രം: നമ്മുടെ രാജ്യം നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ സമ്പാദിക്കും,' അദ്ദേഹം പറഞ്ഞു.
വൈറ്റ് ഹൗസില്‍ തിരിച്ചെത്തി ആറ് മാസത്തിനുള്ളില്‍ ട്രംപ് പഴയ ആഗോള സാമ്പത്തിക ക്രമം പൊളിച്ചുമാറ്റി ഏകപക്ഷീയമായ വ്യാപാര കരാറുകള്‍ക്ക് സമ്മതിക്കാത്ത രാജ്യങ്ങളെ ശിക്ഷിക്കാനും അങ്ങനെ ചെയ്യുന്ന രാജ്യങ്ങളില്‍ നിന്ന് വലിയ ഇളവുകള്‍ നേടിയെടുക്കാനും യു എസിന്റെ വലിയ സാമ്പത്തിക ശക്തി ഉപയോഗിച്ചു.
ഏപ്രില്‍ 2ന് വ്യാപാര കമ്മി നടത്തുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം വരെ 'പരസ്പര' നികുതികളും മറ്റെല്ലാ രാജ്യങ്ങള്‍ക്കും 10 ശതമാനം 'അടിസ്ഥാന' നികുതികളും യു എസ് പ്രഖ്യാപിച്ചു. വ്യാപാര കമ്മി ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കാന്‍ 1977ലെ നിയമം അദ്ദേഹം നടപ്പിലാക്കി.
69 വ്യാപാര പങ്കാളികള്‍ക്ക് ഉയര്‍ന്ന താരിഫുകള്‍ 10 ശതമാനം മുതല്‍ 41 ശതമാനം വരെയായിരുന്നു. സിറിയ- 41 ശതമാനം, കാനഡ- 35 ശതമാനം, ബ്രസീല്‍- 50, ഇന്ത്യ- 25, സ്വിറ്റ്‌സര്‍ലന്റ്- 39, തായ്വാന്‍- 20 ശതമാനം എന്നിങ്ങനെയാണ് ചില രാജ്യങ്ങളുടെ താരിഫ്. എന്നാല്‍ പാകിസ്താന് മേലുണ്ടായിരുന്ന 29 ശതമാനം 19 ശതമാനമായി കുറക്കുകയും ചെയ്തു.
