വാഷിംഗ്ണ്‍: സെപ്റ്റംബറില്‍ നടക്കുന്ന യു എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലേക്ക് പോകാന്‍ പദ്ധതിയിടുന്ന മുതിര്‍ന്ന പാലസ്തീന്‍ ഉദ്യോഗസ്ഥര്‍ക്ക് വിസ നല്‍കില്ലെന്ന് ട്രംപ് ഭരണകൂടം അറിയിച്ചു. ഇതിനകം അനുവദിച്ച വിസകളും റദ്ദാക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.
പാലസ്തീനിനെ രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിക്കാന്‍ നിരവധി പാശ്ചാത്യ രാജ്യങ്ങള്‍ തയ്യാറെടുക്കുന്ന സമയത്ത് ഇത്തരം തീരുമാനം പാലസ്തീന്‍ അതോറിറ്റിക്കെതിരായ കടുത്ത നീക്കത്തെയാണ് സൂചിപ്പിക്കുന്നത്. യു എന്‍ സമ്മേളനത്തില്‍ പാലസ്തീന്‍ അംഗീകാരത്തെക്കുറിച്ച് ചൂടേറിയ ചര്‍ച്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ യു എസും ഇസ്രായേലും അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് വേറിട്ടുനില്‍ക്കുകയാണ്.
യു എസിന്റെ വിസ അനുവദിക്കാത്ത തീരുമാനം പാലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെയും പങ്കെടുക്കുന്നതില്‍ നിന്ന് തടയുമോ എന്ന് വ്യക്തമായിട്ടില്ല. അത്തരമൊരു നീക്കമുണ്ടായാല്‍ അത് അപൂര്‍വ്വമായ സംഭവമായിരിക്കും.
ആതിഥേയ രാജ്യ കരാര്‍ പ്രകാരം ന്യൂയോര്‍ക്കില്‍ നടക്കുന്ന അസംബ്ലിയില്‍ പങ്കെടുക്കാന്‍ എല്ലാ പ്രതിനിധികളെയും അനുവദിക്കാന്‍ യു എസ് ബാധ്യസ്ഥമാണ്.
വാഷിംഗ്ടണിന്റെ തീരുമാനത്തില്‍ 'അഗാധമായി ഖേദിക്കുന്നു' എന്നാണ് പാലസ്തീന്‍ പ്രസിഡന്‍സി പറഞ്ഞത്. ഇത് അന്താരാഷ്ട്ര നിയമത്തിനും യു എന്‍ ആസ്ഥാന കരാറിനും വിരുദ്ധമാണെന്നും പറഞ്ഞു. വിസ അനുവദിക്കില്ലെന്ന തീരുമാനം പുനഃപരിശോധിക്കാന്‍ യു എസിനോട് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 7ലെ ആക്രമണത്തെ അബ്ബാസ് അപലപിച്ചിരുന്നുവെന്നും നേതൃത്വം അതിനെ അപലപിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന വാദങ്ങള്‍ നിരാകരിച്ചതായും പാലസ്തീന്‍ ഉദ്യോഗസ്ഥര്‍ വാദിച്ചു.
ഭീകരതയെ നിരന്തരം അപലപിക്കുന്നതില്‍ പാലസ്തീന്‍ അതോറിറ്റി പരാജയപ്പെട്ടതിന്റെയും സ്‌കൂളുകളിലെ പ്രകോപനപരമായ പ്രവര്‍ത്തനങ്ങളുടെയും അന്താരാഷ്ട്ര അംഗീകാരത്തിനായുള്ള ലോബിയുടെയും അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ പ്രോസിക്യൂട്ട് ചെയ്യാനുള്ള ശ്രമങ്ങള്‍ ഉള്‍പ്പെടെ ഇസ്രായേലിനെതിരായ പാലസ്തീന്‍ നിയമ ശ്രമങ്ങളെയും ചൂണ്ടിക്കാട്ടി.
യു എന്‍ ആസ്ഥാന കരാര്‍ പ്രകാരം യു എന്നിലേക്കുള്ള പി എ ദൗത്യത്തിന് ഇളവുകള്‍ ലഭിക്കും. പി എ/ പി എല്‍ ഒ അവരുടെ കടമകള്‍ നിറവേറ്റുകയും ഇസ്രായേല്‍ രാഷ്ട്രവുമായി വിട്ടുവീഴ്ചയുടെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും പാതയിലേക്ക് മടങ്ങുന്നതിന് നടപടികള്‍ സ്വീകരിച്ചാല്‍ പുനഃസ്ഥാപനത്തിന് യു എസ് തയ്യാറാണെന്ന് യു എസ് പ്രസതാവനയില്‍ കുറിച്ചു.
യു എന്നില്‍ പാലസ്തീന്‍ പങ്കാളിത്തത്തിനെതിരെ വാഷിംഗ്ടണ്‍ നീങ്ങുന്നത് ഇതാദ്യമല്ല. 1980കളില്‍, പിഎല്‍ഒ നേതാവ് യാസര്‍ അറഫാത്തിന് യു എസ് വിസ നിഷേധിച്ചതിനാല്‍ അസംബ്ലി ജനീവയിലേക്ക് മാറ്റേണ്ടി വന്നിരുന്നു.
റദ്ദാക്കിയ വിസകളെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും യു എന്‍ സെക്രട്ടറി ജനറലിന്റെ ഓഫീസുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും പാലസ്തീന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.