ഗാസയിലെ ഇസ്രായേലി ബന്ദികള്‍ക്ക് ഭക്ഷണവും വൈദ്യസഹായവും ഉറപ്പാക്കണമെന്ന് റെഡ് ക്രോസിനോട് നെതന്യാഹു

ഗാസയിലെ ഇസ്രായേലി ബന്ദികള്‍ക്ക് ഭക്ഷണവും വൈദ്യസഹായവും ഉറപ്പാക്കണമെന്ന് റെഡ് ക്രോസിനോട് നെതന്യാഹു


ജറുസലേം: ഗാസയില്‍ തടവിലാക്കപ്പെട്ട ഇസ്രായേലി ബന്ദികള്‍ക്ക് ഭക്ഷണവും വൈദ്യസഹായവും നല്‍കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിയോട് അഭ്യര്‍ഥിച്ചു. ഹമാസ് ലോകത്ത് 'പട്ടിണിയുടെ നുണ' പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഗാസയിലെ ഒരു തുരങ്കത്തില്‍ ഇസ്രായേലി പൗരന്‍ എവ്യാതര്‍ ഡേവിഡിനെ ബന്ദിയാക്കിയിരിക്കുന്നതിന്റെ വീഡിയോ ഹമാസ് പുറത്തുവിട്ടതിന് ശേഷമാണ് ഇസ്രായേല്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തിയത്. ഗാസയിലെ ഹമാസ് തുരങ്കങ്ങളില്‍ തങ്ങളുടെ മകനെ മനഃപൂര്‍വ്വം 'പട്ടിണികിടത്തി- ജീവനോടെ കുഴിച്ചിട്ട ഒരു അസ്ഥികൂടം' എന്ന് ഡേവിഡിന്റെ കുടുംബം പറഞ്ഞു.

മേഖലയിലെ റെഡ് ക്രോസ് പ്രതിനിധി സംഘത്തിന്റെ തലവനായ ജൂലിയന്‍ ലെറിസണുമായി സംസാരിക്കവെ, 'ക്രൂരമായ ശാരീരികവും മാനസികവുമായ പീഡനം അനുഭവിക്കുന്ന ബന്ദികളുടെ മേല്‍ യഥാര്‍ഥ പട്ടിണി അടിച്ചേല്‍പ്പിക്കുമ്പോള്‍, ഹമാസ് 'ലോകത്തിന് പട്ടിണിയുടെ ഒരു നുണ' പ്രചരിപ്പിക്കുകയാണെന്ന് നെതന്യാഹു ആരോപിച്ചു.

നാസി കുറ്റകൃത്യങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് മുന്നില്‍ ലോകത്തിന് നിസ്സംഗത പാലിക്കാന്‍ കഴിയില്ല എന്ന് അദ്ദേഹം പറഞ്ഞു.

ഹമാസിനെയും പാലസ്തീന്‍ ഇസ്ലാമിക് ജിഹാദിനെയും അപലപിക്കാന്‍ അന്താരാഷ്ട്ര സമിതിയോട് നെതന്യാഹു ആവശ്യപ്പെട്ടു. ഈ ഗ്രൂപ്പുകള്‍ക്കുള്ള എല്ലാ പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണയും നിര്‍ത്താന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി അവരോട് ആവശ്യപ്പെട്ടു, അവരുടെ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര നിയമത്തിന്റെയും ജനീവ കണ്‍വെന്‍ഷനുകളുടെയും വ്യക്തമായ ലംഘനമാണെന്ന് വാദിച്ചു.

ശനിയാഴ്ച ഡേവിഡിന്റെ കുടുംബം പറഞ്ഞത് അവരുടെ മകന് ഈ അവസ്ഥയില്‍ കുറച്ചു ദിവസങ്ങള്‍ മാത്രമേ ജീവിക്കാന്‍ കഴിയുകയുള്ളുവെന്നും  ഹമാസ് തങ്ങളുടെ മകന്‍ എവ്യാതറിനെ വെറുപ്പുളവാക്കുന്ന വിശപ്പ് പ്രചാരണത്തില്‍ ജീവനുള്ള പരീക്ഷണമായി ഉപയോഗിക്കുന്നുവെന്നുമാണ്. 

തങ്ങളുടെ പ്രിയപ്പെട്ട മകനെ ഈ അവസ്ഥയില്‍ കാണാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും എവ്യാതര്‍ ഡേവിഡിന്റെ കുടുംബം പറഞ്ഞു.

ഡേവിഡിന് ഭക്ഷണം ലഭിക്കുന്നുണ്ടെന്നും ഹമാസിന്റെ തടവില്‍ നിന്ന് മോചിപ്പിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കാന്‍ കുടുംബം ഇസ്രായേലിനോടും അന്താരാഷ്ട്ര സമൂഹത്തോടും ആവശ്യപ്പെട്ടു.