തായ്‌ലന്‍ഡ് പ്രധാനമന്ത്രിയെ ഭരണഘടനാ കോടതി പുറത്താക്കി

തായ്‌ലന്‍ഡ് പ്രധാനമന്ത്രിയെ ഭരണഘടനാ കോടതി പുറത്താക്കി


ബാങ്കോക്ക്: തായ്ലന്‍ഡ് പ്രധാനമന്ത്രി പെയ്‌തോങ്തരണ്‍ ഷിനവത്രയെ ഭരണഘടനാ കോടതി പുറത്താക്കി. ധാര്‍മിക മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതോടെയാണ് കോടതി നടപടി.

കംബോഡിയയുടെ മുന്‍ പ്രധാനമന്ത്രി ഹുന്‍ സെന്നുമായുള്ള ഫോണ്‍ സംഭാഷണം ചോര്‍ന്നതിനു പിന്നാലെ ഷിനവത്രയെ ഭരണഘടനാ കോടതി സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്നാണ് പുറത്താക്കിയത്.

കംബോഡിയയുമായുള്ള അതിര്‍ത്തി തര്‍ക്കം കൈകാര്യം ചെയ്തതില്‍ വീഴ്ചയുണ്ടായെന്ന് കാട്ടി ഷിനവത്രക്കെതിരേ ജനരോഷം കനക്കുന്നതിനിടെയാണ് കോളിളക്കം സൃഷ്ടിച്ച് വിവാദ ഫോണ്‍സംഭാഷണം പുറത്തുവന്നത്. ഹുന്‍ സെന്‍ തന്നെയാണ് 17 മിനിറ്റുള്ള സ്വകാര്യ സംഭാഷണം ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്.

സംഭാഷണത്തിനിടെ ഹുന്‍ സെന്നിനെ 'അങ്കിള്‍' എന്നാണ് ഷിനവത്ര വിളിച്ചത്. അനന്തിരവളായി കണ്ട് അനുകമ്പ കാണിക്കണമെന്നാണ് പെയ്‌തോങ്തരണ്‍ പറഞ്ഞത്. പെയ്‌തോങ്തരണിന്‌റെ സംഭാഷണം രാജ്യത്തുടനീളം പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു.