അമേരിക്കയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി വര്‍ധിപ്പിച്ചെന്ന് ഇന്ത്യ

അമേരിക്കയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി വര്‍ധിപ്പിച്ചെന്ന് ഇന്ത്യ


ന്യൂഡല്‍ഹി : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെ ഇന്ത്യയുടെ യുഎസ് അസംസ്‌കൃത എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍. ഇന്ത്യയുടെ ഊര്‍ജ സംഭരണ തന്ത്രത്തിലെ ഒരു പ്രധാന മാറ്റത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നതെന്നും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇറക്കുമതി പകുതിയിലധികം വര്‍ധിച്ചു എന്നും വൃത്തങ്ങള്‍ പറഞ്ഞു.

ജനുവരി മുതല്‍ ജൂണ്‍ 25 വരെ കണക്കാക്കുമ്പോള്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയുടെ യുഎസ് ക്രൂഡ് ഓയില്‍ ഇറക്കുമതി 51 ശതമാനമാണ് വര്‍ധിച്ചതെന്ന് വൃത്തങ്ങള്‍ വ്യക്തമാക്കി. 2025 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 2024 നെ അപേക്ഷിച്ച് 114 ശതമാനം വര്‍ധനവാണ് കാണിക്കുന്നത്. 2024-25 ആദ്യ പാദത്തിലെ 1.73 ബില്യണ്‍ ഡോളറില്‍ നിന്ന് 2025-26 ലേക്ക് വരുമ്പോള്‍ ഇത് 3.7 ബില്യണ്‍ ഡോളറായി.

'2025 ജൂണിനെ അപേക്ഷിച്ച് 2025 ജൂലൈയില്‍ ഇന്ത്യ യുഎസില്‍ നിന്ന് 23 ശതമാനം കൂടുതല്‍ അസംസ്‌കൃത എണ്ണയാണ് ഇറക്കുമതി ചെയ്തത്. ഇന്ത്യയുടെ മൊത്തത്തിലുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതിയില്‍ യുഎസ് വിഹിതം മൂന്ന് ശതമാനമായിരുന്നു. എന്നാല്‍ ജൂലൈയില്‍ ഇത് എട്ട് ശതമാനമായി. കൂടാതെ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ അവരുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി 150 ശതമാനം വര്‍ധിപ്പിക്കും', വൃത്തങ്ങള്‍ പറഞ്ഞു.

അസംസ്‌കൃത എണ്ണക്ക് പുറമേ പെട്രോളിയം (L-P-G), പ്രകൃതിവാതകം (L-N-G) എന്നിവയുടെ ഇറക്കുമതിയും വര്‍ധിച്ചിട്ടുണ്ട്. 202425 സാമ്പത്തിക വര്‍ഷത്തില്‍ എല്‍എന്‍ജി ഇറക്കുമതി 2.46 ബില്യണ്‍ ഡോളറാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷത്തെ 1.41 ബില്യണ്‍ ഡോളറില്‍ നിന്ന് ഇരട്ടി വര്‍ധനവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.

'ഇന്ത്യയും അമേരിക്കയും പൊതുവായ താത്പര്യങ്ങള്‍ ജനാധിപത്യ മൂല്യങ്ങള്‍ എന്നിവയില്‍ പങ്കാളിത്തം പങ്കിടുന്നുണ്ട്. ഈ പങ്കാളിത്തം നിരനധി പരിവര്‍ത്തനങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചിട്ടുണ്ട്. നമ്മള്‍ ഇരു രാജ്യങ്ങളും കൃത്യമായ അജണ്ടയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകുമെന്ന് ഉറപ്പ് ഉണ്ട്' വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.