ദുബായ്: കുഞ്ഞിന് ജന്മം നല്‍കി രണ്ട് മാസത്തിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെ ഭര്‍ത്താവിനെ വിവാഹമോചനം ചെയ്ത ദുബായ് രാജകുമാരി ഷെയ്ഖ മഹ്റയ്ക്ക് മൊറോക്കന്‍- അമേരിക്കന്‍ റാപ്പര്‍ ഫ്രഞ്ച് മൊണ്ടാനയുമായി വിവാഹനിശ്ചയം.
പാരീസ് ഫാഷന്‍ വീക്കിനിടെ ഇരുവരും തങ്ങളുടെ ബന്ധം ഔദ്യോഗികമാക്കിയതായി മൊണ്ടാനയുടെ വക്താവ് വെളിപ്പെടുത്തി. ടെയ്ലര്‍ സ്വിഫ്റ്റിന്റെയും ട്രാവിസ് കെല്‍സിന്റെയും വിവാഹനിശ്ചയം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് വിവാഹനിശ്ചയം ശ്രദ്ധ ആകര്‍ഷിച്ചത്. ദുബായ് ഭരണാധികാരിയും യു എ ഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകളാണ് മഹ്റ.
2024 അവസാനത്തോടെ ഷെയ്ഖ മഹ്റ ദുബായില്‍ റാപ്പറിന് ആതിഥേയത്വം വഹിക്കുകയും അവരുടെ അടുപ്പത്തെക്കുറിച്ച് സൂചന നല്‍കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടുകയും ചെയ്തപ്പോഴാണ് മൊണ്ടാനയുമായുള്ള ഷെയ്ഖ മഹ്റയുടെ ബന്ധത്തെക്കുറിച്ചുള്ള കിംവദന്തികള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. അതിനുശേഷം, ദുബായിലും മൊറോക്കോയിലും ഇവര്‍ പ്രത്യക്ഷപ്പെട്ടു. ഉയര്‍ന്ന നിലവാരമുള്ള റെസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുകയും സാംസ്‌കാരിക സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും പാരീസിലെ പോണ്ട് ഡെസ് ആര്‍ട്‌സ് പാലത്തിലൂടെ ഒരുമിച്ച് നടക്കുകയും ചെയ്തു. ഈ വര്‍ഷം ആദ്യം പാരീസില്‍ നടന്ന പ്രമുഖ ഫാഷന്‍ പരിപാടികളില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ഇരുവരും തങ്ങളുടെ ബന്ധം പരസ്യമാക്കിയത്. ഷെയ്ഖ മഹ്റയും മൊണ്ടാനയും ഇപ്പോള്‍ വിവാഹനിശ്ചയം കഴിഞ്ഞിട്ടുണ്ടെങ്കിലും മിഡില്‍ ഈസ്റ്റിലും യൂറോപ്പിലും സാധ്യമായ വിവാഹ വേദികള്‍ പരിഗണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.