കമല ഹാരിസിന്റെ സീക്രട്ട് സര്‍വീസ് സംരക്ഷണം ട്രംപ് പിന്‍വലിച്ചു

കമല ഹാരിസിന്റെ സീക്രട്ട് സര്‍വീസ് സംരക്ഷണം ട്രംപ് പിന്‍വലിച്ചു


വാഷിംഗ്ടണ്‍: മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിനുള്ള സീക്രട്ട് സര്‍വീസ് സംരക്ഷണം പ്രസിഡന്റ് ട്രംപ് പിന്‍വലിച്ചതായി വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയും കമല ഹാരിസിന്റെ ഉപദേഷ്ടാവുമായ ഒരാള്‍ സ്ഥിരീകരിച്ചു.

സ്ഥാനമൊഴിഞ്ഞതിന് ശേഷം ഹാരിസിന് ആറ് മാസത്തെ സീക്രട്ട് സര്‍വീസ് സംരക്ഷണത്തിന് അര്‍ഹതയുണ്ടായിരുന്നു. വൈറ്റ് ഹൗസ് വിടുന്നതിന് മുമ്പ് മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആ കാലയളവ് ഒരു വര്‍ഷം കൂടി നീട്ടിയിരുന്നു. എന്നാല്‍ ട്രംപ് ഒരു മെമ്മോറാണ്ടത്തില്‍ ആ കാലാവധി നീട്ടിയത് റദ്ദാക്കിയതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഓഫീസ് വിട്ടതിനുശേഷം ലോസ് ഏഞ്ചല്‍സില്‍ താമസിക്കുന്ന ഹാരിസ് സെപ്റ്റംബര്‍ 23ന് പുറത്തിറങ്ങാനിരിക്കുന്ന തന്റെ ഓര്‍മ്മക്കുറിപ്പായ '107 ഡേയ്സ്' എന്ന പുസ്തകവുമായി ബന്ധപ്പെട്ട പര്യടനം ഉടന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഹാരിസിന്റെ ഭര്‍ത്താവ് ഡഗ് എംഹോഫിന് വാഷിംഗ്ടണ്‍ ഡി സി വിട്ട് ആറ് മാസത്തിന് ശേഷം ജൂലൈയില്‍ സീക്രട്ട് സര്‍വീസ് സംരക്ഷണം ഒഴിവാക്കിയിരുന്നു. 

മുന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍, മുന്‍ സഹായി ബ്രയാന്‍ ഹുക്ക് എന്നിവരുടെ സീക്രട്ട് സര്‍വീസ് സംരക്ഷണം ട്രംപ് മുമ്പ് പിന്‍വലിച്ചിരുന്നു. ബൈഡന്റെ മക്കളായ ഹണ്ടര്‍, ആഷ്ലി ബൈഡന്‍ എന്നിവരുടെ സംരക്ഷണവും അദ്ദേഹം പിന്‍വലിച്ചു.