ന്യൂയോര്‍ക്ക്: അമേരിക്കന്‍ സ്‌റ്റേറ്റുകളില്‍ ഒന്നായ ഒഹായോയുടെ സോളിസിറ്റര്‍ ജനറലായി ഇന്ത്യന്‍ വംശജ മഥുര ശ്രീധരന്‍ നിയമിതയായി. സംസ്ഥാന, ഫെഡറല്‍ കോടതികളിലെ അപ്പീലുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉന്നത അഭിഭാഷക പദവിയില്‍ ആണ് മഥുര നിയമിതയായിരിക്കുന്നത്. ഒഹായോയുടെ സോളിസിറ്റര്‍ ജനറലായിരുന്ന എലിയറ്റ് ഗെയ്‌സറിനെ യുഎസ് നീതിന്യായ വകുപ്പിന്റെ നിയമ കൗണ്‍സിലില്‍ തലവനായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിയമിച്ചതോടെയാണ് മഥുര ശ്രീധരന്‍ സുപ്രധാന ചുമതലയിലേക്ക് എത്തുന്നത്. ഒഹായോയുടെ 12ാമത് സോളിസിറ്റര്‍ ജനറലായാണ് മഥുര ശ്രീധരന്റെ നിയമനം.
മഥുര ശ്രീധരന്റെ നിയമ പരിജ്ഞാനവും ഭരണഘടനാ ഗ്രാഹ്യവും ഒഹായോയുടെ സോളിസിറ്റര്‍ ജനറല്‍ പദവിയിലേക്ക് ഗുണം ചെയ്യുമെന്ന് നിയമനത്തിന് പിന്നാലെ അറ്റോര്‍ണി ജനറല്‍ ഡേവ് യോസ്റ്റ് പ്രതികരിച്ചു. ഒഹായോ നിവാസികളുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്നതിനായുള്ള ബഹുമതിയായി പദവിയെ കാണുന്നു എന്നാണ് നിയമനത്തിന് പിന്നാലെ മഥുര ശ്രീധരന്‍ നടത്തിയ പ്രതികരണം.
ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍, ഒഹായോയിലെ ടെന്‍ത്ത് അമെന്‍ഡ്‌മെന്റ് സെന്റര്‍ മേധാവി പദവികള്‍ വഹിക്കുന്നതിനിടെയാണ് മഥുര ശ്രീധരനെ തേടി പുതിയ ചുമതലയെത്തുന്നുത്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലോയില്‍ ഗവേഷക ബിരുദം. മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് & കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം. മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് & കമ്പ്യൂട്ടര്‍ സയന്‍സിലും ബിരുദാനന്തര ബിരുദം എന്നിവയാണ് മഥുരയുടെ വിദ്യാഭ്യാസ യോഗ്യതകള്‍.
സോളിസിറ്റര്‍ ഓഫീസിലെത്തും മുന്‍പ് യുഎസ് കോടതി ഓഫ് അപ്പീല്‍സിലെ (സെക്കന്‍ഡ് സര്‍ക്യൂട്ട്) ജഡ്ജി സ്റ്റീവന്‍ ജെ മെനാഷിയുടെയും യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലെ (സതേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് ന്യൂയോര്‍ക്ക്) ജഡ്ജി ഡെബോറ എ. ബാറ്റ്‌സിന്റെയും ഗുമസ്തയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കര്‍ണാടക സംഗീതത്തിലും പരിശീലനം നേടിയിട്ടുള്ള മഥുര ശ്രീധരന്‍ ചെന്നൈയില്‍ ഉള്‍പ്പെടെ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. അശ്വിന്‍ സുരേഷ് ആണ് പങ്കാളി.
അതേസമയം
മഥുര ശ്രീധരന്റെ നിയമനം ഇതിനോടകം വലിയ വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്. ഇന്ത്യന്‍ പാരമ്പര്യമുള്ള ഒരാള്‍ ഉന്നതമായ നിയമ പദവി വഹിക്കുന്നതിനെ എതിര്‍ത്ത് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. പൊട്ട് ധരിച്ച മഥുരയുടെ ഫോട്ടോയുള്‍പ്പെടെയാണ് വംശീയ, വിദ്വേഷ പ്രതികരണങ്ങള്‍ പ്രചരിക്കുന്നത്. മഥുരയുടെ നെറ്റിയിലെ പൊട്ട് അവര്‍ ക്രിസ്ത്യാനിയല്ലെന്ന് വ്യക്തമാക്കുന്നു, ഇത് ഭയമുണ്ടാക്കുന്ന വിഷയമാണെന്നുള്‍പ്പെടെ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയുടെ നിയമ പദവികള്‍ വിദേശികള്‍ക്ക് വിട്ടു കൊടുക്കുന്നു എന്നും, ഈ ജോലിക്ക് അമേരിക്കാരനായ ഒരാളെ കണ്ടെത്താന്‍ അധികാരികള്‍ക്ക് കഴിയുന്നില്ലേ എന്നതുള്‍പ്പെടെയാണ് പ്രതികരണങ്ങള്‍.
